ADVERTISEMENT

പുതിയ കാർ വാങ്ങുമ്പോൾ വീട്ടിലെ പഴയ കാർ പിണങ്ങാറുണ്ടോ? ഉണ്ട്!  ആ പിണക്കം കണ്ടിട്ടുണ്ട് യുവസംവിധായകൻ അഖിൽ സത്യൻ.  ‘‘മാരുതി 800 കാർ 20 വർഷം ഉപയോഗിച്ചിട്ടാണ് അച്ഛനൊരു ഹോണ്ടാ സിറ്റി വാങ്ങുന്നത്. പുതിയ കാർ വന്ന ദിവസം എനിക്ക് ഓർമയുണ്ട്. കുഞ്ഞിക്കാർ പുറത്ത് ഇറക്കിയിട്ടിട്ട്  ഹോണ്ടാ സിറ്റി പോർച്ചിലിട്ടു. അടുത്ത ദിവസം രാവിലെ മാരുതി സ്റ്റാർട്ട് ആകുന്നില്ല. പിണങ്ങിയതാണ് !’’: അഖിൽ അക്കഥ പറ‍ഞ്ഞു.

‘‘അച്ഛൻ അന്നു തന്നെ പണിക്കാരെ വിളിച്ച് ഒരു കാർ ഷെഡ് കൂടി പണിതു. മാരുതി പുതിയ ഷെഡിൽ കയറ്റിയിട്ടു. ഒരു കുട്ടിയെ നോക്കുന്നതുപോലെ...’’ ഇഴയടുപ്പമുള്ള ബന്ധമുള്ള കുടുംബത്തിൽ ഒരു പഴയ കാറുണ്ടാകുമെന്ന് അഖിൽ പറയുന്നു. സ്വന്തം വീട്ടിലെ പിണങ്ങുന്ന കാറുപോലെ കുസൃതി കാട്ടുന്ന കാർ അഖിൽ കണ്ടത് ബന്ധുവായ ചേട്ടന്റെ വീട്ടുമുറ്റത്താണ്. പഴയ കാറാണ്. വല്ലപ്പോഴും കേടാകും. അപ്പോൾ ചേട്ടൻ ക്ളാസ്മേറ്റിനെ വിളിച്ച് റിപ്പയർ ചെയ്യിക്കും. ക്ളാസ്മേറ്റ് ഗൾഫിൽ നിന്നു വന്നയാളാണ്.  ഈ കക്ഷി എപ്പോൾ റിപ്പയർ ചെയ്താലും ഒരു പ്രശ്നം മാറും, പക്ഷേ മറ്റൊരെണ്ണം തുടങ്ങും. 

coffee-brake

ഒരിക്കൽ സ്റ്റാർട്ടിങ് ട്രബിൾ പരിഹരിച്ചതോടെ ചേട്ടന്റെ കാർ നിർത്താതെ ഹോണടിക്കാൻ തുടങ്ങി.  വിയർത്തുപോയ മെക്കാനിക് ഉറക്കെ വിളിച്ചു പറഞ്ഞു...  വെള്ളമെടുത്തേ. മുറ്റത്തെ ചെടിക്കു വെള്ളമൊഴിക്കുന്ന ഹോസും വലിച്ചു കൊണ്ട് അഖിൽ ഓടിച്ചെന്നപ്പോൾ മെക്കാനിക്കിന്റെ ഡയലോഗ്: ഇതിൽ ഒഴിക്കാനല്ല, എനിക്കു കുടിക്കാനാണ്.  ഈ കാറിനെ അതേപടി അഖിൽ സിനിമയിലെടുത്തു. പാച്ചുവും അത്ഭുതവിളക്കുമെന്ന അഖിലിന്റെ ആദ്യ സിനിമയിൽ ഫഹദ് ഫാസിലിന്റെ വീട്ടിലെ കാറായി അതു മാറി. 

ചെന്നൈയിൽ വിപ്രോയിൽ എൻജിനീയറായി ജോലി ചെയ്യുന്ന കാലത്ത് ആലപ്പി എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരനായിരുന്നു അഖിൽ.  ലോവർ ബെർത് അപൂർവമായി കിട്ടുന്ന ലോട്ടറിയാണ്. അതിൽ ഇരിക്കുമ്പോഴേക്കും ഒരാൾ അടുത്തു വന്നു സംസാരം തുടങ്ങും. നാടെവിടാ? തൃശൂരിലാ. തൃശൂരിലെവിടെ? അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ വീടിന് അടുത്താണോ?

വീടിന് അടുത്തല്ല, അകത്താണ് എന്നു പറഞ്ഞ് ‍അഖിൽ പെട്ടിയുമെടുത്ത് എഴുന്നേറ്റ് ലോവർ ബെർത് അയാൾക്കു വിട്ടുകൊടുക്കും. ഓടുന്ന ട്രെയിനിൽ ഒരു പരിചയവുമില്ലാത്തയാൾ ചിരിച്ചു കൊണ്ട് അടുത്തു വന്നാൽ അതു മുട്ടുവേദനയാണ്. അത് ലോവർ ബെർത്തിലേക്കുള്ള ഒരു റിസർവേഷനാണ്. അതോടെ നമ്മുടെ സീറ്റ് ആർഎസിയാകും!

2008.  മുംബൈയിൽ തീവ്രവാദി ആക്രമണം നടന്നതിന്റെ പിറ്റേദിവസം. ആലപ്പി എക്സ്പ്രസിൽ കയറാൻ ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലെത്തിയതാണ് അഖിൽ. സ്റ്റേഷനിൽ നിറയെ പൊലീസ്. എല്ലായിടത്തും പരിശോധന. ‌ട്രെയിൻ പുറപ്പെടാൻ നേരത്താണ് ഒരാൾ കംപാർട്ട്മെന്റിലേക്ക് ഓടിക്കയറിയത്. ചാക്കിൽപ്പൊതിഞ്ഞ ഒരു ഹാർഡ്ബോർഡ് പെട്ടിയുണ്ട് കൈയിൽ. പെട്ടി അഖിലിന്റെ സീറ്റിന്റെ അടിയിലേക്കു വച്ചിട്ട് അയാൾ പറഞ്ഞു: ചവിട്ടരുത്.അയാളുടേത് താഴത്തെ‍ ബെർത്താണ്. അഖിലിന് മുകളിലും. എന്നിട്ടും അയാൾ പറഞ്ഞു... നിങ്ങൾ ലോവർ ബെർത് എടുത്തോളൂ. ഞാൻ മുകളിൽ കിടന്നോളാം. 

അത്തരം ഒരു ഔദാര്യം അപൂർവമാണ്. അഖിലിനു പേടി തോന്നി. സീറ്റിന്റെ അടിയിൽ ബോംബാണോ, പൊട്ടുമോ?! റയിൽവേ സ്റ്റേഷനിൽ വച്ച് ആകാശത്ത് ഇരിക്കുന്ന ടിവി തുടർച്ചയായി പറയുന്നുണ്ടായിരുന്നു:  ചെന്നൈ, ഹൈദരാബാദ്, ഡൽഹി നഗരങ്ങളിൽ ബോംബ് ആക്രമണത്തിന് സാധ്യതയുണ്ട്. സംശയമുള്ള എന്തു കണ്ടാലും ഉടൻ പൊലീസിൽ അറിയിക്കണം. അഖിലിനു സംശയമുണ്ട്, പറയാൻ ധൈര്യം വരുന്നില്ല.

ടിടിഇ വന്നു. അയാളുടെ കൈയിലെ ചാർട്ടിൽ അഖിലിന്റെ പേരില്ല.  തർക്കിച്ചപ്പോൾ ടിടിഇ പറഞ്ഞു... ഈ ടിക്കറ്റ് ട്രിവാൻഡ്രം മെയിലിനുള്ളതാണ്. നിങ്ങൾ ട്രെയിൻ മാറിയാണ് കയറിയത്. ഇവിടെ ഇറങ്ങിക്കോ.

അഖിൽ പറഞ്ഞു: ഞാൻ ഫൈൻ അടയ്ക്കാം. ആവശ്യമുള്ള പണം പറയൂ. 1100 എന്ന് ടിടിഇ.  തുറന്നപ്പോൾ പഴ്സ് അഖിലിനെ നോക്കി വാപൊളിച്ചു, ആകെയുള്ളത് 130 രൂപ!  ആരു സഹായിക്കും? ചുറ്റും നോക്കി. യാത്രക്കാരെല്ലാം പുറത്തോട്ടു നോക്കിയിരിക്കുന്നു. പുറത്ത് ഇരുട്ടാണ്. എന്നിട്ടും എന്തു കാണാനാണ് ഇവരെല്ലാം നോക്കിയിരിക്കുന്നത് ! 

അടുത്ത നിമിഷം അപ്പർ ബർത്തിൽ നിന്ന് ഫുൾ സ്ളീവ്സിട്ട ഒരു കൈ താഴേക്കു നീണ്ടു വന്നു. ആയിരം രൂപയുടെ നോട്ട് നീട്ടിയിട്ട് അയാൾ പറഞ്ഞു.. ഇതു കൊടുത്തോളൂ, പിന്നീട് തിരിച്ചു തന്നാൽ മതി. തീരെ പ്രതീക്ഷിക്കാതെ വന്ന ആ സഹായം അഖിൽ കൈനീട്ടി വാങ്ങി. ടിടിഇ പോയി. കിടക്കാൻ നേരം മുകളിലേക്കു നോക്കിയിട്ട് അഖിൽ ചോദിച്ചു... ഈ പെട്ടിയിൽ എന്താ? അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു... ചവിട്ടരുത്. പൊട്ടും! ട്രെയിൻ അതുകേട്ട് നീട്ടിക്കൂവി. 

English Summary: Akhil Sathyan Coffee Brake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com