പുത്തൻ ജീപ്പ് റാംഗ്ലർ ഇന്ത്യയിൽ, വില 63.94 ലക്ഷം

jeep-wrangler
Jeep Wrangler
SHARE

സ്പോർട് യൂട്ടിലിറ്റി വാഹനമായ ജീപ് റാംഗ്ലറിന്റെ നാലാം തലമുറ മോഡൽ  ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. അഞ്ചു വാതിലോടെ മുന്തിയ വകഭേദമായ ‘സഹാര’ പതിപ്പായി മാത്രം വിൽപ്പനയ്ക്കുള്ള ‘റാംഗ്ലറി’ന് 63.94 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂം വില.  ഇന്ത്യയ്ക്കായി പ്രത്യേകം നടപ്പാക്കിയ പരിഷ്കാരങ്ങളോടെയാണു ‘റാംഗ്ലറി’ന്റെ വരവ്; താഴ്ത്തിയ ബെൽറ്റ്ലൈൻ, പരിഷ്കരിച്ച സെവൻ സ്ലാറ്റ് മുൻ ഗ്രിൽ, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം ഹെഡ്ലാംപ്, വലിപ്പമേറിയ ടെയിൽ ലാംപ് എന്നിവയ്ക്കു പുറമെ കാഴ്ച മെച്ചപ്പെടുത്താനായി ടെയിൽ ഗേറ്റിലെ സ്പെയർ വീലിന്റെ സ്ഥാനവും എഫ് സി എ താഴ്ത്തിയിട്ടുണ്ട്. 

അകത്തളത്തിൽ സ്ഥലസൗകര്യം വർധിപ്പിച്ചതിനൊപ്പം കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഏഴ് ഇഞ്ച് മൾട്ടി ഇൻഫൊ ഡിസ്പ്ലേ, ആപ്ൾ കാർ പ്ലേ — ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ 8.4 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, പിന്നിൽ എ സി വെന്റ്, യു എസ് ബി പോർട്ട്, മൾട്ടിപ്ൾ 12 വോൾട്ട് സോക്കറ്റ് തുടങ്ങിയവയൊക്കെ ‘റാംഗ്ലറി’ലുണ്ട്. ഓഫ് റോഡിങ്ങുമായി ബന്ധപ്പെട്ട ആക്സിൽ സ്റ്റേറ്റസും സ്റ്റീയറിങ് ആംഗിളും മുതൽ കാറിന്റെ ഓൾട്ടിറ്റ്യൂഡ്, ലാറ്റിറ്റ്യൂഡും ലോഞ്ചിറ്റ്യൂഡും സഹിതമുള്ള സ്ഥാനം തുടങ്ങിയവ വരെ ഇൻഫൊടെയ്ൻമെന്റ് സ്ക്രീനിൽ തെളിയും. പിച്ച് — റോൾ ആങ്കിളുകളും സ്ക്രീനിൽ ലഭിക്കും. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഇ എസ് സി, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ് തുടങ്ങിയവയുമുണ്ട്.

പുതിയ ‘റാംഗ്ലറി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ഇൻലൈൻ ടർബോ പെട്രോൾ എൻജിനാണ്; 270 ബി എച്ച് പിയോളം കരുത്തും 400 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള എസ് യു വിയിൽ എട്ടു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിൻ വൈകാതെ ബി എസ് ആറ് നിലവാരത്തിലേക്കു ഉയർത്തുമെന്നാണു പ്രതീക്ഷ.

യു എസിലെ ടൊലേഡൊ ശാലയിൽ നിർമിക്കുന്ന ഈ ജീപ്പ്, ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. 2017 ഫെബ്രുവരിയിലാണു ‘റാംഗ്ലറി’ന്റെ മുൻതലമുറ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. 284 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 3.6 ലീറ്റർ, വി സിക്സ് പെട്രോൾ, 200 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 2.8 ലീറ്റർ ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ടായിരുന്ന ആ ജീപ്പിന് 56 ലക്ഷം രൂപ മുതലായിരുന്നു വില. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA