ADVERTISEMENT

പിൻസീറ്റ് അഴിച്ചു വച്ച ബുള്ളറ്റ് കണ്ടാൽ എന്തു തോന്നും ? ബൈക്കിന്റെ ഉടമ കാമുകിയുമായി പിണങ്ങി നടക്കുന്ന ആളാണെന്ന് തോന്നുമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫിനോടു പറഞ്ഞത് നടൻ നിവിൻ പോളിയാണ്. ഓം ശാന്തി ഓശാനയുടെ തിരക്കഥാചർച്ച നടക്കുന്ന സമയം. നായകന്റെ ബുള്ളറ്റിന് ബാക്ക് സീറ്റ് വേണ്ടെന്നു നിർദേശിച്ചിട്ട് നിവിൻ പറഞ്ഞു; പഴയ കാമുകി ഇരുന്ന സീറ്റാണത്. ഇനിയൊരു പ്രണയം വേണ്ടെന്നു തീരുമാനിച്ചാലുടനെ അയാൾ ആ സീറ്റ് അഴിച്ചു മാറ്റിക്കളയും. 

നായകനെ കാണുമ്പോൾ നായിക നസ്രിയ ആദ്യം ശ്രദ്ധിക്കുന്നതും അതാണ്.  ബൈക്കിന് ഒരു സീറ്റുമാത്രം! 

ഒടുവിൽ ക്ളൈമാക്സിൽ പിൻസീറ്റ് തിരിച്ചു വരുന്നു. ആ സീറ്റിനു മുകളിലെ കവർ മാറ്റുമ്പോൾ നായികയ്ക്കു മനസ്സിലാകുന്നു; അവന്റെ മനസ്സിൽ തനിക്കും സീറ്റുണ്ട് ! വണ്ടികളെ കഥാപാത്രങ്ങളാക്കാൻ പണ്ടേ ഇഷ്ടമാണ് സംവിധായകൻ ജൂഡിന്. ജൂഡിന്റെ വിഖ്യാത സിനിമയായ 2018ൽ മുഴുനീളെ ഓടി അഭിനയിക്കുന്നുണ്ട് തമിഴ്നാട് റജിസ്ട്രേഷനുള്ള ഒരു ലോറി!  അപർണ ബാലമുരളിയുടെ കാറിൽ ഇടിപ്പിച്ച് റിയർ വ്യൂ മിറർ പൊട്ടിച്ചു നിർത്താതെ പോകുന്ന അഹങ്കാരിയാണ് ആ ലോറി.

ജൂഡ് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ ബിടെക്കിനു പഠിക്കുന്ന സമയം. വെളുപ്പിന് കാസർകോട്ട് ട്രെയിനിറങ്ങും. കോളജിലേക്ക് ആ സമയത്ത് ബസ് ഒന്നുമില്ല.  വരുന്ന വണ്ടികൾക്കെല്ലാം കൈനീട്ടും.  മലയാളികൾ നിർത്തില്ല.  തമിഴ് ലോറികളേ നിർത്തൂ.  ഡ്രൈവർ ചോദിക്കും: എന്നെടാ? എന്നെടാ പ്രശ്നോം? പെരുമാറ്റം കണ്ടാൽ കട്ടക്കലിപ്പാണെന്നു തോന്നും. മുഖത്തേക്കു പോലും നോക്കാതെ ഡ‍്രൈവർ പറയും: ഏയ് ഏറെടാ.. 

ഒന്നും സംസാരിക്കില്ല. മസിലുപിടിച്ചിരുന്ന് ഇങ്ങനെ ഡ്രൈവ് ചെയ്തുകൊണ്ടേയിരിക്കും. ഇറങ്ങാൻനേരം നമ്മൾ കാശു കൊടുത്താലും വാങ്ങില്ല; ഏയ് പോടാ... എന്നു പറഞ്ഞ് ഇറക്കിവിടും. ജൂഡ് പറയുന്നു: വാഹനങ്ങളുടെ കുടുംബത്തിലെ മൂത്തചേട്ടനാണ് തമിഴ്നാട് ലോറി. കാഴ്ചയിൽ പരുക്കനാണ്. പക്ഷേ ഉള്ളിൽ സ്നേഹമുള്ളവനായിരിക്കും.

ഇതുപോലെയൊരു ലോറിയിലാണ് 2018ൽ വിനീത് ശ്രീനിവാസന്റെ കഥാപാത്രം യാത്ര ചെയ്യുന്നത്. ജീവിതത്തിലാവട്ടെ വിനീതിനൊപ്പം ചെന്നൈയിലും കേരളത്തിലും ഒരുപാടു യാത്ര ചെയ്തിട്ടുണ്ട് ജൂഡ്. 

ഒരിക്കൽ സിനിമയ്ക്കു ലൊക്കേഷൻ തേടി ജൂഡ് തലശ്ശേരിയിലെത്തുമ്പോൾ വിനീതും അവിടെയുണ്ട്. വിനീതിന്റെ അമ്മ വിമലയുടെ നാടാണ്. അമ്മയുടെ തറവാട്ടിൽ രണ്ടാളും ഒത്തുകൂടി.  അവിടെ ഒരു പഴയ വാഗൺ ആറുണ്ട്. ഒരു ദിവസം അതുമെടുത്ത്  ജൂഡിന് ലൊക്കേഷൻ‌ തേടിയിറങ്ങി. ജൂഡാണ് ഡ്രൈവർ. വിനീത് നാട്ടിലെ ഓരോ സ്ഥലങ്ങളും കണ്ട് മുൻസീറ്റിൽ.

ഒരിടത്ത് എത്തിയപ്പോൾ ഒരു നാട്ടുവഴിയിലേക്കു തിരിക്കാൻ വിനീത് പറഞ്ഞു. കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ വിനീത് പറഞ്ഞു: ഭയങ്കര ദാഹം. കുറച്ചു വെള്ളം കുടിച്ചിട്ടു പോകാം.

തൊട്ടുമുന്നിലുള്ള വീട്ടിൽ കയറി. വീട്ടുകാർക്ക് വിനീതിനെയും അമ്മയെയുമൊക്ക നന്നായി അറിയാം. വിശേഷങ്ങളൊക്കെ പറഞ്ഞു. അവിടത്തെ കിണറ്റിൽ നിന്ന് വെള്ളം കോരിക്കുടിച്ചു.

തിരിച്ചു പോരുമ്പോൾ വിനീത് പറഞ്ഞു: എന്തു മധുരമാണ് ആ വെള്ളത്തിന്!

എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ എന്ന മട്ടിൽ ജൂഡ്. അപ്പോൾ വിനീത് പറഞ്ഞു: സ്കൂളിൽ കൂടെ പഠിച്ച ഒരു കുട്ടിയുടെ വീടാണ്. എനിക്ക് അവളോടു ഭയങ്കര ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, അവൾക്ക് അങ്ങനെയില്ലായിരുന്നു. വിനീതിന്റെ അടുത്ത സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ജൂഡിനു സംഗതി മനസ്സിലായത്. ആ സിനിമയുടെ പേര് തട്ടത്തിൻ മറയത്ത് ! ജൂഡ് പറഞ്ഞു: എടാ വമ്പാ, അന്ന് എന്നെയുംകൂട്ടി നാടുമുഴുവൻ കറങ്ങിയത് ഈ സിനിമയ്ക്ക് കഥതേടിയായിരുന്നല്ലേ! സ്കൂളിലെ പ്രണയം പ്രമേയമായി വന്ന തട്ടത്തിൻ മറയത്തിന്റെ തിരക്കഥ എഴുതുന്ന സമയത്തായിരുന്നു വിനീതിന്റെ ആ തലശ്ശേരി യാത്ര! 

ഒറ്റ കിക്കിനു സ്റ്റാർട്ടാകുന്ന ബൈക്ക് പോലെയാണ് ജൂഡിന്റെ സ്വഭാവം. പെട്ടെന്ന് ദേഷ്യം വരും. ദേഷ്യം വന്നാൽ കുറെ നേരം റെയ്സായി നിൽക്കും.  മുഖം നോക്കാതെ പ്രതികരിക്കും.  ഇതുകൊണ്ട് ഇപ്പോൾ ഡ്രൈവിങ് പരമാവധി ഒഴിവാക്കും. ഒന്നുകിൽ ഊബർ, അല്ലെങ്കിൽ ഡ്രൈവർ. അതാണ് ഇപ്പോഴത്തെ പതിവ്. ലെയ്ൻ തെറ്റിച്ച് ഓടിക്കലും റോങ് സൈഡിൽ ഓവർടേക്കിങ്ങും ഉൾപ്പെടെ റോഡിലെ നിയമലംഘനങ്ങൾ കണ്ടാൽ പിന്നാലെ ചെന്ന് രണ്ടു പൊട്ടിക്കാൻ ചോര തിളക്കും ഇപ്പോഴും. 

സിനിമാറ്റോഗ്രഫർ ജോമോൻ ടി ജോണിനെ കണ്ടിട്ട് കാറോടിച്ച് തിരിച്ചു വരികയായിരുന്നു ജൂഡ്. എറണാകുളത്തെ വെണ്ണല ജംക്ഷൻ. ഠപ്പ് എന്നൊരു ശബ്ദം ! ഇറങ്ങി നോക്കി. കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചതാണ്. ബോണറ്റ് പപ്പടമായി. ടെയ്‍ൽ ലാമ്പൊക്കെ പൊട്ടി. ദേഷ്യം വന്നു. ഇത്തരം സാഹചര്യങ്ങളിൽ വിക്ക് വരാറുണ്ട് ജൂഡിന്. എവിടെ നോക്കിയാടോ ഓടിക്കുന്നത് ചോദിച്ച് അയാളുടെ നേരെ ചെന്നു. ഇടിപ്പിച്ച കാറിന്റെ ഡ്രൈവർ പറഞ്ഞു.. ബ്രേക്ക് കെടയ്ക്കലേ സാർ.

അയാളും വിക്കിയാണ് പറഞ്ഞത്; തമിഴിൽ ! അയാൾ കളിയാക്കിയതാണെന്ന് ജൂഡിന് തോന്നി.  തന്നെ കളിയാക്കുന്നതാണെന്ന് കാർ ഡ്രൈവർക്കും തോന്നി.  പിന്നെ കുറെ നേരം രണ്ടു പേരും തമ്മിൽ ഭയങ്കര വിക്ക്, സോറി വഴക്ക് ! ഒടുവിലാണ് മനസ്സിലായത് ഞങ്ങൾ രണ്ടു പേർക്കും സംസാരിക്കുമ്പോൾ വിക്കുണ്ട് !

English Summary: Coffee Brake July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com