അന്നാണ് ആ അടി വാസുവേട്ടന്റെ കവിളിൽ പൊട്ടിയത് !
Mail This Article
ഒരടിയുടെ ഇരുപത്തിയഞ്ചാം വാർഷികമായിരുന്നു കടന്നു പോയത്! 1998 മാർച്ച് 4. അന്നാണ് ആ അടി വാസുവേട്ടന്റെ കവിളിൽ പൊട്ടിയത്. ചെറിയ പല്ല് ഒന്നിളകി. അടുത്തുള്ള രണ്ടെണ്ണം ഭയന്നു വിറച്ചു. കൈയിലും കാലിലും ഒരു വിറ കയറി. അന്നു നിർത്തിയതാണ് വാസുവേട്ടൻ ഡ്രൈവിങ്. ജയദീപം ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഡ്രൈവറായിരുന്നു വാസുവേട്ടൻ. നാട്ടിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളാണ് ജയദീപം. പുഴ, അതിനപ്പുറം വലിയങ്ങാടി, പിന്നെ ഒരു ഓട്ടുകമ്പനി, അതിനുമപ്പുറത്താണ് സ്കൂൾ.
സ്കൂൾ ബസിൽ അക്കാലത്ത് സ്ഥിരമായി രണ്ട് പേരാണ്– ഡ്രൈവർ വാസുവേട്ടനും ആയ മായച്ചേച്ചിയും. രണ്ടുപേരെയും കുട്ടികൾക്കു വലിയ ഇഷ്ടമാണ്. പുഴയുടെ ഇക്കരെയാണ് പൊലീസ് സ്റ്റേഷൻ. വൈകുന്നേരങ്ങളിൽ പൊലീസ് ജീപ്പ് പുഴയിലിറക്കി കഴുകുന്നതു കാണാം. ചെറിയ മോഷണങ്ങൾ നടത്തുന്ന ഉള്ളിത്തങ്കൻ, മാർക്കറ്റിലെ പോക്കറ്റടിക്കാരൻ രാമഭദ്രൻ, സ്ത്രീകളെ കാണുമ്പോൾ മുണ്ടുപൊക്കുന്ന ഇക്കിളി ഗർവാസീസ് ഇങ്ങനെ ഇടയ്ക്കിടെ കസ്റ്റഡിയിൽ എടുക്കുന്നവരെക്കൊണ്ടാണ് പൊലീസുകാർ ജീപ്പ് കഴുകിക്കുന്നത്. പുഴയ്ക്കു കുറുകെ ഒറ്റവരിപ്പാലമാണ്. റോഡിൽ അധികം തിരക്കില്ലാത്തതിനാൽ അക്കാലത്ത് ആ പാലം ധാരാളമായിരുന്നു.
1998 മാർച്ച് 4. അന്നു രാവിലെ ഒമ്പതരയ്ക്ക് നിറയെ കുട്ടികളെയും കയറ്റി സ്കൂൾ ബസ് ഓടിച്ച് വാസുവേട്ടൻ വരുമ്പോഴായിരുന്നു ആ സംഭവം. സ്കൂൾ ബസ് പാലത്തിന്റെ പാതി വരെ എത്തിക്കഴിഞ്ഞപ്പോൾ അപ്പുറത്തു നിന്ന് പൊലീസ് ജീപ്പ് പാലത്തിൽ കയറി. വാസുവേട്ടൻ അതു കണ്ടു. പൊലീസുകാർ ശ്രദ്ധിച്ചോട്ടെ എന്നു കരുതി നീട്ടി ഹോണടിച്ചു. പൊലീസ് ജീപ്പ് ലൈറ്റ് കത്തിച്ചു. വാസുവേട്ടൻ ബസ് പാലത്തിന്റെ നടുവിൽ നിർത്തി. വേഗത്തിൽ മുന്നോട്ടു വന്ന ജീപ്പ് ബസിനെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ബ്രേക്കിട്ടു. ജീപ്പ് ഓടിക്കുന്ന പൊലീസുകാരൻ പറഞ്ഞു... പിറകോട്ട് എടുക്കടോ.
ഡ്രൈവർമാരെ ക്ഷമ പഠിപ്പിക്കുന്ന ഒറ്റവരി പകർത്തു ബുക്കാണ് ചെറിയ പാലങ്ങൾ. ഒരു വശത്തു നിന്ന് വണ്ടികൾ കയറിയാൽ മറുവശത്തുള്ളവർ കാത്തുനിൽക്കും. അത് വാസുവേട്ടനറിയാം. ആ ധൈര്യത്തിൽ വാസുവേട്ടൻ പറഞ്ഞു... ഞങ്ങളാണ് ആദ്യം കയറിയത്. മുൻസീറ്റിൽ ഇരുന്ന ഇൻസ്പെക്ടർ ജീപ്പിൽ നിന്നു ചാടിയിറങ്ങി. ബസിന്റെ ഡോർ തുറന്ന് വാസുവേട്ടനെ ഡ്രൈവിങ് സീറ്റിൽ നിന്ന് വലിച്ചു താഴേക്കിട്ടു. മുഖമടച്ച് ഒറ്റയടി! പൊലീസിനെ നിയമം പഠിപ്പിക്കുന്നോടാ... റിവേഴ്സ് എടുക്കടാ..
