സ്പോർട്ടി ലുക്കിൽ‌ ക്വിഡ് നിയോടെക് എഡീഷൻ; വില 4.30 ലക്ഷം മുതൽ

kwid-neotech
Kwid Neotech
SHARE

ചെറു ഹാച്ച്ബാക്കായ ക്വിഡിന്റെ പരിമിതകാല പതിപ്പുമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. ഇരട്ടവർണപകിട്ടോടെ എത്തുന്ന നിയോടെക് എഡീഷന് 4.30 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇടത്തരം വകഭേദമായ ആർഎക്സ്ടി ആധാരമാക്കിയാണു റെനോ ക്വിഡ് നിയോടെക് എഡീഷൻ സാക്ഷാത്കരിക്കുന്നത്. 800 സി സി എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള പതിപ്പാണ് 4.30 ലക്ഷം രൂപയ്ക്കു ലഭിക്കുക. ഒരു ലീറ്റർ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷനുള്ള വകഭേദത്തിന് 4.52 ലക്ഷം രൂപയും ഒരു ലീറ്റർ എൻജിനു കൂട്ടായി ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനു(എ എം ടി)ള്ള വകഭേദത്തിന് 4.84 ലക്ഷം രൂപയുമാണു ഷോറൂം വില. 

നീല, വെള്ളി നിറങ്ങളിലായി രണ്ടു സങ്കലന സാധ്യതകളാണ് ‘ക്വിഡ് നിയോടെക് എഡീഷനി’ൽ റെനോ വാഗ്ദാനം ചെയ്യുന്നത്: സൻസ്കാർ ബ്ലൂ ബോഡിക്കൊപ്പം സിൽവർ നിറത്തിലുള്ള റൂഫും സിൽവർ നിറത്തിലുള്ള ബോഡിക്കൊപ്പം സൻസ്കാർ ബ്ലൂ റൂഫും. സി പില്ലറിൽ ത്രിമാന ഗ്രാഫിക്സ്, ‘നിയോടെക്’ ഡോർ ക്ലാഡിങ്, ഗ്രില്ലിൽ ക്രോം സ്പർശം, ബി പില്ലറിൽ ടേപ്പിങ് തുടങ്ങിയവയാണു കാറിന്റെ പുറംഭാഗത്തെ പരിഷ്കാരം. അകത്തളത്തിലാവട്ടെ സീറ്റ് ഫാബ്രിക്കിൽ നീല സ്റ്റിച്ചിങ്ങും നീല ഇൻസർട്ടുകളുമുണ്ട്.

ആപ്പ്ൾ കാർ പ്ലേ/ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, സെൻട്രൽ ലോക്കിങ് സഹിതം കീ രഹിത എൻട്രി, പവർ സ്റ്റീയറിങ്, മുൻ പവർ വിൻഡോ(പിൻ വിൻഡോ ഓപ്ഷനൽ വ്യവസ്ഥയിൽ), റിവേഴ്സിങ് കാമറ, ഇന്റർമിറ്റന്റ് വൈപ്പർ തുടങ്ങിയവയും കാറിലുണ്ട്. സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘ക്വിഡ് നിയോടെക്  എഡീഷൻ’ എത്തുന്നത്. 

കാറിലെ 800 സി സി മോട്ടോർ 5,678 ആർ പി എമ്മിൽ 54 പി എസ് വരെ കരുത്തും 4,386 ആർ പി എമ്മിൽ 72 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ശേഷിയേറിയ ഒരു ലീറ്റർ എൻജിന് 5,500 ആർ പി എമ്മിൽ 68 പി എസ് വരെ കരുത്തും 4,250 ആർ പി എമ്മിൽ 91 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. ഈ എൻജിനു കൂട്ടായി മാനുവൽ ട്രാൻസ്മിഷനു പുറമെ എ എം ടി ഗീയർബോക്സുമുണ്ട്.  ക്വിഡിന്റെ അടിസ്ഥാന വകഭേദത്തിന് മൂന്നു ലക്ഷം രൂപയാണു ഷോറൂം വില. മുന്തിയ വകഭേദമായ ക്വിഡ് 1.0 ആർ എക്സ് സെഡ് ക്ലൈംബർ എ എം ടിയുടെ വിലയാവട്ടെ 5.13 ലക്ഷം രൂപയും. 

English Summary: Renault Kwid Neotech Edition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA