ADVERTISEMENT

റേസിങ് കാറുകളിൽ നിന്നു പ്രചോദിതമായ ഹുറാകാൻ എസ് ടി ഒ ലംബോർഗിനി ഇന്ത്യയിലും വിൽപനയ്ക്കെത്തിച്ചു. 4.99 കോടി രൂപ ഷോറൂം വിലയുള്ള കാറുകൾ പത്തെണ്ണമെങ്കിലും ഇക്കൊല്ലം വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. സൂപ്പർ ട്രോഫിയൊ ഒമൊലൊഗാറ്റ എന്നതിന്റെ ചുരുക്കെഴുത്താണ് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ഹുറാകാന്റെ പേരിനൊപ്പമുള്ള എസ് ടി ഒ. ലംബോർഗിനി സ്ക്വാഡ്ര കോഴ്സിന്റെ റേസിങ് പാരമ്പര്യം പേറുന്ന ഹുറാകാൻ സൂപ്പർ ട്രോഫിയൊ ഇവൊ റേസ് സീരീസിൽ നിന്നു പ്രചോദിതമായി, നിരത്തുകളിലെ ഉപയോഗത്തിനായി അവതരിപ്പിക്കുന്ന സൂപ്പർ സ്പോർട്സ് കാറുകളാണിത്. 

lamborghini--huracan-sto-3

കാറിനു കരുത്തേകുന്നത് വി 10, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാണ്; 640 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനാവും. മണിക്കൂറിൽ 310 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ പ്രാപ്തിയുള്ള ഈ കാറിന് നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും മൂന്നു സെക്കൻഡ് മതി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം കൈവരിക്കാൻ ഒൻപതു സെക്കൻഡും. 

വാഹനഭാരം നിയന്ത്രിക്കാനായി ഹുറാകാൻ എസ് ടി ഒയുടെ ബാഹ്യഭാഗത്തിന്റെ നിർമാണത്തിൽ ലംബോർഗിനി കാർബൺ ഫൈബർ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്; പുറത്തെ പാനലുകളിൽ 75 ശതമാനത്തോളം കാർബൺ ഫൈബർ നിർമിതമാണ്. അധിക ബലത്തിനും ഫിക്സിങ് പോയിന്റുകളുടെ എണ്ണം കുറയ്ക്കാനുമായി സങ്കീർണമായ ഘടനയുള്ള ഭാഗങ്ങൾ ഒരുമിച്ചാണു നിർമിച്ചിരിക്കുന്നത്. ഇതോടെ ഈ കാറിന്റെ ഭാരം 1,339 കിലോഗ്രാമാക്കി ലംബോർഗ്നി നിയന്ത്രിച്ചിട്ടുണ്ട്; ‘ഹുറാകാൻ പെർഫോമന്റെ’യെ അപേക്ഷിച്ച് 43 കിലോഗ്രാം കുറവാണിത്. 

lamborghini--huracan-sto-1

നിരത്തിൽ ഓടുന്ന കാറുകളിലെ യാത്രാസുഖത്തിനൊപ്പം റേസ് കാറിന്റെ പ്രകടനക്ഷമതയും ഉറപ്പാക്കാനായി വർധിപ്പിച്ച വീൽ ട്രാക്കും ദൃഢതയേറിയ സസ്പെൻഷനും ആന്റി റോൾ ബാറുമൊക്കെയായിട്ടാണു കാറിന്റെ വരവ്. തികച്ചും സവിശേഷമായ കാറാണു ‘ഹുറാകാൻ എസ് ടി ഒ’യെങ്കിലും ഇത്തരം മോഡലുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാരുണ്ടെന്ന് ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ വിശദീകരിക്കുന്നു.  കാറുമായി ട്രാക്കിലിറങ്ങാനും ആ സാഹചര്യത്തിലെ പ്രകടനം ആസ്വദിക്കാനും ആഗ്രഹിക്കുന്ന ധാരാളം ഉപയോക്താക്കൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.  ഡൽഹിയിലും ചെന്നൈയിലുമുള്ള റേസ് ട്രാക്കുകളിൽ ഇത്തരം കാറുകളുടെ പ്രകടനം ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം ഉയരുകയുമാണ്.റേസ് ട്രാക്കിൽ മാത്രമല്ല, നിരത്തിലും മികച്ച യാത്രാനുഭവം സമ്മാനിക്കാൻ പര്യാപ്തമായ കാറാണു ‘ഹുറാകാൻ എസ് ടി ഒ’യെന്നും അഗർവാൾ അഭിപ്രായപ്പെട്ടു. 

English Summary: Lamborghini Huracan STO India Launch In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com