ADVERTISEMENT

കിരൺ ഓടിക്കുന്ന കാറിനെ കുറെ നേരമായി ആരോ പിന്തുടരുന്നുണ്ട്. നന്ദൻ അതു ശ്രദ്ധിച്ചു. രാത്രിയാണ്. മീനും കൊത്തിയെടുത്ത് കുളത്തിൽ നിന്നു ചാട്ടുളി പോലെ പൊങ്ങി വരുന്ന പൊന്മാനുകളെപ്പോലെ ചില മീൻ ലോറികൾ ഇടയ്ക്കു വന്ന് അപ്രത്യക്ഷമാകുന്നതൊഴിച്ചാൽ ഹൈവേ വിജനമാണ്. കുറെ നേരം ജോലി ചെയ്തു മടുപ്പു വരുമ്പോൾ രാത്രിയിൽ കാറുമെടുത്ത് ഒരു കറക്കം കോവിഡ് കാലമായതോടെ കിരണിന്റെ ഹോബിയാണ്. നൈറ്റ് ഡ്രൈവിങ് അയാൾക്ക് വീട്ടുമുറ്റത്ത് സൈക്കിളോടിക്കുന്നതുപോലെ അലസവും ഉന്മേഷപ്രദവുമാണ്. ഒരുപാട് നിയമങ്ങൾ അനുസരിക്കേണ്ടി വരുന്ന ഇടങ്ങളിൽ അൽപം ഫ്രീഡം കാണിക്കാൻ അവസരം കിട്ടിയാലുള്ള ഉന്മേഷത്തിൽ അയാൾ റോഡിനു നടുവിലെ വെള്ള വരകളിലൂടെ കാറോടിച്ചു കൊണ്ടേയിരുന്നു.

കിരണിന്റെ കൂടെ കാറിൽ അയാളുടെ അച്ഛൻ നന്ദനും അമ്മ ഡോ. പാർവതിയുമുണ്ട്. നന്ദൻ ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത് വണ്ടികളുടെ ലോൺ സംബന്ധിച്ച് കൺസൾട്ടൻസി നടത്തുന്നു. പാർവതി പ്രാക്ടീസിങ് സൈക്യാട്രിസ്റ്റാണ്. കുറെ നേരമായി നന്ദൻ ശ്രദ്ധിക്കുന്നു, ആ ബൈക്ക് വിടാതെ പിന്നാലെയുണ്ട്. ഇപ്പോളത് കിരണിന്റെ കാറിനൊപ്പം തുല്യം തുല്യം ഓടിക്കൊണ്ടിരിക്കുന്നു. കിരണാവട്ടെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തോടെ ഒരു കൈ മാത്രം സ്റ്റിയറിങ്ങിൽ വച്ചിട്ട് കൂളായി ഡ്രൈവ് ചെയ്യുകയാണ്.

മെല‍ിഞ്ഞ ഒരു ചെറുപ്പക്കാരനാണ് ബൈക്ക് ഓടിക്കുന്നതെന്ന് നന്ദനു തോന്നി. ഹെൽമെറ്റിലും കറുത്ത ലെതർ ജാക്കറ്റിലുമൊക്കെ പൊതിഞ്ഞിരിക്കുകയാണ്. ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. നന്ദൻ പറഞ്ഞു. അയാളെ കയറ്റി വിട്. രാത്രിയിലെ ബൈക്ക് റൈഡേഴ്സ് അപകടകാരികളാണ്. കിരൺ സ്പീഡ് കുറച്ചെങ്കിലും ബൈക്ക് മുന്നിൽ കയറി പോകുന്നില്ല. ഒരു സംഗീത ഉപകരണത്തിലെ രണ്ടു കട്ടകൾ പോലെ, ഒരേ വേഗത്തിലും താളത്തിലും ശബ്ദത്തിലും രണ്ടു വാഹനങ്ങൾ ഹൈവേയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് ഒരു ലോറി വന്നപ്പോൾ ബൈക്ക് അതിവേഗം കിരണിന്റെ മുന്നിൽ കയറി. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ നന്ദൻ ശ്രദ്ധിച്ചു.പശ്ചിമബംഗാൾ റജിസ്ട്രേഷനാണ്. ഇത്തരം സാഹചര്യങ്ങളിൽ യുങ്ങിന്റെയോ ആൽബെർട് കാമുവിന്റെയോ കേരള പൊലീസിന്റെയോ ചില നിരീക്ഷണങ്ങളുമായി രംഗത്തു വരാറുള്ള ഡോ. പാർവതി ഒന്നും മിണ്ടാത്തതിലാണ് നന്ദന് അദ്ഭുതം. അതു മനസിലാക്കി പാർവതി പറഞ്ഞു. വഴിമാറിക്കൊടുത്താലും ഓവർടേക് ചെയ്യാത്ത വാഹനങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്. അത് നമ്മുടെ വണ്ടിയുടെ ‍ഡ്രൈവർ മനസിലാക്കുന്നതു നല്ലതാണ്! നന്ദന് അതുകേട്ട് ദേഷ്യം വന്നു... കിരൺ, ഈ കളി അപകടമാണ്. വണ്ടി നിർത്ത്.. അയാളോടു സംസാരിച്ചിട്ടു മതി ബാക്കി.

പാർവതി പറഞ്ഞു.. വെറുതെ വഴക്കിനു പോകണ്ടാ, അതു നമ്മൾ പ്രതീക്ഷിക്കുന്ന ആളല്ലെങ്കിലോ.. ! നമ്മൾ സ്പീഡിൽ പോയാൽപ്പോരേ.. സ്പീഡ് മോഡിലേക്കു മാറ്റി കിരൺ കാർ കുതിപ്പിച്ചു. അതേ കുതിപ്പ് ബൈക്കും ഏറ്റെടുത്തു. ഒപ്പത്തിനൊപ്പം നിന്നും മുന്നിൽ കയറാൻ ശ്രമിച്ചും അവർ വാശിയോടെ മൽസരിക്കാൻ തുടങ്ങി. ദൃശ്യം 2 കണ്ടതിൽപ്പിന്നെ അപ്രതീക്ഷിതമായ അപകടങ്ങളെപ്പറ്റി വല്ലാത്ത ആശങ്കകളുണ്ട് നന്ദന്, പ്രത്യേകിച്ച് റോഡിൽ. അക്കാര്യത്തിൽ അയാൾ വളരെ ജാഗരൂകനുമാണ്.

സ്റ്റോപ്പ് ദ് കാർ എന്ന് നന്ദന്റെ ശബ്ദമുയർന്നു. കാർ നിന്നു. ഒപ്പത്തിനൊപ്പം അയാൾ ബൈക്കും നിർത്തി. നന്ദൻ ചാടിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്ന ചെറുപ്പക്കാരന്റെ അടുത്തു ചെന്ന് ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചിട്ടു ചോദിച്ചു: നീ ആരാ? എന്താ നിന്റെ ലക്ഷ്യം? അയാൾ ഒന്നും മിണ്ടുന്നില്ല. ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ എന്താണ് ശിക്ഷ എന്ന് അറിയാമോ?‌ രണ്ടാമത്തെ ചോദ്യത്തിനും ഉത്തരം കിട്ടിയില്ലെങ്കിൽ നന്ദൻ വയലന്റാകുമെന്ന് പാർവതിക്കറിയാം. അത് ഒഴിവാക്കാൻ പാർവതിയും കിരണും കാറിൽ നിന്നിറങ്ങി. പാർവതി പറഞ്ഞു. ഹെൽമെറ്റ് മാറ്റൂ..

ബൈക്ക് ഓടിച്ചിരുന്നയാൾ അനുസരണയോടെ ഹെൽമെറ്റ് ഊരി. അതൊരു പെൺകുട്ടിയായിരുന്നു! ചോന്നുള്ളിയുടെ നിറമുള്ള ഒരു കൊലുന്ന പെൺകുട്ടി. കിരൺ പറഞ്ഞു.. ഡാഡ്, ഇത് അരുണിമ മുഖർജി. എന്റെ കൊളീഗ് ആണ്. കൊൽക്കട്ടയിലാണ് വീട്. സൂപ്പർ ബൈക്കറാണ്. ഇവളാണ് ഫോളോ ചെയ്യുന്നതെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടല്ലേ ഞാൻ വാശി കാണിക്കാതിരുന്നത്.

കിരൺ വാശി കാണിച്ചാലും കാര്യമില്ല. യു കാണ്ട് ബീറ്റ് മീ..: അരുണിമയുടെ ശബ്ദം ആദ്യമായി പുറത്തു കേട്ടു.
കിരൺ കാറിന്റെ കീ നന്ദന്റെ കൈയിൽ ഏൽപ്പിച്ചതും അരുണിമയുടെ ബൈക്കിന്റെ പിന്നിൽ കയറിയതും പെട്ടെന്നായിരുന്നു.. ‍‍ഡാഡ്, ഫോളോ മീ, എംജി റോഡിലെ പൈയുടെ തട്ടുകടയിൽ വച്ചുകാണാം. ലൈംടീ തണുക്കുന്നതിനു മുമ്പ് അങ്ങ് എത്തിയേക്കണേ..ബൈക്ക് പാഞ്ഞുപോയി. നന്ദൻ ഭാര്യയുടെ നേരെ നോക്കി. ഒരു സൈക്യാട്രിസ്റ്റിനു മാത്രം വായിച്ചു മനസ്സിലാക്കാവുന്ന പല അർഥങ്ങളുള്ള ഒരു ചെറിയ ചിരി അവരുടെ മുഖത്ത് അയാൾ കണ്ടു.

അയാൾ ചോദിച്ചു.. ഇപ്പോൾ നടന്നതിനെപ്പറ്റിയൊക്കെ എന്താ ഡോക്ടറുടെ അഭിപ്രായം? അതൊക്കെ പിന്നെ ചർച്ച ചെയ്യാം. തൽക്കാലം കീ ഇങ്ങു തന്നിട്ട് സീറ്റ് ബെൽറ്റ് ഇട്ട് സമാധാനമായി ഇരുന്നോളൂ. വണ്ടി ഞാനോടിക്കാം എന്നു പറഞ്ഞ് ഡോ. പാർവതി ഡ്രൈവിങ് സീറ്റിൽ കയറി. പാ‍ഞ്ഞുപോയ ബൈക്കിന്റെ ശബ്ദം ദൂരെ നിന്ന് തിരിച്ചോടി വന്ന് അവരെ ക്ഷണിക്കാൻ തുടങ്ങി. കാർ മുന്നോട്ടെടുക്കുമ്പോൾ പാർവതി നന്ദനോടു പറഞ്ഞു.. മാനേജർ സാർ ആ ബൈക്കിന്റെ ശബ്ദം ശ്രദ്ധിച്ചോ, ഹൃദയമിടിക്കുന്ന ശബ്ദം പോലെ..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com