കുട്ടികളുടെ കൺമുന്നിൽ വച്ച് അപ്രതീക്ഷിതമായി കിട്ടിയ ആ അടിയിൽ അയാൾ ചളുങ്ങിപ്പോയി. അത് അയാൾക്കു താങ്ങാൻ പറ്റുന്നതിലും വലുതാണ്. അയാളുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. വണ്ടിയെടുക്കാൻ ഇനി ധൈര്യമില്ല. ബസ് പാലത്തിനു നടുവിലാണ്. എന്തു ചെയ്യും? ഇൻസ്പെക്ടർ പൊലീസുകാരുടെ നേരെ നോക്കി. അവർക്കും ബസ് ഓടിച്ച് പരിചയമില്ല. ഇൻസ്പെക്ടർ വീണ്ടും വാസുവേട്ടനെ തല്ലുമെന്ന ഘട്ടം വന്നപ്പോൾ ആയ മായച്ചേച്ചി പറഞ്ഞു... വാസുവേട്ടൻ പറഞ്ഞാൽ ബസ് ഞാനെടുക്കാം.
പാലത്തിന്റെ കൈവരികളിൽ ഒന്നോ രണ്ടോ തവണ ചെറുതായി ഒന്ന് ഉരസിയെങ്കിലും കുഴപ്പമില്ലാതെ റിവേഴ്സെടുത്ത് ആയച്ചേച്ചി ബസ് പാലത്തിനു പുറത്തു കൊണ്ടു വന്നു നിർത്തി. കുട്ടികൾ അത്ഭുതത്തോടെ നോക്കുന്നത് കണ്ട് അവർ പറഞ്ഞു... വൈകുന്നേരം നിങ്ങളെ വീട്ടിൽ വിട്ടിട്ട് തിരിച്ചു വരുമ്പോൾ ചിലപ്പോൾ വാസുവേട്ടൻ സ്റ്റീയറിങ് തരാറുണ്ട്. അങ്ങനെ പഠിച്ചതാണ്.അന്ന് സ്കൂൾ മുറ്റത്ത് ബസ് കൊണ്ടുവന്നു നിർത്തി, താക്കോൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഇവാഞ്ചലിയയ്ക്കു തിരിച്ചു കൊടുത്തിട്ടു വാസുവേട്ടൻ ഡ്രൈവർ ജോലി ഉപേക്ഷിച്ചതാണ്... ഇനി എന്നെക്കൊണ്ട് കഴിയില്ല, കന്യാസ്ത്രീയമ്മേ.
സിസ്റ്റർ ഇവാഞ്ചലിയ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ചെന്ന് കുറെ നേരം സംസാരിച്ചെങ്കിലും ഡ്രൈവറോടു ചെയ്തത് തെറ്റാണെന്ന് ഇൻസ്പെക്ടർ സമ്മതിച്ചില്ല. കുട്ടികളുടെ മുന്നിൽ വച്ച് വാസുവിനെ തല്ലിയതിലായിരുന്നു സിസ്റ്റർക്കു സങ്കടം. കുട്ടികൾ കണ്ടതു നന്നായി, എന്നാലേ അവർ പൊലീസിനെ ബഹുമാനിക്കൂ എന്നായിരുന്നു അതിന് ഇൻസ്പെക്ടറുടെ ന്യായം. തിരിച്ചു പോരുമ്പോൾ സിസ്റ്റർ ഇവാഞ്ചലിയ പറഞ്ഞു... ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ദൈവം ക്ഷമിക്കട്ടേ...കാലം ഒരുപാട് കഴിഞ്ഞു. ജയദീപം സ്കൂൾ വലുതായി, പ്ളസ് ടു വന്നു. സ്കൂൾ മുറ്റത്ത് ബസുകൾ 20 എണ്ണമായി. സിസ്റ്റർ ഇവാഞ്ചലിയ മദർ സൂപ്പീരിയറായി.
ഏറ്റവും ഒടുവിൽ മറ്റൊരു അത്ഭുതം കൂടി! കാൽനൂറ്റാണ്ടിനു ശേഷം വാസുവേട്ടൻ വീണ്ടും ബസ് ഓടിച്ചു. അവധിക്ക് സ്കൂൾ അടയ്ക്കുന്നതിനു മുമ്പായിരുന്നു അത്. കുട്ടികളെയും കയറ്റി ബസുകളെല്ലാം ഒരുമിച്ച് സ്കൂളിലേക്ക്. ഏറ്റവും മുന്നിലെ ബസിന്റെ ഡ്രൈവിങ് സീറ്റിൽ വാസുവേട്ടൻ. തൊട്ടു പിന്നാലെ വരിവരിയായി 19 ബസുകൾ. അത് സിസ്റ്റർ ഇവാഞ്ചലിയയുടെ ആഗ്രഹമായിരുന്നു. ഒരു ദിവസത്തേക്ക് ഡ്രൈവറാകാൻ വാസുവേട്ടനും സമ്മതിച്ചു. കാരണം പഴയ പാലം പൊളിച്ചു. പുഴയ്ക്കു കുറുകെ വലിയ പാലം വന്നു. ഉദ്ഘാടനത്തിനു ശേഷം ആദ്യമായി ആ പാലത്തിലൂടെ ജയദീപത്തിന്റെ സ്കൂൾ ബസ് ഓടുകയാണ്. ഇപ്പോൾ ആ പാലം ഒരു ഇരട്ടവരി പകർത്തു ബുക്കാണ് !
English Summary: Coffee Brake Bus Driver