ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ആൾട്രോസ് വിപണിയിൽ, വില 8.10 ലക്ഷം മുതൽ

Mail This Article
പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ഇരട്ട ക്ലച് ഓട്ടമാറ്റിക്(ഡി സി എ) വകഭേദം വിപണിയിൽ. 8.10 ലക്ഷം രൂപ മുതൽ 9.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പെട്രോൾ എൻജിൻ മോഡലിൽ ഡാർക്ക് എഡിഷനിൽ അടക്കം ഏഴു വകഭേദങ്ങളിൽ 6 സ്പീഡ് ഡിസിടി ഗിയർബോക്സ് ലഭ്യമാണ്. മാനുവൽ വകഭേദത്തെക്കാൾ ഏകദേശം 1.07 ലക്ഷം രൂപ അധികമാണ് ഡിസിടി മോഡലുകൾക്ക്.


നേരത്തെ ആൾട്രോസ് ഡിസിടിയുടെ ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 21,000 രൂപ അഡ്വാൻസ് നൽകി കമ്പനി ഡീലർഷിപ്പുകളിൽ കാർ ബുക്ക് ചെയ്യാം. ഈ മാസം മധ്യത്തോടെ ആൾട്രോസിന്റെ ഡി സി എ വകഭേദം കൈമാറുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം.

അജൈൽ ലൈറ്റ് ഫ്ലക്സിബിൾ അഡ്വാൻസ്ഡ്(അഥവാ ആൽഫ) പ്ലാറ്റ്ഫോമിൽ എത്തിയ ആദ്യ മോഡലായ ആൾട്രോസ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ സ്വർണ നിലവാരം സൃഷ്ടിച്ചെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ എൻജിനോടെ എത്തുന്ന ആൾട്രോസിന്റെ മുന്തിയ പതിപ്പുകളായ എക്സ് എം പ്ലസ്, എക്സ് ടി , എക്സ് സെഡ്, എക്സ് സെഡ് (ഒ), എക്സ് സെഡ് പ്ലസ്, ഡാർക്ക് എഡിഷൻ എന്നിവയാണ് ഇരട്ട ക്ലച്ചും ഓട്ടമാറ്റിക് ട്രാൻസ്മിഷനും സഹിതം ലഭ്യമാവുക.
ഇന്ത്യൻ നിരത്തുകളിലും ഡ്രൈവിങ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കാൻ ഡി സി എ സാങ്കേതികവിദ്യയുള്ള ആൾട്രോസിലെ വെറ്റ് ക്ലച് ട്രാൻസ്മിഷൻ സവിശേഷമായി രൂപകൽപ്പന ചെയ്തതാണെന്നും ടാറ്റ മോട്ടോഴ്സ് ഉറപ്പു നൽകുന്നു. പുതുവർണമായ ഒപ്പെറ ബ്ലൂവിലും ആൾട്രോസിന്റെ ഡി സി എ പതിപ്പ് വിൽപനയ്ക്കുണ്ടായും. ഇതിനു പുറമെ ഡാർക്ക് ശ്രേണിയിലെ ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ്, ഹാർബർ ബ്ലൂ നിറങ്ങളിലും ‘ആൾട്രോസ് ഡി സി എ’ ലഭ്യമാവും.
ലതററ്റ് സീറ്റ്, ഹർമാന്റെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പിൻ സീറ്റ് യാത്രികർക്ക് എ സി വെന്റ്, ക്രൂസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാംപ്, ഐ ആർ എ കണക്റ്റഡ് കാർ ടെക്നോളജി എന്നിവയെല്ലാം സഹിതമാണ് ഈ ‘ആൾട്രോസ്’ എത്തുക.
English Summary: Tata Altroz Automatic Launch In India