മത്സരിക്കാൻ ആരുണ്ട്! പുതിയ ബുള്ളറ്റ് 350 വിപണിയിൽ; വില 1.73 ലക്ഷം രൂപ

Mail This Article
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ന്റെ പുതിയ പതിപ്പ് വിപണിയിൽ. 1.73 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്ലാസിക്ക് 350നെക്കാൾ ഏകദേശം 19000 രൂപ കുറവും ഹണ്ടറിനെക്കാൾ 24000 രൂപ കൂടുതലുമാണ് ബുള്ളറ്റ് 350ന്. പുതിയ മോഡലിന്റെ മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക് നിറങ്ങൾക്ക് 173562 രൂപയും സ്റ്റാന്റേർഡ് മെറൂൺ, സ്റ്റാന്റേർഡ് ബ്ലാക്ക് നിറങ്ങൾക്ക് 197436 രൂപയും ബ്ലാക് ഗോൾഡിന് 215801 രൂപയുമാണ് വില.


അടിസ്ഥാന വകഭേദമായ മിലിറ്ററിയിൽ പിന്നിൽ ഡ്രം ബ്രേക് ഉപയോഗിക്കുമ്പോൾ ഉയർന്ന വകഭേദങ്ങൾക്ക് പിന്നിൽ ഡിസ്ക് ബ്രേക്കാണ്. 349 സിസി ജെ പ്ലാറ്റ്ഫോം എൻജിനാണ് പുതിയ ബുള്ളറ്റിൽ. ഇതോടെ റോയൽ എൻഡീൽഡിന്റെ എല്ലാ 350 ബൈക്കുകളും ജെ പ്ലാറ്റ്ഫോമിലേക്ക് മാറി. 20 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹണ്ടർ 350, ക്ലാസിക് 350, മീറ്റിയോർ 350 തുടങ്ങിയ മോഡലുകളിലെ ജെ പ്ലാറ്റ്ഫോം ആർകിടെക്ച്ചറിൽ തന്നെയാണ് പുതിയ ബുള്ളറ്റിന്റെ നിർമാണം.
മുന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 270 എംഎം ഡിസ്ക്കും ഉപയോഗിക്കുന്നു. സിംഗിൾ പീസ് സീറ്റ്, അപ് റൈറ്റ് സീറ്റിങ് പൊസിഷൻ, റെക്റ്റാംഗിൾ ആകൃതിയിലുള്ള സൈഡ് ബോക്സ്, പുതിയ ടെയിൽ ലാംപ് എന്നിവ ബുള്ളറ്റ് 350യുടെ പ്രത്യേകതകളാണ്. കൂടാതെ യുഎസ്ബി പോർട്, ഡ്യുവൽ ചാനൽ എബിഎസ്, അപ്ഡേറ്റഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമുണ്ട്.
English Summary: 2023 Royal Enfield Bullet 350 Launched at Rs 1.74 Lakh