ADVERTISEMENT

മഴ പെയ്തപ്പോൾ ആരോ അഴിച്ചെറിഞ്ഞ് ഓടിപ്പോയ കറുത്ത ചേല പോലെ രാത്രിയിലെ റോഡ്. സ്ഥലമേതെന്ന് അറിയാനുള്ള സൂചനകളൊന്നും കാണാനില്ല. ഉസിലംപെട്ടി കഴിഞ്ഞിട്ട് അരമണിക്കൂർ. ജലദോഷത്തിനു പറ്റിയ മഴ മൂക്കു പിഴി‍ഞ്ഞും തുമ്മിയും പുറത്തു നിൽക്കുന്നുണ്ടായിരുന്നു. 

 

ചെന്നൈയിൽ നിന്ന് തിരിച്ചു വരികയായിരുന്നു ജ്യോതിഷും അരുന്ധതിയും. കാർ ഓടിച്ചിരുന്നത് അരുന്ധതി. ഡാഷ് ബോർഡിനു മുകളിലേക്ക് അലസമായി കാൽ കയറ്റി വച്ച് വെള്ള സോക്സിട്ട പാദങ്ങളെ ഡാൻസ് കളിപ്പിച്ച് അരുന്ധതിയെ കുശുമ്പു പിടിപ്പിക്കുകയായിരുന്നു ജ്യോതിഷ്. കുറെ നേരമായി അവൾ ഡ്രൈവ് ചെയ്യാൻ തുടങ്ങിയിട്ട്.  ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കു വരികയാണ്. പിൻസീറ്റിൽ ഏക മകൻ ചിമനും ഒരു നായക്കുട്ടിപ്പാവയും ചേർന്നു കിടന്നുറങ്ങുന്നുണ്ട്. ചിമന് നാലു വയസ്സ്.  നായക്കുട്ടിപ്പാവയ്ക്ക് ആറു മാസം.

 

പെട്ടെന്നാണ് റോഡിലൊരു കൂട്ടം കണ്ടത്. പഞ്ചസാരത്തരികളുടെ മുകളിലേക്ക് ചൂടുവെള്ളം വീണപ്പോൾ ചിതറിപ്പോയ  ഉറുമ്പുകളെപ്പോലെ ആളുകൾ റോഡിൽ നെടുകെയും കുറുകെയും ഓടാൻ തുടങ്ങുന്നു. അടുത്തു ചെല്ലുമ്പോൾ മനസ്സിലാകുന്നു അതൊരു വാഹനാപകടമാണ്. തൊട്ടു മുന്നിൽ നിർത്തിയ വാഹനത്തിന്റെ ബ്രേക്ക് ലൈറ്റിനോടു ചേർന്ന് അരുന്ധതിയുടെ വാഹനവും നിന്നു.

 

അൽപം മുമ്പ് സ്കൂട്ടർ മറിഞ്ഞതാണ്. പൊലീസ് എത്തിയിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർ ആരെയൊക്കെയോ എടുത്തു കൊണ്ടു വന്ന് മുന്നിലുള്ള കാറിൽ കയറ്റുന്നു. ജ്യോതിഷ് ചില്ലു താഴ്ത്തി പുറത്തേക്കു നോക്കിയിട്ടു പറഞ്ഞു... വലിയ അപകടമാണെന്നു തോന്നുന്നു. രണ്ടാളുകളുണ്ട്. ഒരു സ്ത്രീയും പുരുഷനും. പെട്ടെന്ന് രണ്ടു പേർ കാറിനടുത്തേക്ക് ഓടിവന്നു.  താഴ്ത്തിയ ചില്ലിലൂടെ ഒരു കുട്ടിയെ ജ്യോതിഷിന്റെ മടിയിലേക്ക് ഇരുത്തിയിട്ടു പറഞ്ഞു...  ഇവന്റെ അപ്പാവും അമ്മാവുമായിരുന്നു ആ മോപ്പെഡിൽ. രണ്ടാളും ഇറന്തുപോയാച്ച്. ഞങ്ങൾ അവരെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയാണ്. നിങ്ങൾ ഈ കുഞ്ഞുമായി മുന്നിലെ വണ്ടിയുടെ പിന്നാലെ വരണം. ശീഘ്രം.

