ADVERTISEMENT

ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത സെഡാനായ ടിഗോർ ഇവി ഇനി മുതൽ വ്യക്തിഗത ഉപയോഗത്തിനും ലഭ്യമാവും. രാജ്യത്തെ 30 നഗരങ്ങളിൽ വിൽപനയ്ക്കെത്തിയ, ടിഗോർ ഇവി പതിപ്പിന് 9.44 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില(സബ്സിഡി കുറച്ചതിന് ശേഷം). ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യുടെ സാക്ഷ്യപത്രപ്രകാരം ഓരോ ചാർജിലും 213 കിലോമീറ്ററാണു കാർ ഓടുക. വാണിജ്യ വിഭാഗം ഉപയോക്താക്കൾക്ക് അധിക വരുമാനം നേടാനുള്ള സാധ്യതയും വ്യക്തിഗത ഉപയോക്താക്കൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള സൗകര്യവുമാണു പുതിയ ടിഗോർ ഇവി എക്സ്റ്റൻഡഡ്  റേഞ്ച് വാഗ്ദാനം ചെയ്യുന്നതെന്നു ടാറ്റ മോട്ടോഴ്സ് വൈദ്യുത വാഹന ബിസിനസ് വിൽപന, വിപണന, ഉപഭോക്തൃ സേവന വിഭാഗം മേധാവി ആശിഷ് ധാർ അഭിപ്രായപ്പെട്ടു. ഫ്ളീറ്റ് വിഭാഗത്തിൽ നിന്നും സർക്കാർ മേഖലയിൽ നിന്നും മികച്ച സ്വീകാര്യതയാണു ടിഗോർ ഇവി നേടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ടു പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള വാണിജ്യ വാഹന വിഭാഗം ഉപയോക്താക്കൾക്ക് 9.44 ലക്ഷം രൂപയ്ക്ക് ടിഗോർ ഇവിയുടെ ഈ പുതുവകഭേദം സ്വന്തമാക്കാനാവുമെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. ‌ദീർഘിപ്പിച്ച സഞ്ചാര പരിധിക്കു പുറമെ കുറഞ്ഞ ഉടമസ്ഥാവകാശ ചെലവും കണക്ടിവിറ്റിയും മലിനീകരണ വിമുക്തമാണെന്നതുമൊക്കെയാണ് ടിഗോർ ഇവിയുടെ മികവായി നിർമാതാക്കൾ അവതരിപ്പിക്കുന്നത്. 21.5 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന കാറിൽ രണ്ടു ഡ്രൈവിങ് മോഡും ലഭ്യമാണ്. ഡ്രൈവും സ്പോർട്ടും. അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനങ്ങൾ മറികടക്കാനും സുസ്ഥിരമായ പ്രകടനം ഉറപ്പാക്കാനുമായി കാറിലെ ബാറ്ററിക്കു സ്വന്തമായ ശീതീകരണ സംവിധാനവും ടാറ്റ മോട്ടോഴ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. 

ടിഗോർ ഇ വിയുടെ എക്സ് ഇപ്ലസ് പതിപ്പിൽ ഡ്രൈവർക്കു മാത്രമാണ് എയർബാഗ്; എന്നാൽ മറ്റു വകഭേദങ്ങളിൽ ഇരട്ട എയർബാഗ് ഘടിപ്പിച്ചിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം എല്ലാ കാറിലുമുണ്ട്. ടിഗോർ ഇവിക്ക് മൂന്നു വർഷം അഥവാ 1.25 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com