ADVERTISEMENT

സാറ കുര്യൻ പൻവേലിന്റെ ആഗ്രഹം കേട്ട് പൈലറ്റ് രഞ്ജിത് മാൻസിങ്  പറഞ്ഞു: സാറാ, സിനിമയിലാണെങ്കിൽ ഇക്കാര്യം നടക്കാൻ എളുപ്പമാണ്. സാറയ്ക്ക് അതു പോരാ. ജീവിതത്തിൽ തന്നെ നടക്കണം, അഥവാ ഓടണം ! വിമാനത്താവളത്തിലെ റൺവേയിലൂടെ ട്രാക്ക് സ്യൂട്ട് ധരിച്ച് ഓടണം. അതാണ് സാറ കുര്യൻ പൻവേലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. വെറുതെ ഓടിയാൽപ്പോരാ, തൊട്ടുപിന്നാലെ ഒരു വിമാനവും വേണം. ബോയിങ് 777 പോലെ ഒരു ഭീമൻ വിമാനം !

മുംബൈയിലാണ് സാറ പഠിച്ചതും വളർന്നതും. കോലഞ്ചേരിയിലാണ് തറവാട്. കവർ സോങ് പാടുന്നതും യാത്രകളുമാണ് ഹോബി. 

 

മുംബൈയിൽ നിന്ന് രാത്രിവിമാനത്തിൽ നെടുമ്പാശേരിയിൽ വന്നിറങ്ങുമ്പോൾ പതിവായി കാണാറുള്ള കാഴ്ചയാണ് സാറയെ മോഹിപ്പിച്ചത്. ഉത്തരേന്ത്യയിലെ വഴികൾ ദീപാവലിക്ക് തിളങ്ങുന്നതുപോലെ ഇരുവശവും വിളക്കുകൾ കൊളുത്തി വച്ച നീളൻ റൺവേ. പറന്നു ചിറകു തളർന്നു വരുന്ന വിമാനത്തിന് വിശ്രമിക്കാൻ അൽപം മുമ്പ് ആരോ നീട്ടി വിരിച്ച പരവതാനി പോലെ! സാറ തന്റെ ആഗ്രഹം ആദ്യം  പറഞ്ഞത് ഒരു വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോടാണ്. പാസഞ്ചർ എന്ത് ചോദിച്ചാലും നോ എന്ന് ഉത്തരം പറയരുതെന്നാണ് എയർഹോസ്റ്റസുമാർക്കു കിട്ടിയ പരിശീലനം.  അവർ അവളെ പൈലറ്റിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോയി.

 

പൈലറ്റ് രഞ്ജിത് മാൻസിങ് അവളോടു പറഞ്ഞു: ഇതിനു മുമ്പ് ഇതുപോലെ ഒരു ആഗ്രഹവുമായി എന്റെ അടുത്തു വന്നത് നാലുവയസ്സുള്ള ഒരു പെൺകുട്ടിയാണ്. വിമാനത്തിന്റെ വാതിൽ തുറന്നു തരാമോ പൈലറ്റങ്കിൾ, എനിക്ക് മേഘങ്ങളുടെ മുകളിലേക്ക് ചാടാൻ കൊതി തോന്നുന്നു എന്ന്... പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കുന്നത് നിയമവിരുദ്ധമാണ് കുട്ടീ എന്നൊരു ഉത്തരം ഞാൻ കൊടുത്തേനെ. അതിനു മുമ്പ് കുട്ടിയുടെ മുത്തച്ഛൻ കവിത തുളുമ്പുന്ന ഹിന്ദിയിൽ അവളോടു പറഞ്ഞു... ആപ് ബഡീ ഹോ ജാവോ പ്യാരീ ബച്ചീ, തബ് ആസ്മാൻ കെ ദർവാസെ ഹം ആപ്കേലിയേ ഖോൽ ദേംഗെ... (വളർന്നു വലുതാകൂ കുഞ്ഞേ, നിനക്ക് അന്നു ഞാൻ ആകാശത്തിന്റെ വാതിൽ ഉറപ്പായും തുറന്നു തരും.)

 

പെൺകുട്ടിയുടെ പേര് ആരാധ്യ. ഐശ്വര്യാ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ. ആ വിമാനത്തിൽ അമിതാഭ് ബച്ചനും ജയയും ഉൾപ്പെടെ ബച്ചൻ കുടുംബത്തിലെ എല്ലാവരും ഉണ്ടായിരുന്നു.  രഞ്ജിത് മാൻസിങ് പറഞ്ഞു... അന്ന് അമിതാഭ് ബച്ചൻ സാറുമായി കുറെ സമയം സംസാരിക്കാൻ എനിക്ക് അവസരം കിട്ടി.  അദ്ദേഹം എന്നോടു പറഞ്ഞു... അമ്മ വിരിച്ചിട്ട കിടക്കയിലേക്ക് ഒരു കുഞ്ഞ് ഓടിവന്നു ചാടുന്നതുപോലെ വേണം വിമാനങ്ങൾ റൺവേയിലേക്ക് പറന്നിറങ്ങാൻ. പാസഞ്ചർക്ക് അത്രയും സുരക്ഷിതത്വം തോന്നണം.

 

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ, പ്രശസ്തനായ ഒരു പൈലറ്റിന്റെ വാക്കുകളായിരുന്നു അതെന്നും പറഞ്ഞു. ആരായിരിക്കും ആ പൈലറ്റ് ? അതു മാത്രം ബച്ചൻ സാർ പറഞ്ഞില്ല. രാജീവ് ഗാന്ധി ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.  കഥയൊക്കെ പറഞ്ഞിട്ട് പൈലറ്റ് സാറയോടു പറഞ്ഞു...  രണ്ടര മുതൽ നാലു കിലോമീറ്റർ വരെയാണു  റൺവേകളുടെ ശരാശരി നീളം. അത്രയും ദൂരം ഓടാൻ സാറയ്ക്കു കഴിഞ്ഞേക്കും. പക്ഷേ, ടേക് ഓഫ് ചെയ്യാൻ ശ്രമിക്കുന്ന വിമാനം ചങ്ങലയഴിച്ചു വിട്ട കൊടുങ്കാറ്റു പോലെയാണ്. മണിക്കൂറിൽ 240 മുതൽ 285 കിലോമീറ്റർ വരെയാണ് അതിന്റെ വേഗം. ഓടി വരുന്ന വിമാനത്തിന്റെ മുന്നിൽ ഓടുക അസാധ്യമാണ്. ഒട്ടും റിയലിസ്റ്റിക്കല്ല സാറയുടെ ആഗ്രഹം ! 

 

സാറ പറഞ്ഞു... യാഥാർഥ്യ ബോധത്തോടെ മോഹിക്കുന്നതിൽ എന്താണൊരു ത്രിൽ ? മറ്റാരും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യണം. അതാണ് ലോകത്ത് എല്ലാ പെൺകുട്ടികളുടെയും ഉള്ളിലുള്ള മോഹം. പലരും പുറത്തു പറയാറില്ലെന്നേയുള്ളൂ.  ബച്ചൻ സാർ ഇനി എന്നാണ് അങ്ങയുടെ വിമാനത്തിൽ കയറാനെത്തുക ? അദ്ദേഹത്തെ ഒന്നു കാണണമെന്നുണ്ട്. പൈലറ്റ് ഒന്നും മിണ്ടിയില്ല. സാറ പറഞ്ഞു... നടക്കില്ലെന്നു പറഞ്ഞാലും ഈ വർഷം ഞാൻ കാണാൻ ശ്രമിക്കും. എന്റെ ആഗ്രഹത്തെപ്പറ്റി പറയും. ഒരു പെൺകുട്ടി വിചാരിച്ചാൽ അസാധ്യമായി ഒന്നുമില്ല.

 

English Summay: Coffee Brake Amitabh Bachchan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com