 

അവർ തിരിച്ചോടി.  ജ്യോതിഷ് മടിയിലിരിക്കുന്ന കുഞ്ഞിനെ നോക്കി. ഒരു വയസ്സുണ്ടാകും പ്രായം. ടിഷർട്ടും നിക്കറുമാണ് വേഷം. ആൺകുട്ടിയോ പെൺകുട്ടിയോ എന്ന് വേഷം കണ്ടാൽ മനസ്സിലാവില്ല. മഴയത്തു വീണിട്ട് ഉടുപ്പൊക്കെ ആകെ നനഞ്ഞു കുതിർന്നിട്ടുണ്ട്. എന്താണെന്നറിയില്ല, ആ കുഞ്ഞ് കരയുന്നില്ല. അപകടത്തിൽപ്പെട്ടവരുമായി മുന്നിലെ വണ്ടി ഹോണടിച്ചു പാഞ്ഞതിന്റെ ശൂന്യതയിൽ അരുന്ധതി സ്വയം സ്റ്റക്കായി. അവളുടെ കാർ സ്റ്റാർട്ടാകാൻ മടിച്ചു.  മുന്നിലെ വണ്ടിയുടെ രണ്ടു ചുവന്ന പാടുകൾ ഇരുളിൽ അകന്നു പോകുന്നു. 

 

ജ്യോതിഷ് പെട്ടെന്ന് യാഥാർഥ്യ ബോധത്തിലേക്കു വീണു. ഈ കു‍ഞ്ഞിന്റെ മാതാപിതാക്കൾ അൽപം മുമ്പുണ്ടായ അപകടത്തിൽ മരിച്ചു. അവരെയും കയറ്റിപ്പോയ കാർ ദൂരെയെത്തിക്കഴിഞ്ഞു.  കുഞ്ഞിനെ അരുന്ധതിയുടെ കൈയിലേൽപ്പിച്ചിട്ട് ജ്യോതിഷ് വണ്ടിക്കുള്ളിലൂടെത്തന്നെ ഡ്രൈവിങ് സീറ്റിലേക്കു മാറി. കാർ വേഗം മുന്നോട്ടെടുത്തു. റോഡിലെ ആളൊഴി‌യുന്നു. സംശയം ചോദിക്കാൻ പോലും ആരുമില്ല.  എത്ര വേഗമാണ് റോഡുകൾ അപകടങ്ങൾ മറക്കുന്നത്. തുണിയിലെ കറ കഴുകി വിരിച്ചിട്ടതു പോലെ റോഡ് വീണ്ടും പഴയ പടി.അരുന്ധതി ചോദിച്ചു... എന്തു ചെയ്യും നമ്മൾ ഈ കുഞ്ഞിനെ?

 

ജ്യോതിഷിന് ഒരുത്തരം കിട്ടിയില്ല. അയാൾ പറഞ്ഞു... എന്തെങ്കിലും ചെയ്യാം. അരുന്ധതി ടവലെടുത്ത് കുഞ്ഞിന്റെ മുഖം തുടച്ചു. മുടിയിഴകൾ പാറി വീണ് പാതി മാഞ്ഞ കുഞ്ഞുനെറ്റിയിൽ നിന്ന് ടവ്വലിൽ ഒട്ടിയത് രക്തമോ ഏതോ കോവിലിലെ രക്തചന്ദനമോ ?! അരുന്ധതി പറഞ്ഞു... പെൺകുഞ്ഞാണ്. ടവ്വൽ കൊണ്ട് കുഞ്ഞിനെ പൊതിഞ്ഞിട്ട് അരുന്ധതി ചോദിച്ചു... പേരെന്താ? കു‍ഞ്ഞിക്കണ്ണുകൾ ഒന്നു ചിമ്മിത്തുറന്നു. അരുന്ധതി ചോദിച്ചു... മിഴി. അതല്ലേ നിന്റെ പേര്? ജ്യോതിഷ് ആകെ ആശങ്കയിലായിരുന്നു. മുന്നിൽപ്പോയ കാർ കാണാനേയില്ല. വഴി അപരിചിതമായ ഏതോ ഒരു ജംക്ഷനിൽ എത്തി എവിടേക്കു പോകണമെന്നറിയാതെ ഒരു എംജിയാർ പ്രതിമയ്ക്കു ചുറ്റും വലംവയ്ക്കുന്നു.

 

ജ്യോതിഷ് പറഞ്ഞു... ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ പോകാം. അവർ പറയുന്നതു പോലെ ചെയ്യാം. 

അരുന്ധതി പറഞ്ഞു... പൊലീസുകാർ രാത്രിയിൽ ഈ കുഞ്ഞിനെ എന്തുചെയ്യും? ജ്യോതിഷ് ചോദിച്ചു.. പിന്നെ നമ്മൾ എന്തുചെയ്യും? പൊലീസ് സ്റ്റേഷൻ. അരുന്ധതിയും ജ്യോതിഷും ചെല്ലുമ്പോൾ മൂന്നു പൊലീസുകാരും പോക്കറ്റടിക്കു പിടിച്ച രണ്ടു കള്ളന്മാരും ഒരു തെരുവുനായയും ഒരുമിച്ചിരുന്നു ചീട്ടുകളിക്കുകയായിരുന്നു. കളിച്ചു വെട്ടി പുറത്തിടുന്ന ചീട്ട് നായ കടിച്ചെടുത്ത് കളത്തിൽ കൊണ്ടിട്ടുകൊണ്ടിരുന്നു. ജ്യോതിഷിനോട് പൊലീസുകാരൻ പറഞ്ഞു... ഈ സ്റ്റേഷനതിർത്തിയിൽ ഇതുവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  നാളെ രാവിലെ ആയാലേ എന്തെങ്കിലും പറയാൻ കഴിയൂ.  ജ്യോതിഷ് ചോദിച്ചു... അതുവരെ ഈ കുഞ്ഞിനെ ഞങ്ങൾ എന്തു ചെയ്യും ? 

 

കള്ളന്മാരുടെ തലവനെന്നു തോന്നിക്കുന്നയാൾ പറഞ്ഞു... ജീവനുള്ളതും ജീവനില്ലാത്തതുമായ രണ്ടു വസ്തുക്കൾ. അതിൽ ജീവനുള്ളതിനെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചത് നിങ്ങളെ  വിശ്വസിച്ചാണ്.  ബന്ധുക്കൾ എത്തുന്നതുവരെ ഈ കുഞ്ഞിനെ സംരക്ഷിക്കുക എന്നതാണ് മനുഷ്യത്വം. ഇവിടെ അടുത്ത് അനാഥാലയങ്ങളില്ല. വൃദ്ധസദനങ്ങളേയുള്ളൂ. അവിടെ ഉപേക്ഷിച്ചിട്ടു പോകാം. അല്ലെങ്കിൽ ഉസിലംപെട്ടിയിൽ നല്ല ഹോട്ടൽ മുറി കിട്ടും. 

 

പെട്ടെന്ന് ആ കുഞ്ഞ് ആദ്യമായി കരയാൻ തുടങ്ങി. കള്ളൻ പറഞ്ഞു... കരച്ചിൽ നല്ല ലക്ഷണമാണ്.  ഈ കുഞ്ഞിന് ഇപ്പോൾ ആവശ്യം മുലപ്പാലാണ്. ഒരു രാത്രി കഴിയാനായി ഹോട്ടൽ തേടി ജ്യോതിഷ് ഡ്രൈവ് ചെയ്യുമ്പോൾ പിൻസീറ്റിൽ ഇരിക്കുന്ന നാലുവയസ്സുകാരനോട് അരുന്ധതി ചോദിച്ചു... ഇതാരാണെന്ന് അറിയാമോ? അവൻ കൈയിലിരുന്ന നായക്കുട്ടിപ്പാവയെ കുട്ടിക്കു നേരെ നീട്ടി !

 

English Summary: Vinod Nair Columns Coffee Break

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT