ADVERTISEMENT

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിൻ സഹിതം റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350 വിൽപനയ്ക്കെത്തി. 1,65,025 രൂപയാണു പുത്തൻ ബൈക്കിന്റെ ഷോറൂം വില. റോയൽ എൻഫീൽഡ് ശ്രേണിയിൽ ബി എസ് ആറ് നിലവാരമുള്ള എൻജിനോടെ വിൽപ്പനയ്ക്കെത്തുന്ന ആദ്യ മോട്ടോർ സൈക്കിളാണ് ഇരട്ട ചാനൽ എ ബി എസ് സഹിതമെത്തുന്ന ‘ക്ലാസിക് 350’. വൈകാതെ മറ്റു ബൈക്കുകളിലും ബി എസ് ആറ് എൻജിൻ ഇടംപിടിക്കുമെന്ന് ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡ് വ്യക്തമാക്കി. പുതുക്കിയ നിയമങ്ങൾ പ്രകാരം ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ബി എസ് ആറ് നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾ മാത്രമാണു വിൽക്കാനാവുക.

നിലവിലുള്ള നിറങ്ങൾക്കൊപ്പം രണ്ടു പുതിയ വർണങ്ങളിലും ‘ക്ലാസിക് 350 ബി എസ് ആറ്’ വിപണിയിലുണ്ട്: സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക്, എയർബോൺ ബ്ലൂ, സിഗ്നൽസ് സ്റ്റോംറൈഡർ സാൻഡ്, ഗൺമെറ്റൽ ഗ്രേ, ക്ലാസിക് ബ്ലാക്ക് നിറങ്ങളിലാണു ബൈക്ക് ലഭിക്കുക. ഇതിൽ സ്റ്റെൽത്ത് ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ നിറങ്ങൾ അലോയ് വീലും ട്യൂബ്രഹിത ടയറും സഹിതമാണു വിൽപ്പനയ്ക്കെത്തുക; മറ്റു നിറങ്ങളിൽ വയർ സ്പോക്ക് വീലുകളാണുണ്ടാവുക.

ബൈക്കിനു കരുത്തേകുന്ന 346 സി സി എൻജിൻ മുമ്പത്തെ ബി എസ് നാല് എൻജിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണു റോയൽ എൻഫീൽഡിന്റെ വാഗ്ദാനം. ബി എസ് നാല് നിലവാരത്തിൽ 19.8 ബി എച്ച് പി കരുത്തും 28 എൻ എം വരെ ടോർക്കുമാണ് ഈ 346 സി സി എൻജിൻ സൃഷ്ടിച്ചിരുന്നത്. ടാങ്കിൽ ഇന്ധനത്തിന്റെ അളവ് കുറയുമ്പോൾ മുന്നറിയിപ്പ് നൽകാനും എൻജിൻ പ്രവർത്തന തകരാർ സൂചിപ്പിക്കാനുമുള്ള ലൈറ്റുകൾ ഇൻസ്ട്രമെന്റ് കൺസോളിൽ ഇടംപിടിക്കുന്നതാണു മറ്റൊരു പ്രത്യേകത. 

ബി എസ് ആറ് മോഡലിനൊപ്പം പുതിയ വിൽപ്പനാന്തര സേവന പാക്കേജും റോയൽ എൻഫീൽഡ് അവതരിപ്പിച്ചിട്ടുണ്ട്; മൂന്നു വർഷ വാറന്റിക്കൊപ്പം മൂന്നു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസുമാണ് നിർമാതാക്കളുടെ വാഗ്ദാനം.പുതിയ ബൈക്കിനുള്ള ബുക്കിങ് വിവിധ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്; 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ബുക്കിങ് ഏറ്റെടുക്കുന്നത്. ഇന്ത്യൻ വിപണിയിൽ ‘ജാവ’യോടും ബെനെല്ലി ‘ഇംപീരിയലി’നോടുമാണു ‘ക്ലാസിക് 350 ബി എസ്’ മത്സരിക്കുന്നത്. ബി എസ് ആറ് പതിപ്പിനു പുറമെ കാലികമായ മാറ്റങ്ങളും പുതുമകളുമൊക്കെയായി ‘ക്ലാസിക് 350’ ബൈക്കിന്റെ പുതുതലമുറ പുറത്തിറക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്. നിലവിൽ പരീക്ഷണ ഓട്ടത്തിലുള്ള ഈ മോഡൽ മിക്കവാറും വർഷാവസാനത്തോടെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

English Summary: Royal Enfield Classic 350 BS 6 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com