ADVERTISEMENT

മലയിറങ്ങുന്ന കാറ്റ് ഓടുന്ന ബസിൽ ചാടിക്കയറി ഉള്ളിലൂടെയൊന്നു ചുറ്റി ടിക്കറ്റെടുക്കാതെ അടുത്ത വളവിൽ തിരിച്ചിറങ്ങിപ്പോയി. കുട്ടിക്കാനമെത്താൻ ഇനി 20 കിലോമീറ്ററേയുള്ളൂ. പക്ഷേ ഒരു മണിക്കൂറെടുക്കും. വാർധക്യത്തിലെ ഞരമ്പുകൾ പോലെ വളഞ്ഞും തിരിഞ്ഞുമാണ് റോഡ്. തേക്കടിക്കുള്ള കെഎസ്ആർടിസി ബസിൽ തിരക്കുണ്ട്. ഇനി രണ്ടു ദിവസം അവധിയാണ്. ആളുകൾ വിനോദ യാത്രാകേന്ദ്രങ്ങളിലേക്കു പോവുകയാണ്.

ചോറ്റുപാറയിലേക്കുള്ള യാത്രക്കാരനാണ് അയാൾ. 45 വയസ്സുണ്ട്. മുടി അവിടവിടെ നരച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട് അയാൾക്ക്. അവരെയൊന്നും കൂട്ടാതെ തനിച്ച് ഒരു യാത്രയ്ക്കിറങ്ങിയതാണ്. സ്വന്തമായി രണ്ടു കാറുകളുണ്ടെങ്കിലും ഇതുപോലെയുള്ള ബസ് യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ്. മുന്നിലിരുന്ന യാത്രക്കാരിയുടെ രണ്ടോ മൂന്നോ മുടിയിഴകൾ കാറ്റിൽപ്പറന്നു വന്ന് അയാളുടെ മുഖത്തു തൊട്ടു. പുഷ്പസുഗന്ധിയായ ഏതോ ഹെയർ ഓയിലിന്റെ മണം മൂക്കിൽത്തട്ടി. മഴ തോർന്ന നേരത്തെ നനഞ്ഞു തിടംവച്ച ഇരുളിൽ അതിലും ഇരുളാർന്ന് കുല കുലയായി അഴിഞ്ഞു വീണ മുടിയിഴകളിൽ മുഖം പൂഴ്ത്തിയിരുന്ന ഏതോ കാല രാത്രികൾ അയാൾക്ക് ഓർമ വന്നു. അതൊക്കെ അയാളുടെ കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുന്ന സമയത്തായിരുന്നു. ആ ഓർമകൾ അയാളെ തെല്ല് അലോസരപ്പെടുത്തി. 

കുറെ ചായക്കടകളുള്ള ഒരു വളവിൽ ബസ് നിർത്തി. യാത്രക്കാർ പുറത്തിറങ്ങി ചായ കുടിക്കാനോടി. അതൊരു വ്യൂപോയിന്റായിരുന്നു. കുന്നിറങ്ങി താഴ്‍വരയിലേക്ക് ഓടി മറയുന്ന ഒരു വെള്ളച്ചാട്ടം, ചുറ്റുപാടും കാട്ടിലെ ഇലകൾ കൊണ്ടു മേഞ്ഞ കുറെ കടകൾ, വരണ്ട ചുണ്ടുകളെ ഓർമിപ്പിക്കുന്ന കരിക്കിൻ തൊണ്ടുകൾ അവിടവിടെയായി ചിതറിക്കിടക്കുന്നു. മലയിൽ മഴ പെയ്യുന്നതിന്റെ അഹങ്കാരത്തിൽ തരംകിട്ടിയാൽ റോഡിലേക്ക് എടുത്തു ചാടാൻ വെമ്പുകയാണ് വെള്ളച്ചാട്ടം. തുള്ളികൾ തുള്ളിച്ചാടുന്നിടത്ത് പോയി അയാൾ നിന്നു. ഉടുപ്പുകൾ നനയുന്നതിന്റെ സുഖം. ഒരു പയ്യൻ അരികിലേക്കു വന്നു: ഈ വെള്ളത്തിൽ കലക്കിയ നാരങ്ങാ സർബത്തുണ്ട്. എടുക്കട്ടേ? ഈ വെള്ളത്തിനെന്താ ഇത്ര വിശേഷിച്ച് എന്ന മട്ടിൽ അയാൾ നോക്കി. അവൻ പറഞ്ഞു... ഒരു ഗ്ളാസ് കുടിച്ചാൽ രണ്ടു ദിവസത്തേക്ക് ഫുൾ ചാർജ് നിൽക്കും. 

അയാൾ പറഞ്ഞു.. രണ്ടു ഗ്ളാസ് തന്നേക്കൂ. ബസ് ഡ്രൈവർ ഹോണടിച്ച് പോകാൻ തിരക്കു കൂട്ടി. 

പയ്യൻ പറഞ്ഞു.. ഉടനെയൊന്നും പോകില്ല. ആ ഡ്രൈവറുടെ ഒരു തന്ത്രമാണ്. ചില കടകൾക്കു മാത്രം കച്ചവടം കിട്ടാനുള്ള സൂത്രം. ചോറ്റുപാറയിലെ ഒരു ഫാംഹൗസിൽ അയാൾ മുറിയെടുത്തിട്ടുണ്ടായിരുന്നു. രാത്രിയായാൽ നിർത്താതെ പിറുപിറുക്കുന്ന ഏലക്കാടുകളുടെ നടുവിലാണ് ആ ഫാംഹൗസ്. ഇരുൾ വീണാലുടനെ കാട്ടിൽ നിന്ന് ചീവീടുകളുടെ ശബ്ദം തുടങ്ങും. എന്തോ കണ്ട് പേടിച്ചതുപോലെ ഇടയ്ക്ക് ഒറ്റയടിക്ക് എല്ലാം ചിലയ്ക്കൽ നിർത്തും. അന്നേരം ഒരു വലിയ ശൂന്യത വീർക്കാൻ തുടങ്ങും. ഉടനെ തന്നെ അതു പൊട്ടും. കടുംപച്ച നിറത്തിൽ നേരത്തേ സന്ധ്യയാകും ആ പ്രദേശത്ത്.

ബസ് വീണ്ടും യാത്ര തുടങ്ങി. മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരൻ ബസിന്റെ മുകളിലെ കമ്പിയിൽ പിടിച്ച കൈവിരലുകൾ ബസിന്റെ വേഗങ്ങൾക്കൊപ്പം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നുണ്ടായിരുന്നു. അയാളുടെ മുന്നിൽ നിൽക്കുന്നത് ഒരു യുവതിയാണ്. കുറെ അലുക്കുകളും ചുരുക്കുകളുമുള്ള വേഷമണിഞ്ഞ് ഒരുപാട് മണികളുള്ള ഒരു സംഗീതയന്ത്രം പോലെ ഒരു ഉത്തരേന്ത്യൻ യുവതി ! ആ യുവാവിന്റെ വിരലുകൾ അവളുടെ വിരലുകൾക്കുനേരെ ഓടിച്ചെല്ലുന്നതും ഒന്നു തൊട്ടിട്ട് പെട്ടെന്ന് പിന്മാറുന്നതും പിന്നെയും മുന്നോട്ടു പോകാൻ വെമ്പുന്നതും നോക്കി അയാളിരുന്നു.

പിന്നിൽ നിന്ന് ഒരു ബഹളം. കണ്ടക്ടറുടെ പുറപ്പാടാണ്. കുറെ ചെറുപ്പക്കാരുമായി കശപിശ. ബാക്കി കൊടുക്കാൻ ചില്ലറയില്ല. ഗൂഗിൾ പേ ചെയ്യാമെന്ന് യുവാക്കൾ. ബസിൽ എന്തു ഗൂഗിൾ പേ! ചുമ്മാ പേ പറയാതെയെന്ന് കണ്ടക്ടർ. ആറു രൂപയുടെ ചില്ലറയെച്ചൊല്ലിയാണ് വഴക്ക്. ഇങ്ങനെ നൂറു പേർ തരാതിരുന്നാൽ എന്റെ കൈയിൽ നിന്ന് പോകുന്നത് എത്രയാണെന്ന് അറിയാമോ? 600 രൂപ! അല്ലെങ്കിൽത്തന്നെ ശമ്പളം പോലുമില്ല. കണ്ടക്ടർ എല്ലാ യാത്രക്കാരോടുമായി പറഞ്ഞു. ആരും ഇടപെടുന്നേയില്ല.

ചില്ലറ ഞാൻ തരാം: അയാൾ എഴുന്നേറ്റു നിന്നു. പഴ്സിൽ കുറെ ചില്ലറകൾ കരുതുന്ന പതിവ് അയാൾക്കുണ്ട്. കാറിലാണെങ്കിൽ ഡാഷ് ബോർഡിലുണ്ടാകും. താങ്ക് യു അങ്കിൾ എന്നു പറഞ്ഞ് മുന്നോട്ടു വന്ന പയ്യന് 12 രൂപയുടെ നാണയങ്ങൾ എണ്ണിക്കൊടുത്തിട്ട് പറഞ്ഞു: ഇരട്ടി ചില്ലറയുണ്ട്. ഇനി അങ്കിൾ എന്നു വിളിക്കരുത്. അതിനാണ് കൂടുതൽ തരുന്നത്. പയ്യനൊന്നു ചമ്മി. അവന്റെ തോളിൽ കൈയിട്ടിരുന്ന പെൺകുട്ടി അടക്കം പറഞ്ഞു... അങ്കിൾ എന്നത് ഉള്ളതിലധികം പ്രായം തോന്നിക്കുന്ന വാക്കാണ്. അങ്ങനെ വിളിക്കുന്നത് എന്റെ ഡാഡിക്കും ഇഷ്ടമല്ല. 

ചില്ലറ കിട്ടിയതോടെ കണ്ടക്ടർ മെരുങ്ങി. കുട്ടികൾ പിന്നെയും ബഹളം തുടർന്നു. ബസ് വണ്ടിപ്പെരിയാർ ടൗണിലെത്തി. അയാൾ ധൃതി പിടിച്ചിറങ്ങി. എത്രയും വേഗം ഫാംഹൗസിലെത്തണം. ഏലത്തോട്ടങ്ങളിലേക്കുള്ള ട്രിപ്പ് ജീപ്പുകൾ ക്യൂ നിൽക്കുന്നു. ഏറ്റവും മുന്നിലെ ജീപ്പിൽത്തന്നെ അയാൾ കയറി. ഡ്രൈവറുടെ മുന്നറിയിപ്പ്... ഗാട്ട് റോഡാണ്. പിടിച്ചിരിക്കണം. വല്ലാത്ത എടുത്തചാട്ടമുണ്ടാകും. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ഭാര്യ അയാളോടു ചോദിച്ചിരുന്നു; എവിടേക്കാണ് ഇത്തവണത്തെ യാത്രയെന്ന്. എവിടെപ്പോയാലും പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുമെന്നു മാത്രം പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കിൽ തന്നെ പ്രത്യേകിച്ച് ആരെയും കാണാനല്ലാത്ത, എങ്ങുമെത്താനുമല്ലാത്ത ചില യാത്രകളുമുണ്ടെന്ന് അയാൾ ഓർത്തു; ഇതുപോലെ...

English Summary: Coffee Brake Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com