ADVERTISEMENT

ഏതൊക്കെ വേഷം കെട്ടിയാലാണ് ഒരു മിമിക്രി കലാകാരന് സിനിമയിലെത്താൻ കഴിയുക എന്നു ചോദിച്ചാൽ കോട്ടയം നസീർ പറയും; ആട്, തവള, കിളി ! സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നടക്കുന്ന സമയത്താണ് വിനയൻ സംവിധാനം ചെയ്ത അനുരാഗക്കൊട്ടാരമെന്ന സിനിമയിൽ നസീറിനു ചാൻസ് കിട്ടുന്നത്. കൊടൈക്കനാലിലാണ് ഷൂട്ടിങ്. 

 

നസീർ ആദ്യമാണ് കൊടൈക്കനാലിനു പോകുന്നത്. ചങ്ങനാശേരിയിൽ ഒരു മിമിക്രി കഴിഞ്ഞ് രാത്രിബസിൽ മുണ്ടക്കയത്ത് ഇറങ്ങി. കുമളി വഴി കൊടൈക്കനാലിൽ എത്താനാണ് പ്ളാൻ. 

മുണ്ടക്കയത്ത് എത്തുമ്പോൾ പാതിരാത്രി. കുമളിക്കു ബസില്ല. സ്റ്റാൻഡിൽ ഒരു ജീപ്പ്. ഫ്രണ്ട് സീറ്റിൽ രണ്ടുപേർ ഇരിപ്പുണ്ട്. ഒരാൾ ഉറങ്ങുന്നു. മറ്റെയാൾ ഉണർന്നിരിക്കുന്നു. ഉറങ്ങുന്നയാൾ ഡ്രൈവറാണെന്ന് ഉറപ്പാണ്. അയാളെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. ഡ്രൈവർ ചോദിച്ചു... ലാലേട്ടന്റെ സിനിമയാണോ? ആണെന്നും അല്ലെന്നും നസീർ പറഞ്ഞില്ല. പകരം ലാലേട്ടൻ ചിരിക്കുന്നതുപോലെ തോളൊന്നു ചരിച്ച് ഒരു ചമ്മിയ ചിരി ചിരിച്ചു. 

 

അതോടെ ഡ്രൈവർ പറഞ്ഞു... ഞാൻ ലാലേട്ടന്റെ ഫാനാ. ഒരു ചെറിയ പ്രശ്നമുണ്ട്. ഇയാൾ കോട്ടയത്തിന് പോകാനാണ്. രാവിലെ പെണ്ണുകാണലിന് ചെല്ലണം. അതു സാരമില്ല. കുമളിക്കുള്ള ആളുകളെ വിളിച്ചു കയറ്റിയാൽ ഇയാളെ ഞാൻ ഒഴിവാക്കാം. 

നസീർ സമ്മതിച്ചു... ഞാൻ ആളെ വിളിക്കാം. അങ്ങനെ മുണ്ടക്കയം ബസ് സ്റ്റാൻഡിന്റെ നടുവിലേക്ക് ഇറങ്ങി നിന്ന് പാതിരാത്രിയിൽ കോട്ടയം നസീർ ഉറക്കെ വിളിച്ചു... കുമളി, കുമളി, കുമളീ...പെണ്ണുകാണാൻ പോകേണ്ട പയ്യൻസും വിട്ടുകൊടുത്തില്ല. അവൻ അതിലും ശബ്ദത്തിൽ വിളിച്ചു കൂവാൻ തുടങ്ങി.. കോട്ടയം, കോട്ടയം, കോട്ടയം ! ജീപ്പ് ഡ്രൈവർ കോട്ടയം നസീറിനോടു പറഞ്ഞു... തമിഴിൽ വിളിക്ക്. കുമളിക്കു പോകാനുള്ളത് തമിഴ് നാട്ടുകാരാണ്. 

 

നസീർ അറിയാവുന്ന തമിഴ് ഇറക്കി.  എവിടെ നിന്നൊക്കെയോ ആളുകൾ വന്ന് ജീപ്പിൽ കയറി. ജീപ്പ് വിളിച്ചയാൾ എന്ന ഗമയിൽ ഫ്രണ്ട് സീറ്റിൽ കയറാൻ ചെന്ന നസീറിനോട് ബാക്കി യാത്രക്കാർ പറഞ്ഞു... കിളിയല്ലേ, കമ്പിയിൽ പിടിച്ചു നിന്നാൽ മതി. അങ്ങനെ കമ്പിയിൽ തൂങ്ങിയും നിലത്തിരുന്നുമൊക്കെ കുമളിയിലെത്തി. അവിടെ നിന്ന് അടുത്ത ബസിൽ കൊടൈക്കനാലിൽ എത്തിയപ്പോഴേക്കും വൈകിപ്പോയി. അന്നത്തെ ഷൂട്ടിങ് പായ്ക്കപ്പായിരുന്നു. 

 

സെറ്റിൽ കൊച്ചിൻ ഹനീഫയുണ്ടായിരുന്നു. വിവരങ്ങളെല്ലാം കേട്ടപ്പോൾ ഹനീഫ ചിരിച്ചു... മുണ്ടക്കയം ബസ് സ്റ്റാൻ‍ഡിൽ നിന്ന് നീ ഒരുപാടു പേരെ വിളിക്കുന്നതിനു പകരം സംവിധായകൻ വിനയനെ ഒരു തവണ വിളിച്ചാൽ മതിയായിരുന്നു.  ഒരു ദിവസം കൂടി നീട്ടിത്തന്നേനെ.  ആ പാവം ചെറുപ്പക്കാരന്റെ പെണ്ണുകാണലും നടന്നേനെ !

സിനിമയിലെത്താൻ വെറുതെ നിലവിളിച്ചിട്ടു കാര്യമില്ല, വിളിക്കേണ്ടവരെ വിളിക്കണമെന്ന് നസീറിന് അന്നു പിടികിട്ടി.

 

കോട്ടയം നസീറിന്റെ നാട് കറുകച്ചാലാണ്. അടുത്ത സ്ഥലമായ  കൂത്രപ്പള്ളിയിലെ പെരുന്നാളിന് ടുവീലർ ഫാൻസി ഡ്രസ് മൽ‍സരമുണ്ട്.  കോട്ടയം നസീറും കസിൻ നാദിർഷയും കൂടി മൽസരിക്കാനിറങ്ങി.  മൃഗാധിപത്യം വന്നാൽ എന്തു സംഭവിക്കും? മൃഗങ്ങൾ നാട്ടിലിറങ്ങി ബൈക്ക് ഓടിക്കും. ഇതാണ് ആശയം. ഈറ്റയും ഇരുമ്പും കൊണ്ട് ഫ്രെയിമുണ്ടാക്കി ചാക്കും തുണിയും ചുറ്റി പെയിന്റടിച്ച് ആടിന്റെയും തവളയുടെയും രൂപമുണ്ടാക്കി. നാദിർഷ ആടായി ബൈക്ക് ഓടിച്ചു. കോട്ടയം നസീർ തവളയായി പിന്നിൽ ഇരുന്നു.

 

ആടിന്റെയും തവളയുടെയും ശബ്ദം അനുകരിക്കുന്ന ചുമതല നസീർ ഏറ്റെടുത്തു. കറുകച്ചാലിൽ നിന്ന് 11 കിലോമീറ്റർ ദൂരം മൃഗങ്ങൾ ബൈക്ക് ഓടിച്ചെങ്കിലും സമ്മാനം കിട്ടിയത് പട്ടാളക്കാരന്റെ വേഷം കെട്ടിയ ബാബുക്കുട്ടനാണ്.  ബാബുക്കുട്ടൻ റോഡരികിൽ നിന്ന എല്ലാവരുടെയും നേരെ ബോംബെറിയുന്നതുപോലെ ശബ്ദമുണ്ടാക്കി. മൽസരം കഴിഞ്ഞപ്പോൾ നാദിർഷ നസീറിനോടു ചോദിച്ചു... നമ്മുടെ ആടും തവളയും ഒരു തവണ പോലും കരഞ്ഞില്ലല്ലോ. 

 

നസീറിനു കരച്ചിൽ വന്നു. കട്ടിത്തുണിയും ചാക്കും കൊണ്ട് നിർമിച്ച തവളയുടെ ഉള്ളിലിരുന്ന് നസീർ നടത്തിയ മിമിക്രിയുടെ ശബ്ദം പുറത്തു കേട്ടതേയില്ല. കുറെ നാളത്തേക്ക് നസീറിനെയും നാദിർഷയെയും എവിടെ കണ്ടാലും നാട്ടുകാർ ചോദിക്കാൻ തുടങ്ങി:  ആടേ, തവളയെവിടെ?

നസീറിന്റെ വീട്ടിലെ ആദ്യത്തെ വണ്ടി ചേട്ടൻ നാസറിന്റെ മോപെഡാണ്. ആ സ്കൂട്ടറിൽ കറുകച്ചാൽ ടൗണിൽക്കൂടി ഒന്നു കറങ്ങണമെന്ന് നസീറിനു മോഹം തോന്നി. ചേട്ടൻ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി ഉപ്പയെ സോപ്പിട്ടു. റേഷൻ കടയിൽ പോകാമെങ്കിൽ സ്കൂട്ടർ തരാമെന്നായി ഉപ്പ. 

 

കിട്ടിയ തക്കത്തിന് സ്കൂട്ടറുമെടുത്ത് കുറെ ദൂരം കറങ്ങി. പിന്നീട് റേഷൻ കടയിലേക്കു വിട്ടു.  കൃത്യം കടയുടെ മുന്നിൽ വച്ച് വണ്ടി നിന്നുപോയി. പെട്രോൾ തീർന്നതാണ്. കുറെ ദൂരെയാണ് പമ്പ്. റേഷൻ കടയിൽ നിന്ന ഒരു ചേട്ടായി പറഞ്ഞു... പെട്രോളെന്തിനാ? മണ്ണെണ്ണ ഒഴിച്ചാൽപ്പോരേ?  റേഷൻ കടക്കാരനും ഉറപ്പിച്ചു പറഞ്ഞു... പെട്രോളും മണ്ണെണ്ണയും ചേട്ടത്തിയും അനിയത്തിയുമാണ്. രണ്ടും മണ്ണിൽ നിന്നു കുഴിച്ചെടുക്കുന്നതല്ലേ.. മണ്ണെണ്ണ ഒഴിച്ചു. ആദ്യം മടികാണിച്ചെങ്കിലും രണ്ടു ചവിട്ടു കൊടുത്തപ്പോൾ മോപെഡ് സ്റ്റാർട്ടായി.  കൊതുകിനെ പുകയ്ക്കാൻ കൊണ്ടുവരുന്ന യന്ത്രം പോലെയായി അതോടെ മോപെഡിന്റെ പോക്ക്.  പുക, ഇടയ്ക്കിടെ പൊട്ടലും ചീറ്റലും.

 

കറുകച്ചാൽ കവലയിൽ വച്ച് റോഡ് ക്രോസ് ചെയ്യാൻ വന്ന ഒരാളെ സ്കൂട്ടർ ഇടിച്ചു. പ്രായം ചെന്നയാളായിരുന്നു. രണ്ടുപേരും വീണു. അരിയും പഞ്ചസാരയുമൊക്കെ റോഡിൽ ചിതറി.  പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് സംഭവം. ആളുകൾ കൂടിയതോടെ നസീർ ഓടി അടുത്തുള്ള കടയ്ക്കുള്ളിൽ ഒളിച്ചു. കടയുടമ രാജൻ ചേട്ടൻ പരിചയക്കാരനാണ്. അദ്ദേഹം നസീറിനെ ആശ്വസിപ്പിച്ചു... നീ പുറകിലെ വാതിലിൽക്കൂടി സ്ഥലം വിട്ടോ. സ്കൂട്ടർ ഞാൻ വീട്ടിലെത്തിച്ചേക്കാം. മോപെഡുമായി വീട്ടിൽ വന്ന രാജൻ ചേട്ടൻ ഉപ്പായോടു പറഞ്ഞു... ഇനി മേലിൽ ഈ പയ്യനു സ്കൂട്ടർ കൊടുത്തേക്കരുത്. എല്ലാത്തവണയും രക്ഷിക്കാൻ ഞാനുണ്ടാവില്ല. അതിൽപ്പിന്നെ ടു വീലർ ഓടിച്ചിട്ടേയില്ല കോട്ടയം നസീർ.

 

English Summary: Kottayam Nazeer Coffee Brake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com