ADVERTISEMENT

വക്രിച്ച മുഖവുമായി റോഡിലേക്കു നോക്കി നിൽക്കുന്ന നാലു വട്ടക്കണ്ണാടികളാണ് ജേക്കബിന്റെ വീടിന്റെ ഐശ്വര്യം. വീടിന്റെ രണ്ടു ഗേറ്റിലും രണ്ടു കണ്ണാടികൾ വീതമുണ്ട്. അവയിലൂടെ നോക്കുമ്പോൾ റോഡിലൂടെ വരുന്ന എല്ലാ വണ്ടികളുടെയും മുഖം വളഞ്ഞ് ഒരു കോമാളി ലുക്ക്.  

പത്തടി മതിൽ, അതിനു മുകളിൽ പന്ത്രണ്ടു ക്യാമറ. പോ‍ർച്ചിലും വീട്ടുമുറ്റത്തെ വെള്ള ഷാമിയാനകളിലുമായി 2 ഔഡി, മൂന്നു ബെൻസ്, ഒരു മിനി കൂപ്പർ, വോൾവോ,  ലാൻഡ് റോവർ റേഞ്ച് റോവർ, ജീപ്പ് റാങ്‌ളർ, ടൊയോട്ട ഫോർച്യൂണർ... ഇതാണ് ജേക്കബ് തര്യൻ ചിട്ടിത്താനത്ത് എന്ന ജേക്കബ്കുട്ടിയുടെ വീട്. ഗൾഫിൽ ബിസിനസാണ് ജേക്കബ്കുട്ടിക്ക്. ഭാര്യ ലിനി അന്ന തര്യൻ കമ്പനികളുടെയെല്ലാം മാനേജിങ് ഡയറക്ടർ. രണ്ടു മക്കൾ; ഹാപ്പി തര്യൻ ചിട്ടിത്താനത്ത്, സിൻസി തര്യൻ ചിട്ടിത്താനത്ത്. രണ്ടു പേരും കമ്പനിയുടെ ഡയറക്ടർമാർ.  

ഹാപ്പിയുടെ വിവാഹമാണിന്ന്. വധു കോലഞ്ചേരിക്കാരി ചിന്നു മാർക്കോസ് പുഞ്ചിരിക്കൽ. വരനും കുടുംബാംഗങ്ങളും വീട്ടിൽ നിന്ന് കല്യാണവിരുന്നു നടക്കുന്ന കലൂരിലെ കൺവൻഷൻ സെന്ററിലേക്കു പുറപ്പെടുകയാണ്.  ജേക്കബ്കുട്ടി ഡയമണ്ട് ബ്ലാക്ക് ഫാന്റം റോൾസ് റോയ്സിൽ മുന്നിൽ ഇറങ്ങി. ലിനിയുടെ നോട്ടിക് ബ്ലൂ മെഴ്സിഡീസ് ബെൻസ് പിന്നാലെ. വരൻ ഹാപ്പി മിനറൽ വൈറ്റ് ബിഎംഡബ്ല്യു സെവൻ സീരീസിൽ. ഇളയ മകൻ സിൻസി ചില്ലി റെഡ് മിനി കൂപ്പറിൽ. 

ഇവ കൂടാതെ നവവധു ചിന്നു മാർക്കോസിനു വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു തിരിച്ചു വരാനുള്ള പുത്തൻ ഔഡി എ4 ഏറ്റവും ഒടുവിൽ. ചുവന്ന റോസാപ്പുക്കൾ ചേർത്തുണ്ടാക്കിയ ഹൃദയങ്ങൾ ബോണറ്റിൽ വച്ച് രണ്ടു കാറുകൾ വിവാഹവേദിയുടെ പുറത്ത് അടുത്തടുത്തു പാർക്ക് ചെയ്തിരിക്കുന്നതു കണ്ട് വിവാഹം ആശീർവദിക്കാനെത്തിയ ഫാ. നോബിൾ സ്നേഹാലയം ചോദിച്ചു: വരനും വധുവിനും സഞ്ചരിക്കാൻ എന്തിനാണ് രണ്ടു കാർ? ഇതൊക്കെ ആർഭാടമല്ലേ? ജേക്കബ്കുട്ടി പറഞ്ഞു... ഞങ്ങൾ എല്ലാവരും ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണച്ചോ..ഒറ്റയ്ക്കു യാത്ര ചെയ്താൽ കുടുംബമാകുമോ, കൂട്ടായ്മയല്ലേ ജേക്കബൂട്ടീ കുടുംബം എന്നായി നോബിളച്ചന്റെ സംശയം.കുടുംബത്തിന്റെ കൂട്ടായ്മയ്ക്കു വേണ്ടിയാണച്ചോ ഞങ്ങൾ ഈ തീരുമാനമെടുത്തത് എന്നായിരുന്നു ജേക്കബ്കുട്ടിയുടെ മറുപടി.

നവദമ്പതികളുടെ ഹണിമൂൺ യാത്രയും രണ്ടു കാറിലായിരിക്കുമല്ലോ എന്നൊരു കമന്റ് നാവിൻ തുമ്പിൽ വന്നെങ്കിലും നോബിളച്ചൻ അത് ഉള്ളിലൊതുക്കവേ അഞ്ചു വണ്ടികളിലായി വരനും വധുവും മാതാപിതാക്കളും സഹോദരനും കല്യാണ ഹാളിൽ നിന്നു മടങ്ങി. ജേക്കബ് തര്യൻ ചിട്ടിത്താനത്തും കുടുംബാംഗങ്ങളും കാറുകളിൽ തനിയെ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് 33 വർഷമായി. ഭാര്യയും 

ഭർത്താവും രണ്ടു കാറിൽ ഒരേ സ്ഥലത്തു വന്നിറങ്ങുന്നത് അന്നൊക്കെ കൗതുകമായിരുന്നു. മക്കൾ വളർന്നതോടെ ഒരുമിച്ച് ഓടുന്ന കാറുകളുടെ എണ്ണം നാലായി. ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് ആയാലും എല്ലാവരും ചേർന്ന് പിവിആറിൽ സിനിമയ്ക്കായാലും ലുലു മാളിൽ ഷോപ്പിങ്ങിനായാലും നാലു കാറുകൾ. 

കാണുന്നവർക്ക് അത് കാർഭാടമാണെങ്കിൽ ജേക്കബ്കുട്ടിക്ക് അത് ആശ്വാസമാണ്. വൈക്കത്തിനടുത്ത് കായലിന്റെ പാട്ടുള്ള ഒരു ഗ്രാമമാണ് ജേക്കബ്കുട്ടിയുടെ ജന്മനാട്. 50 വർഷം മുൻപ് ആ നാട്ടിൽ ഒരു ബസ് അപകടമുണ്ടായി. ഒരു വീട്ടിലെ നാലുപേർ മരിച്ചു. കുന്തിരിക്കത്തിന്റെ നിശ്വാസമുള്ള വീട്ടുമുറ്റത്ത് പ്രാർഥന ചൊല്ലുന്ന പന്തലിൽ വെളുപ്പു പുതച്ച് ഗൃഹനാഥനും ഭാര്യയും രണ്ടു മക്കളും ഉറങ്ങിക്കിടക്കുന്ന ഫോട്ടോ പിറ്റേന്നത്തെ പത്രങ്ങളുടെ മുൻ പേജിൽ അച്ചടിച്ചു വന്നു. ആ ചിത്രത്തിനൊപ്പം ഇങ്ങനെയൊരു തലക്കെട്ടുണ്ടായിരുന്നു... കരയാൻ പോലും ആരും ബാക്കിയില്ലാതെ..ആ വാഹനാപകടം കൊണ്ടുപോയത് ഒരു കുടുംബത്തിലെ എല്ലാവരെയുമാണ്. വീടും പറമ്പും അവിടത്തെ വളർത്തു മൃഗങ്ങളും അനാഥമായി കിടന്നു വർഷങ്ങളോളം.  

അന്ന് ജേക്കബ്കുട്ടി എട്ടാംക്ലാസിൽ പഠിക്കുകയാണ്. പിറ്റേ ദിവസം രാവിലെ അനുജനെയും സൈക്കിളിൽ കയറ്റി സ്കൂളിൽ പോകാനിറങ്ങിയ ജേക്കബ് കുട്ടിയോട് അച്ഛൻ പറഞ്ഞു... നിങ്ങൾ രണ്ടുപേരും ഒരു സൈക്കിളിൽ പോകണ്ട. ഒരെണ്ണം കൂടി വാങ്ങിത്തരാം. അച്ഛൻ ശബ്ദം താഴ്ത്തി സ്വയംപറയുന്നതും ജേക്കബ്കുട്ടി കേട്ടു... അപകടമുണ്ടായാൽ‍ രണ്ടു മക്കളെയും ഒരുമിച്ചു നഷ്ടപ്പെടുന്നത് ആലോചിക്കാനേ വയ്യ. 

അങ്ങനെ ആ വീട്ടിൽ രണ്ടു സൈക്കിളും പിന്നീടു രണ്ടു സ്കൂട്ടറും വന്നു. ജേക്കബ്കുട്ടി ലിനിയെ വിവാഹം കഴിച്ചപ്പോൾ അതു രണ്ടു കാറായി. നമ്മളിലൊരാൾ അപകടത്തിൽപെട്ടാലും കുടുംബത്തിന്റെയും ബിസിനസിന്റെയും നിലനിൽപിന് മറ്റെയാൾ ജീവിച്ചിരിക്കണമെന്ന ജേക്കബ്കുട്ടിയുടെ തത്വശാസ്ത്രം മെല്ലെ ലിനിയും മക്കളും സ്വീകരിച്ചു. ആർഭാടമെന്നു പറഞ്ഞു കളിയാക്കിയാലും ആരെങ്കിലും കാരണം ചോദിച്ചാൽ പറയും... നമ്മുടെ നാട്ടിലെ റോഡിനെ എനിക്കു ഭയങ്കര പേടിയാ.

ഗൾഫിലേക്കു തുടർച്ചയായി യാത്ര ചെയ്യുന്ന കുടുംബമാണ് ജേക്കബ്കുട്ടിയുടേത്. അപ്പോൾ വിമാനത്തിലോ? ഒരു വിമാനം മറ്റൊരു വിമാനത്തെ റോങ്സൈഡിലൂടെ ഓവർടേക്ക് ചെയ്യാറില്ല. ആകാശത്ത് ഒരാളും ലെയ്‍ൻ തെറ്റിച്ച് നേർക്കു നേരെ വരാറുമില്ല ! 

English Summary: Coffee Brake March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com