സിഎൻജി ഡിസയർ, 31.12 കി.മീ മൈലേജ്; വില 8.14 ലക്ഷം മുതൽ

Mail This Article
എൻട്രി ലവൽ സെഡാനായ ഡിസയറിന്റെ സി എൻ ജി പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) പുറത്തിറക്കി. സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുന്ന ഡിസയറിന് 8.14 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇക്കൊല്ലം മാരുതി സുസുക്കി അവതരിപ്പിക്കുന്ന രണ്ടാമത്തെ സി എൻ ജി മോഡലാണു ഡിസയർ. ഡിസയറിന്റെ വി എക്സ് ഐ, സെഡ് എക്സ് ഐ വകഭേദങ്ങളാണു സി എൻ ജി പതിപ്പായി വിൽപനയ്ക്കുള്ളത്; കാറിനു കരുത്തേകുന്നത് 1.2 ലീറ്റർ പെട്രോൾ എൻജിനാണ്.
ഇന്ധനം സി എൻ ജിയാവുന്നതോടെ 76 ബി എച്ച് പി വരെ കരുത്തും 98.5 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത. റീട്യൂൺ ചെയ്ത സസ്പെൻഷൻ സഹിതമെത്തുന്ന കാറിനു സി എൻ ജി കിലോഗ്രാമിന് 31.12 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോൾ പതിപ്പിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ഡിസയർ സി എൻ ജിയിലും മാരുതി സുസുക്കി നിലനിർത്തിയിട്ടുണ്ട്. തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ഔട്ടർ റിയർ വ്യൂ മിറർ, ടിൽറ്റ് സ്റ്റീയറിങ്, പുഷ് സ്റ്റാർട്/സ്റ്റോപ് ബട്ടൻ തുടങ്ങിയവയൊക്കെ കാറിലുണ്ട്.
മലിനീകരണ വിമുക്തമായ കാറുകൾക്ക് ആഗോളതലത്തിൽ തന്നെ ആവശ്യക്കാരേറുന്നതു പരിഗണിച്ചാണു മാരുതി സുസുക്കി ഹരിത വാഹ’ ശ്രേണി വിപുലീകരിക്കുന്നതെന്നു കമ്പനി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്ത വിശദീകരിച്ചു. എസ് - സി എൻ ജി പോലുള്ള സാങ്കേതികവിദ്യകൾ കൂടുതൽ ഉപയോക്താക്കളെ ഇത്തരം മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. നിലവിൽ ഒൻപതു വാഹനങ്ങളാണു മാരുതി സുസുക്കിയുടെ എസ് - സി എൻ ജി ശ്രേണിയിലുള്ളത്.
English Summary: Maruti Suzuki Dzire CNG launched, mileage over 31 kmpkg. Check Price Here