ബിഎംഡബ്ല്യു എക്സ് 4 ‘സിൽവർ ഷാഡോ എഡിഷൻ’ വിപണിയിൽ, വില 71.90 ലക്ഷം മുതൽ

Mail This Article
ആഡംബര എസ്‍യുവി എക്സ് 4ന് സിൽവർ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു. രണ്ടു വകഭേദങ്ങളിൽ വിപണിയിലെത്തുന്ന പ്രത്യേക പതിപ്പിന്റെ വില 71.90 ലക്ഷം രൂപയും 73.90 ലക്ഷം രൂപയുമാണ്. ബ്ലാക്ക് ഷാഡോ എഡിഷന്റെ വിജയത്തിന് പിന്നാലെയാണ് സിൽവർ ഷാഡോ എഡിഷനുമായി കമ്പനി എത്തിയത്.


ഹൈ ഗ്ലോസ് ക്രോം ഘടകങ്ങളാണ് സിൽവർ ഷാഡോ എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്രോം ഫിനിഷിൽ തിളങ്ങി നിൽക്കുന്ന കിഡ്നി ഗ്രില്ലുകളാണ് വാഹനത്തിന്. റാപ്പ് എറൗണ്ട് എല്‍ഇഡി ടെയിൽ ലാമ്പ്, വലിയ ടെയിൽ ഗേറ്റ്, ക്രോം ഫിനിഷുള്ള ഫ്രീ ഫോം ടെയിൽ പൈപ്പ് എന്നിവയുണ്ട്. കാർബൺ ബ്ലാക്ക്, ഫൈടോണിക് ബ്ലൂ, അൽപൈൻ വൈറ്റ് എന്നീ നിറങ്ങളിൽ ഈ പ്രത്യേക എഡിഷൻ ലഭിക്കും.
പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ട് പുതിയ വാഹനത്തിന്. എക്സ്ഡ്രൈവ് 30 ഡി മോഡലിലെ മൂന്നു ലീറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ഡീസൽ എൻജിൻ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും നൽകും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.8 സെക്കൻഡ് മാത്രം മതി. എക്സ്ഡ്രൈവ് 30ഐ മോഡലിലെ 2 ലീറ്റർ പെട്രോൾ എൻജിന് 252 എച്ച്പി കരുത്തുണ്ട്. 350 എന്‍എം ആണ് ടോർക്ക്. വേഗം 100 കടക്കാൻ വേണ്ടത് 6.6 സെക്കൻഡ് മാത്രം.
English Summary: BMW X4 Silver Shadow Edition Launched at Rs 71.90 Lakh