കൂടിയ ഇന്ധനക്ഷമത, പുത്തൻ ആഡംബരം: ‌വലുതായി സിറ്റി അഞ്ചാമൻ: വില 10.89 ലക്ഷം മുതൽ

HIGHLIGHTS
  • അലക്സ റിമോട്ട് കേപ്പബിലിറ്റിയുള്ള ഇന്ത്യയിലെ ആദ്യ വാഹനം
  • ഇന്നു വരെ ഇറങ്ങിയിട്ടുള്ള സിറ്റികളിൽ ഏറ്റവും മികച്ചത്
honda-city-2020-4
Honda City 2020
SHARE

പുതിയ മോഡൽ പുറത്തിറക്കി രണ്ടര വർഷത്തിനു ശേഷം ഫെയ്സ്‌ലിഫ്റ്റും അഞ്ചു കൊല്ലം കഴിയുമ്പോൾ നിഷ്ഠയോടെ പുതിയ സിറ്റിയും ഇറക്കുകയെന്നത് ഹോണ്ടയുടെ മാത്രം പ്രത്യേകതയാണ്. പതിവു തെറ്റിക്കാതെ നാലാം തലമുറ സിറ്റി പുറത്തിറങ്ങി അഞ്ചു വർഷത്തിന് ശേഷം അഞ്ചാം തലമുറയും വിപണിയിലെത്തിയിരിക്കുന്നു. 10.89 ലക്ഷം മുതൽ 14.64 ലക്ഷം വരെ രൂപയാണ് പുതിയ സിറ്റിയുടെ എക്സ്ഷോറൂം വില. പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്ക്, ഡീസൽ എൻജിനുകളിലായി മൂന്നു വേരിയന്റുകളിൽ പുതിയ സിറ്റി ലഭിക്കും.

honda-city-price

പ്ലാറ്റ്ഫോമടക്കം അടിമുടി മാറി പുതുപുത്തൻ കാറായിട്ടാണ് സിറ്റി എത്തിയിരിക്കുന്നത്. അലക്സ റിമോട്ട് കേപ്പബിലിറ്റിയുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ് പുതിയ സിറ്റി എന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഹോണ്ടയുടെ ടെലിമാറ്റിക് കൺട്രോൾ യൂണിറ്റും പുതിയ സിറ്റിയിലുണ്ട്. ഫുൾ എൽഇഡി ഹെ‍‍ഡ്‌ലാംപുകൾ, ഇസഡ് ആകൃതിയിലുള്ള റാപ്പ് എറൗണ്ട് ടെയിൽ ലാംപ്, 17.7 സെന്റീമിറ്റർ ഫുൾ എച്ച്ഡി ടിഎഫ്ടി മീറ്റർ കൺസോൾ, ലൈൻ വാച്ച് ക്യാമറ, ആംഗിൾ ഹാൻഡിലിങ് അസിസ്റ്റോടു കൂടിയ വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ് തുടങ്ങി സെഗ്‍മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പുതിയ നിരവധി ഫീച്ചറുകളുണ്ട് പുതിയ സിറ്റിയിൽ.

honda-city-2020-5

ഇന്നു വരെ ഇറങ്ങിയിട്ടുള്ള സിറ്റികളിൽ ഏറ്റവും മികച്ചതാണ് അഞ്ചാം തലമുറയിൽപ്പെട്ട പുതിയ സിറ്റി. നാലാം തലമുറയെക്കാൾ നീളവും വീതിയും കൂടി. വീൽ ബേസ് പഴയ മോഡലിനു സമം. ഉയരത്തിൽ തെല്ലു കുറവുണ്ട്, പക്ഷേ അത് ക്യാബിനിൽ പ്രതിഫലിക്കുന്നില്ല. നീളം 4549 മി.മി. (പഴയ മോഡൽ 4440 മി.മി.), വീതി 1748 (പഴയ മോഡൽ  1695), ഉയരം 1489 (പഴയ മോഡൽ 1495), വീൽ ബേസ് 2600.

honda-city-2020-1

പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയറും മികച്ച ഡിെെസനുമാണ് പുതിയ സിറ്റിക്ക്. പൂർണമായും എൽഇഡി ഹെഡ്‌ലാംപ്, സെഡ് ആകൃതിയിലുള്ള റാപ് എറൗണ്ട് എൽഇഡി ടെയിൽ ലാംപ്, 17.7 സെ.മീ. ഹൈ ഡെഫനിഷൻ ഫുൾ കളർ ടിഎഫ്ടി മീറ്റർ, ലെയ്ൻ വാച്ച് ക്യാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് (വിഎസ്എ), അജൈൽ ഹാൻഡ്‌ലിങ് അസിസ്റ്റ് (എഎച്ച്എ), ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച് സ്ക്രീൻ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ആസിയാൻ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറിന്റെ സുരക്ഷ കൈവരിച്ച കാറിൽ ആറ് എയർബാഗുകളും ഇബിഡിയും ബ്രേക്ക് അസിസ്റ്റുമുള്ള എബിഎസും ലോകത്തിലെ ആദ്യ ഐഎസ്ആർഎസ് എയർബാഗും സെഗ്മെന്റിൽ ആദ്യമായി ലൈൻ ചെഞ്ച് ക്യാമറയുമുണ്ട് എന്നാണ് ഹോണ്ട പറയുന്നത്.

honda-city-2020-6

ബിഎസ് നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. 121 ബിഎച്ച്പി കരുത്തുള്ള പെട്രോൾ എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 100 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രം. പെട്രോൾ എൻജിന് 17.8 (മാനുവൽ), 18.4 (സിവിടി) കിലോമീറ്ററും ഡീസൽ എൻജിൻ 24.1 കിലോമീറ്ററും ഇന്ധനക്ഷമത.

honda-city-2020-2

ഹോണ്ട ഇന്ത്യയുടെ മോഡൽ ശ്രേണിയിൽ ഏറ്റവും വിജയം കൊയ്ത മോഡലുകളിലൊന്നാണു സിറ്റി. 1998 ജനുവരിയിലാണു സിറ്റി ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. 2003 നവംബറിൽ രണ്ടാം തലമുറ സിറ്റി ഇന്ത്യയിലെത്തി. അഞ്ചു വർഷത്തിനു ശേഷം 2008 സെപ്റ്റംബറിലായിരുന്നു മൂന്നാം തലമുറ സിറ്റിയുടെ വരവ്. 2014 ജനുവരിയിൽ നാലാം തലമുറ സിറ്റിയും ഇപ്പോൾ അഞ്ചാം തലമുറയുമെത്തി. ഇതുവരെ എട്ടു ലക്ഷത്തിൽ അധികം സിറ്റി കാറുകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ടെന്നാണു ഹോണ്ടയുടെ അവകാശവാദം. 

English Summary: Honda City 5th Gen Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA