ADVERTISEMENT

ഇന്ത്യൻ ഇലക്ട്രിക് വിപണിയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റുമായി ഓല ഇലക്ട്രിക് സ്കൂട്ടർ സീരിസ് വൺ വിപണിയിൽ. എസ് വൺ, എസ് വൺ പ്രോ എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തിയ സ്കൂട്ടറിന്റെ ഷോറൂം വില 99999 രൂപയും 1.29 ലക്ഷം രൂപയുമാണ്. 1 ലക്ഷം രൂപയുടെ എസ് വൺ ഒറ്റ ചാർജിൽ 121 കിലോമീറ്റർ റേ‍ഞ്ച് നൽകുമ്പോൾ 1.29 ലക്ഷം രൂപ വിലയുള്ള എസ് വണ്‍ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. എസ് വണ്ണിന്റെ ഉയർന്നവേഗം 90 കിലോമീറ്ററും എസ് വണ്‍ പ്രോയുടേത് 115 കിലോമീറ്ററുമാണ്. 8.5 കിലോ വാട്ടാണ് സ്കൂട്ടറിന്റെ കരുത്ത്. ഒക്ടോബർ മുതൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.

ola-electric-price

സ്കൂട്ടർ വിപണിയിലെ ഏറ്റവും മികച്ച പെർഫോമൻസുമായിട്ടാണ് സീരിസ് വൺ എത്തുന്നത്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത്തിലെത്താൻ 3 സെക്കന്റും 60 കിലോമീറ്റർ വേഗത്തിലെത്താൻ 5 സെക്കന്റും മാത്രം മതി. ഇന്ത്യൻ സ്കൂട്ടർ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുമായി എത്തുന്ന സീരിസ് വൺ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് ഓല പറയുന്നത്. 3 ജിബി റാമുള്ള 7 ഇഞ്ച് ടച്ച് സ്ക്രീനാണ് ഇൻട്രുമെന്റ് ക്ലസ്റ്ററിൽ. ക്രൂസ് കൺട്രോൾ, കീലെസ് എൻട്രി, ഇൻബിൽഡ് സ്പീക്കറുകൾ, വോയിസ് കൺട്രോൾ, പേഴ്സണലൈസ് മൂഡ്സ് ആന്റ് സൗണ്ട്, റിവേഴ്സ് ഗീയർ, ഹിൽ ഹോൾഡ് തുടങ്ങിയ ഫീച്ചറുകൾ സ്കൂട്ടറിലുണ്ട്.

Ola Electric Scooter
Ola Electric Scooter

റൈഡ് ഹെയ്‌ലിങ് കമ്പനിയായി പ്രവർത്തനം തുടങ്ങി ഇരുചക്രവാഹന നിർമാണത്തിലേക്കു ചുവടുമാറ്റിയ ഓലയുടെ ആദ്യ വൈദ്യുത സ്കൂട്ടർ അരങ്ങേറ്റത്തിനു മുമ്പേ വാർത്തകളിൽ നിറഞ്ഞിരുന്നു. സീരീസ് എസ് എന്ന സ്കൂട്ടറിന് 10 നിറങ്ങളുണ്ട്.

Ola Electric Scooter
Ola Electric Scooter

പരമ്പരാഗത വർണങ്ങളായ കറുപ്പിനും വെളുപ്പിനും നീലയ്ക്കും ചുവപ്പിനുമൊക്കെയപ്പുറത്ത് പുത്തൻ നിറക്കൂട്ടുകൾ അവതരിപ്പിച്ച്  പ്രായഭേദമന്യെ ഏവരുടെയും മനംകവരാനാവുമെന്നാണ് ഓല ഇലക്ട്രിക്കിന്റെ കണക്കുകൂട്ടൽ. സ്കൈ ബ്ലൂ, നേവി ബ്ലൂ, പിങ്ക്, ഗ്രേ തുടങ്ങിയ നിറങ്ങളിലെല്ലാം ഓലയുടെ ഇ സ്കൂട്ടർ വിൽപനയ്ക്കുണ്ടാവും. ലാളിത്യം തുളുമ്പുന്നതും വേറിട്ടു നിൽക്കുന്നതുമായ  രൂപകൽപനാ ശൈലി സമ്മാനിക്കുന്ന കാഴ്ചപ്പകിട്ടിനൊപ്പം എൽ ഇ ഡി ലൈറ്റിങ് പാക്കേജും വർണവൈവിധ്യവുമൊക്കെ ചേരുന്നതോടെ വൈദ്യുത ഇരുചക്രവാഹന വിപണിയിൽ തരംഗമാവാൻ സീരീസ് എസിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓല ഇലക്ട്രിക്. 

ola-electric-2

അരങ്ങേറ്റത്തിനു മുന്നോടിയായി ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതോടെ തകർപ്പൻ വരവേൽപ്പാണ്  ഇ സ്കൂട്ടറിനു ലഭിച്ചതെന്നാണ് നിർമാതാക്കളുടെ അവകാശവാദം. കമ്പനി വെബ്സൈറ്റിൽ 499 രൂപ അഡ്വാൻസ് നൽകി സ്കൂട്ടർ റിസർവ് ചെയ്യാനാണ് അവസരം. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനകം തന്നെ ബുക്കിങ്ങുകൾ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായും ഓല പ്രഖ്യാപിച്ചിരുന്നു. ഏറ്റവും അധികം സംഭരണ സ്ഥലം, താക്കോലിനു പകരം മൊബൈൽ ആപ്ലിക്കേഷൻ, ഒറ്റ ചാർജിൽ ഈ വിഭാഗത്തിലെ തന്നെ ഏറ്റവും ഉയർന്ന സഞ്ചാര പരിധി(റേഞ്ച്) എന്നിവയൊക്കെയാണു പുതിയ സ്കൂട്ടറിൽ ഓല വാഗ്ദാനം ചെയ്യുന്നത്. പൂർണ എൽഇഡി ലൈറ്റിങ്, ഫാസ്റ്റ് ചാർജിങ് സൗകര്യം, മുന്നിൽ ഡിസ്ക് ബ്രേക്ക് തുടങ്ങിയവയും സ്കൂട്ടറിലുണ്ടാവും.

ola-appscooter-2

അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണു സ്കൂട്ടറിലെ മറ്റൊരു സവിശേഷത; വെറും 18 മിനിറ്റിൽ ബാറ്ററി പകുതിയോളം ചാർജ് ആവുമെന്നാണ് ഓലയുടെ വാഗ്ദാനം. പാതി ചാർജിൽ തന്നെ 75 കിലോമീറ്റർ ഓടാനും സ്കൂട്ടറിനാവും. 

English Summary: Ola Electric Scooter Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com