4.99 ലക്ഷം രൂപയ്ക്ക് എസ്യുവി, വിപണിയിൽ താരമാകാൻ നിസാൻ മാഗ്‌നൈറ്റ്

Mail This Article
ഇന്ത്യൻ ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന വിലയിൽ നിസാൻ മാഗ്‌നൈറ്റ് എത്തി. 4.99 ലക്ഷം മുതൽ 9.35 ലക്ഷം രൂപ വരെയാണ് നിസാൻ മാഗ്‌നൈറ്റിന്റെ എക്സ്ഷോറൂം വില. ചെറു എസ്‍യുവി വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുടെ നിരയിലേക്കാണ് നിസാൻ മാഗ്‌നൈറ്റ് മത്സരിക്കാനെത്തുന്നത്. പുറത്തിറക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

1 ലീറ്റർ പെട്രോൾ, 1 ലീറ്റർ ടർബൊ പെട്രോൾ, 1 ലീറ്റർ ടർബോ സിവിടി തുടങ്ങിയ എൻജിൻ വകഭേദങ്ങളിൽ പുതിയ എസ്‍യുവി ലഭിക്കും. എക്സ് ഇ, എക്സ് എൽ, എക്സ് വി, എക്സ് വി പ്രീമിയം എന്നീ നാലു നിലവാരത്തിൽ മാഗ്‌നൈറ്റ് വിൽപനയ്ക്കുണ്ട്. ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികൾ മാനിച്ചും താൽപര്യങ്ങൾ പരിഗണിച്ചും വികസിപ്പിച്ച ‘ മാഗ്‌നൈറ്റി’ന്റെ രൂപകൽപ്പന ജപ്പാനിലായിരുന്നു.

ജപ്പാനിലെ ടോചിഗി പ്രൂവിങ് ഗ്രൗണ്ടിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനു ശേഷമാണ് കമ്പനി പുത്തൻ കോംപാക്ട് എസ്‌യുവി ഇന്ത്യയിൽ അരങ്ങേറ്റത്തിനെത്തിക്കുന്നത്. 72 ബിഎച്ച്പി കരുത്തുള്ള ഒരു ലീറ്റർ, ബി ഫോർ ഡി ഡ്യുവൽ വി വി ടി എൻജിനും 100 ബിഎച്ച്പി കരുത്തുള്ള ഒരു ലീറ്റർ, എച്ച് ആർ എ സീറോ ടർബോ ചാർജ്ഡ് എൻജിനുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി വി ടി(ഓട്ടമാറ്റിക്) ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ.

കൺസപ്റ്റ് എന്ന നിലയിൽ അവതരിപ്പിച്ചപ്പോഴുള്ള രൂപത്തിൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് മാഗ്‌നൈറ്റ് എത്തിയത്. ആദ്യ കാഴ്ചയിലുണ്ടായിരുന്ന കൊത്തിയെടുത്ത പോലുള്ള ബോണറ്റും എട്ടു കോണുള്ള ഗ്രില്ലും ആംഗുലർ ഹെഡ്‌ലൈറ്റുമുണ്ട്. 8 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെയുള്ള മീറ്റർ ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ എന്നിവ മാഗ്‌നൈറ്റിലുണ്ട്.

മസ്കുലറാണ് മാഗ്നൈറ്റിന്റെ രൂപം. വശങ്ങളിൽ പ്രകടമായ ബോഡി ക്ലാഡിങ്ങും വലുപ്പം തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും ഇതിലുണ്ട്. പിൻഭാഗത്ത് എൽ ഇ ഡി ടെയിൽ ലൈറ്റ്, ലളിതമായ ടെയിൽ ഗേറ്റ്, അടുക്കുകളുള്ള ബംപർ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പോയ്ലർ എന്നിവ ഇടംപിടിക്കുന്നു. ഇന്ത്യയിൽ നിസാന്റെ പുത്തൻ ലോഗോ സഹിതം വിൽപനയ്ക്കെത്തുന്ന ആദ്യ മോഡലുമാണു മാഗ്‌നൈറ്റ്.
English Summary: Nissan Magnite launched in India