ADVERTISEMENT

ഒരേയൊരു മേൽവിലാസം രാജകുമാരി ഗോൾഡ് എന്ന പേരു മാത്രമായിരുന്നു.  ആ സ്വർണക്കടയുടെ മോഡലാണ് ഞങ്ങൾ തേടുന്ന പെൺകുട്ടി. ബോഡിമെട്ട് റോഡരികിൽ അവളുടെ ഫോട്ടോയുള്ള ആ പരസ്യ ബോർഡ് ഇപ്പോഴുണ്ട്. അവൾ ആരാണെന്നു മാത്രം അറിയില്ല. ഇനി എല്ലാവരും രാജകുമാരിമാർ! അതായിരുന്നു  ആ സ്വർണക്കടയുടെ പരസ്യ വാചകം. വളവിൽ റോഡിലേക്കു നോക്കി നിൽക്കുകയാണ് അവൾ. പച്ച നിറമുള്ള ഹാഫ് സാരിയും ചുവന്ന ബ്ലൗസുമാണ് വേഷം. തമിഴ് സിനിമയിലെ തൃഷ പാട്ടിനിടയിൽ പ്ലാസ്റ്റിക് കുടവുമായി വെള്ളമെടുക്കാൻ പോകുന്നത് ഓർമ വരും.

 

മണ്ണിൽനിന്ന് ഒരു വള്ളിച്ചെടി വളർന്നു കയറി ബോർഡിനു മുകളിലൂടെ പടർന്നു നിറയെ പൂവിട്ടു നിൽക്കുന്നുണ്ട്. മഞ്ഞ, മഞ്ഞ പൂക്കൾ. അൽപം മാറി നിന്നു നോക്കിയാൽ അവൾ മുടിയിൽ ചൂടിയതോ എന്നു സംശയിച്ചേക്കാം. ഈ വേനലിലും അവ വാടാത്തത് എന്തു മാജിക് ! കൂട്ടുകാരൻ പറഞ്ഞു... ‘നാടൻ നെല്ലിക്കയാണ് അവൾ. കണ്ണെടുക്കാൻ തോന്നുന്നില്ല.’ എന്തിനെയും പഴങ്ങളുമായി ഉപമിക്കുന്നത് അവന്റെ ഹോബിയാണ്. അവന്റെ അച്ഛന് പൊള്ളാച്ചിയിൽ ഫ്രൂട്സിന്റെ ഹോൾസെയിൽ ബിസിനസാണ്. 

 

അവളെ കണ്ടെത്തണം. ആരാണെന്ന് അറിയണം. അതാണ് അവന്റെ മോഹം. ബോർഡ് നിൽക്കുന്ന വീട്ടിൽ ആദ്യം അന്വേഷിച്ചു. വലിയ പുരയിടത്തിനു നടുവിൽ അലക്കിയ കസവുമുണ്ടും വെള്ള ജുബയും ധരിച്ച് പള്ളിയിൽ പോകാൻ ഇറങ്ങിയതുപോലെ ഒരു തറവാട്. വീട്ടുടമസ്ഥൻ ഒരു ചെറുപ്പക്കാരൻ.  ഐടി പ്രഫഷനലാണ്. ഈ വസ്തു വാങ്ങിയിട്ട് അധികം നാളായില്ല. അയാൾ പറഞ്ഞു... ‘മധുരയിൽ നിന്നുള്ള ചരക്കു ലോറികൾ വരുന്ന റോഡാണിത്. രാത്രിയിൽ ലോറി ഡ്രൈവർമാർ ആക്സിലറേറ്റർ പെഡലിനു മുകളിൽ ഇഷ്ടിക എടുത്തു വയ്ക്കും. എന്നിട്ട് കാൽ കയറ്റി സീറ്റിൽ വച്ച് ഇരിക്കും. ലോറി തനിയെ ഓടിക്കോളും. അങ്ങനെ ചില ലോറികൾ വളവിലെ മതിൽ ഇടിച്ചു പൊളിക്കാൻ തുടങ്ങിയതോടെയാണ് അവിടെ ഒരു പരസ്യ ബോർഡ് വയ്ക്കാൻ സമ്മതിച്ചത്. അത് പഴയ സ്ഥലം ഉടമ ചെയ്തതാണ്.’  

 

കൂട്ടുകാരന്റെ കണ്ണുകൾ തിളങ്ങി... ‘കപ്പൽ യാത്രക്കാരെ വഴി കാട്ടാൻ രാത്രിയിൽ കടൽ മുനമ്പിന്റെ തുമ്പിൽ വന്നു നിൽക്കുന്ന ജലദേവതയുടെ കഥ കേട്ടിട്ടുണ്ട്. ദേവതയുടെ മൂക്കുത്തിയുടെ തിളക്കം കണ്ടാണ് നാവികർ കപ്പൽച്ചാലുകൾ മനസ്സിലാക്കിയിരുന്നത്!’ സ്ഥലമുടമ ചിരിച്ചു... ‘ഇതും അതുപോലെ തന്നെ. രാത്രിയിൽ ഹെഡ്‌ലൈറ്റിൽ തിളങ്ങുന്നത് മോഡലിന്റെ ആഭരണങ്ങളാണെന്നു മാത്രം.’ എന്റെ സുഹൃത്തിനു കാണാമറയത്തെ പെൺകുട്ടിയോട് ഇഷ്ടം കൂടിക്കൂടി വരുന്നു. അവളെ കണ്ടെത്താൻ ഇനി രണ്ടു വഴികളാണുള്ളത്. പരസ്യം ഡിസൈൻ ചെയ്ത കമ്പനി, അല്ലെങ്കിൽ ജ്വല്ലറി ഉടമ. 

 

മധുരയിലെ കനവ് നിനവ് എന്ന പരസ്യക്കമ്പനിയുടെ ഓഫിസ്. ക്രിയേറ്റീവ് ഹെഡ് പാൽവർണന്റെ മുന്നിൽ ഇരിക്കുകയാണ് ഞങ്ങൾ. പാൽവർണനാവട്ടെ ഞങ്ങളെ മൈൻഡ് ചെയ്യാതെ നേരെ എതിർവശത്തേക്കു തിരി‍ഞ്ഞിരുന്ന് കംപ്യൂട്ടറിൽ ഏതോ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു. കുറെ നേരത്തിനു ശേഷം കസേര കറങ്ങി. അയാൾ ഞങ്ങളുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു... ‘ഞങ്ങളുടെ ലക്കി മോഡലാണ് അവൾ. മലയാള സിനിമയിലെ ഒരു പ്രശസ്ത നടിയെയാണ് ഈ ജ്വല്ലറിയുടെ മോഡലായി  ആദ്യം ഞാൻ തീരുമാനിച്ചത്. കൊച്ചിയിലെ ഒരു ഹോട്ടലിന്റെ ബാൽക്കണിയിൽ സെറ്റൊക്കെയിട്ട് ക്യാമറാമാനും സംഘവും നാലു ദിവസം കാത്തിരുന്നിട്ടും നടി വന്നില്ല. ഷൂട്ടിങ് മുടങ്ങി. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പരിഹാരം തേടി ഞങ്ങൾ സമീപിക്കുന്നത് വാൽപാറയിലെ ഒരു ജ്യോതിഷിയെയാണ്. അദ്ദേഹം കണ്ടെത്തിയതാണ് ഈ മോഡലിനെ. 

 

ദൂരെ നിന്നു നോക്കിയാൽ രാജകുമാരി, അടുത്തു ചെന്നാൽ സാധാരണ പെൺകുട്ടി ! അതായിരുന്നു അവൾ!’ 

അവളെത്തേടി വേറെയും ആളുകൾ വന്നിരുന്നു. അവരെയെല്ലാം പാൽവർണന് ഓർമയുണ്ട്... ‘നൃത്തം ചെയ്യുന്ന ജ്വല്ലറി ഉടമ, തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാവ്, മോഡലുകളുടെ ഉടലിൽ പെയിന്റ് ചെയ്യുന്ന ചിത്രകാരൻ, മലയാള സിനിമയിലെ യുവ സംവിധായകൻ, പരസ്യചിത്രങ്ങളുടെ സംവിധായകൻ, പിന്നെ വിവാഹാലോചനയുമായി ഒരു പൊലീസ് ഓഫിസർ. പത്താമത്തെ ആളാണു നിങ്ങൾ.’ 

എന്നിട്ട് അവൾ എവിടെ?

 

പാൽവർണൻ ചിരിച്ചു... ‘പതിനെട്ടാമത്തെയാൾക്കു മാത്രമേ അവളിലേക്കുള്ള വഴി  കണ്ടുപിടിക്കാനാവൂ എന്നാണ് ജ്യോതിഷി പറയുന്നത്.’ മുറിയിൽനിന്നിറങ്ങുമ്പോൾ കൂട്ടുകാരൻ രഹസ്യം പറഞ്ഞു... ‘എട്ടുപേരെക്കൂടി ഇയാളുടെ അടുത്തേക്കു വിട്ടാലോ?’ ‘എന്നാലും പത്തെന്നേ ഇയാൾ പറയൂ. അതല്ലേ അയാളുടെ മേശപ്പുറത്ത് എഴുതി വച്ചിരിക്കുന്നത് – ക്രിയേറ്റീവ് ഹെഡ്.’ ഞങ്ങളൊന്നിച്ചാണ് അതു വായിച്ചത് !

 

English Summary: Coffee Brake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com