ഫെറാരിയുടെ ഏറ്റവും മികച്ച കാർ റോമ ഇന്ത്യയിലേക്ക്; വില 3.61 കോടി

ferrari-roma
Ferrari Roma
SHARE

ഇറ്റാലിയൻ സൂപ്പർ സ്പോർട്കാർ നിർമാതാക്കളായ ഫെറാരിയുടെ റോമ ഔദ്യോഗികമായി ഇന്ത്യയിൽ വിൽപനയ്ക്കെത്തി. 3.61 കോടി രൂപയാണു കാറിന്റെ അടിസ്ഥാന വകഭേദത്തിനു രാജ്യത്തെ ഷോറൂം വില. ഫെറാരിയുടെ മുംബൈ, ഡൽഹി ഷോറൂമുകൾ റോമയ്ക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഫെറാരിയുടെ പുത്തൻ രൂപകൽപനാ ശൈലി അകത്തും പുറത്തും പ്രതിഫലിക്കുന്ന റോമ കഴിഞ്ഞ വർഷം അവസാനമാണ് അരങ്ങേറ്റം കുറിച്ചത്. മുന്നിൽ ഘടിപ്പിച്ച എൻജിനും റിയർ വീൽ ഡ്രൈവ് ലേ ഔട്ടുമായെത്തുന്ന സ്പോർട്സ് കാറിൽ മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളാണുള്ളത്.

സമീപ കാലത്തായി ഫെറാരി അവതരിപ്പിച്ച കാറുകളിൽ രൂപഭംഗിയിൽ ബഹുദൂരം മുന്നിലാണു റോമ. കമ്പനി സ്ഥാപകനായ എൻസോ ഫെറാരിക്കു പോലും മതിപ്പു തോന്നിപ്പിക്കാൻ പ്രാപ്തമായ രൂപകൽപനയെന്നാണ് റോമയെക്കുറിച്ചുള്ള വിലയിരുത്തൽ. കരുത്തേറിയ എൻജിന്റെ സാന്നിധ്യം മുൻനിർത്തി ഡൗൺഫോഴ്സ് സൃഷ്ടിക്കാനുള്ള വലിയ വെന്റുകളോട വമ്പൻ ചിറകുകളോ റോമയ്ക്കില്ല; പകരം പതിവു ഗ്രാൻടൂറർ ശൈലിയിലുള്ള വലിയ ബോണറ്റും ചെറു ബൂട്ടുമായാണു കാറിന്റെ വരവ്. ‘250 ജി ടി ലൂസൊ’, ‘ജി ടി ഇ ടു പ്ലസ് ടു’ തുടങ്ങിയ മോഡലുകളിൽ നിന്നു പ്രചോദിതമാണു ‘റോമ’യുടെ രൂപകൽപ്പനയെന്നു ഫെറാരിയും സ്ഥിരീകരിക്കുന്നു. 

ഫെറാരിയുടെ പുത്തൻ രൂപകൽപ്പനാശാലിയുടെ പ്രതിഫലനമായി ഡേ ടൈം റണ്ണിങ് ലാംപ് സഹിതമുള്ള, മെലിഞ്ഞ എൽ ഇ ഡി ഹെഡ്ലാംപുകളാണു ‘റോമ’യിലുള്ളത്. പിന്നിൽ ക്വാഡ് എക്സോസ്റ്റും നാലു ടെയിൽ ലാംപുകളും ഇടംപിടിക്കുന്നു. ഒപ്പം ടെയ്ൽ ഗേറ്റിലായി ഇലക്ട്രോണിക് സ്പോയ്ലറുമുണ്ട്. 

പൂർണമായും പുതിയ ശൈലിയിലാണു ‘റോമ’യുടെ അകത്തളത്തിന്റെ രൂപകൽപ്പന;  മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളുണ്ടെന്നു പറയുമ്പോഴും പിൻസീറ്റ് യാത്ര കുട്ടികൾക്കു മാത്രമാവും സാധ്യമാവുക. സെന്റർ കൺസോളിലായി ടാബ്ലറ്റ് ശൈലിയിലുള്ള 8.4 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ ഇടംപിടിക്കുന്നു. സ്പർശം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ബട്ടനുകൾ സഹിതമാണു കാറിലെ സ്റ്റീയറിങ് വീൽ എത്തുന്നത്; കൂടാതെ 16 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമുണ്ട്. 

കാറിനു കരുത്തേകുന്നത് പ്രകടന മികവു തെളിയിച്ച, ഇരട്ട ടർബോ ചാർജർ സഹിതമെത്തുന്ന 3.9 ലീറ്റർ വി എയ്റ്റ് എൻജിനാണ്. ‘റോമ’യിൽ പക്ഷേ ഈ എൻജിൻ 620 ബി എച്ച് പിയോളം കരുത്തും 760 എൻ എം ടോർക്കും മാത്രമാണു സൃഷ്ടിക്കുക. ‘എസ് എഫ് 90 സ്ട്രാഡേലി’ൽ അരങ്ങേറിയ എട്ടു സ്പീഡ്, ഇരട്ട ക്ലച് ഗീയർബോക്സ് ആണ് ഈ കാറിലെയും ട്രാൻസ്മിഷൻ. വെറും 3.4 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘റോമ’യ്ക്കാവുമെന്നു ഫെറാരി സാക്ഷ്യപ്പെടുത്തുന്നു. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 320 കിലോമീറ്ററാണ്. 

English Summary: Ferrari Roma India Price Revealed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA