ADVERTISEMENT

വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിക്കയറുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്‌വാഗൻ ടൈഗൂൺ,  സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ...  ഇത്രയും വാഹനങ്ങൾ നിറഞ്ഞു നില്‍ക്കുന്ന വിഭാഗം. സെഡാനുകളെ പിന്തള്ളി മുന്നേറുന്ന ഈ ചെറു എസ്‌യുവി വിഭാഗത്തിലെ ആദ്യജാതൻ ക്രേറ്റയായിരുന്നു. പിന്നീട് അതേ പാതയിൽ ബാക്കിയുള്ളവരൊക്കെ ഓടിയെത്തി. തെല്ലു വൈകിയെങ്കിലും ഇപ്പോഴിതാ ഹോണ്ടയും.

അനിവാര്യമായ വരവ്

സെഡാൻ കാറുകളുടെ വിൽപന ഗ്രാഫ് താഴേക്കായിട്ടു കാലം കുറെയായി. സെഡാനുകളുടെ പ്ലാറ്റ്ഫോമിൽത്തന്നെ നിര്‍മിച്ച എസ്‌യുവികൾക്ക് പ്രിയമേകാൻ കാരണം കാഴ്ചയിലെ പകിട്ടും ഉയർന്ന ഇരിപ്പും സുരക്ഷിതത്വം കുടുമെന്ന ധാരണയുമൊക്കെത്തന്നെ. ഈ മേഖലയിലൊരു വാഹനമില്ലാതെ പിടിച്ചു നിൽക്കാനാവില്ലെന്ന തിരിച്ചറിവാണ് എലിവേറ്റ്. സിറ്റിയും അമേയ്സും മാത്രമുള്ള ശുഷ്കമായ മോഡൽ നിരയെ പരിപോഷിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമം.

honda-elevate-12

ലോകത്തിലാദ്യം ഇന്ത്യയിൽ

ജപ്പാനിലെ എൻജീനിയർമാരുടെ സഹായത്തോടെ ഇന്ത്യയിലെയും തായ്‌ലൻഡിലെയും രൂപകൽപനാവിദഗ്ധർ നിർമിച്ചെടുത്ത വാഹനമാണ് എലിവേറ്റ്. ജൂൺ ആറിന് ലോകത്തിൽ  ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ച വാഹനം  തായ്‌ലൻഡിൽ അനാവരണം ചെയ്യാനിരിക്കുന്നതേയുള്ളു.  ഇന്ത്യയിലെ ഹോണ്ടയുടെ പ്രതീക്ഷയാണ് എലിവേറ്റ് എന്നു മനസ്സിലാക്കുക. ഏഴാം തലമുറ സിറ്റിയെ അധിഷ്ഠിതമാക്കിയാണ് നിർമാണം. 

honda-elevate-9

പ്രധാനമായും ഏഷ്യന്‍ വിപണികൾക്കായി രൂപകൽപന ചെയ്ത എസ്‌യുവി. തുടക്കം മുതൽക്കേ ഇന്ത്യൻ ചിന്തയും കരങ്ങളുമുണ്ടായിരുന്നതിനാൽ എതിരാളികളിൽ നിന്നു വിഭിന്നമായി ഇന്ത്യയ്ക്ക് പരിപൂർണ മുൻതൂക്കമുള്ള വാഹനമാണ് എലിവേറ്റ്. അതു തന്നെയാണ് ഹോണ്ടയുടെ തുറുപ്പു ചീട്ട്. 

honda-elevate-10

ബ്രാൻഡാണ് മുഖ്യം

ഇന്ത്യയെന്നല്ല ലോകത്തെല്ലായിടത്തും അന്തസ്സുള്ള ബ്രാൻഡാണ് ഹോണ്ട. തീർച്ചയായും കൊറിയയിൽ നിന്നുള്ള എതിരാളികളെക്കാളും ജപ്പാനിൽ നിന്നുള്ള സഹോദരന്മാരെക്കാളും മുല്യം കൂടുതലുണ്ടാകും. ഗുണമേന്മയുടെ കാര്യം പറയേണ്ടതില്ല. സിറ്റി വാങ്ങുന്നവരുടെ അടുത്ത കാറും സിറ്റി തന്നെയാകുന്നതിന്റെ പിന്നിലെ രഹസ്യവും ഈ മേന്മ തന്നെ. സിറ്റിയുടെ കടുത്ത ആരാധകർക്ക് വലിയ വില വ്യത്യാസമില്ലാതെ ഒരു എസ്‌യുവി വേണമെന്നു തോന്നിയാൽ ഇനി പരിഗണിക്കാൻ എലിവേറ്റുണ്ട്.

honda-elevate-8

കോവിഡും എലിവേറ്റും

ലോകം മഹാമാരിയുടെ പിടിയിലമർന്ന കാലത്തെ രൂപകൽപനയായതിനാല്‍ അക്കാലത്തെ മൂല്യങ്ങൾ എലിവേറ്റ് ഡിസൈനെയും സ്വാധീനിച്ചു. ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ പുതുമകളും വ്യത്യസ്തതകളും ആത്മവിശ്വാസവും കൊണ്ട് പ്രതിരോധങ്ങളെ തകർത്തതും മുന്നോട്ടു കുതിച്ചതും ഈ വാഹനത്തിന്റെ രൂപകൽപനയിലും പ്രതിഫലിച്ചതായി ഹോണ്ട. മനുഷ്യന്റെ ധൈര്യവും ആത്മബലവും ക്രിയേറ്റിവിറ്റിയും ഇവിടെ ഒത്തു ചേരുന്നു. കരുത്തായൊരു ജനനം.

honda-elevate-6

രൂപത്തിലും കരുത്ത്

എതിരാളികളെ നാണിപ്പിക്കുന്ന രൂപഭംഗിയും തലയുയർത്തിയുള്ള നിൽപ്പുമാണ് എലിവേറ്റിന്റെ പ്രത്യേകത. ഹോണ്ട പൈലറ്റ് പോലെയുള്ള കരുത്തൻ എസ്‌യുവികളിൽ നിന്നുള്‍ക്കൊണ്ട വലിയ ഗ്രിൽ.  നേർത്ത ഹെഡ് ലാംപുകളും ഇൻഡിക്കേറ്ററും. ഡേ ടൈം റണ്ണിങ് ലാംപുകൾത്തന്നെ ഇൻഡിക്കേറ്ററായി വർത്തിക്കുന്നു. സ്പോർട്ടിയാണോ രൂപം എന്നു ചോദിച്ചാല്‍ അല്ല, എന്നാൽ അർബൻ റൈഡർ സ്റ്റൈലിങ്ങിൽ തെല്ലു സ്പോർട്ടിനെസ്സ് വരുന്നുണ്ടു താനും, പ്രത്യേകിച്ച് വശക്കാഴ്ചയിൽ. 17 ഇഞ്ച് അലോയ് രൂപകൽപനയും സ്പോർട്ടി. ആവശ്യത്തിനു മാത്രമുള്ള ക്രോം ഘടകങ്ങൾ  എലിവേറ്റിന് ഏതു തിരക്കിലും മാന്യതയേകുന്നു.

honda-elevate-2

ഉൾവശം

പ്രീമിയം എസ്‌യുവിക്കു ചേർന്ന ഉൾവശം. ലക്സ് ബ്രൗൺ നിറമുള്ള ലെതർ, കറുപ്പ്,  ക്രോമിയം സങ്കലനം. വുഡ് ഇൻസേര്‍ട്ടുള്ള ഡാഷ് ബോർഡ്. വലുപ്പമുള്ള പ്രീമിയം സീറ്റുകൾ. ധാരാളം ലെഗ് റൂം. 10.25 ഇഞ്ച് ഇൻഫോടൈൻമെന്റ് സംവിധാനം. ടയർ പ്രഷറും കലണ്ടറും കോംപസുമടക്കം എല്ലാക്കാര്യങ്ങളുമടങ്ങുന്ന സിസ്റ്റത്തിൽ 8 സ്പീക്കറുള്ള പ്രീമിയം ഓഡിയോ സംവിധാനവുമുണ്ട്. അനലോഗ് എന്നു തോന്നിപ്പിക്കുന്ന സ്പീഡോ മീറ്ററും ട്രിപ് കംപ്യൂട്ടറുമടങ്ങുന്ന 7 ഇഞ്ച് മൾട്ടി ഫങ്ഷൻ കണ്‍സോൾ. സൺറൂഫ്, വയര്‍ലെസ് ചാർജർ, ഹോണ്ട കണക്ട്, റിമോട്ട് എൻജിൻ–എസി സ്റ്റാർട്ട്, മള്‍ട്ടി ആംഗിൾ ക്യാമറ, ഓട്ടോ വൈപ്പർ, ആവശ്യത്തിലുമധികം സ്റ്റോറേജും ബോട്ടിൽ ഹോൾഡറുകളും എന്നിങ്ങനെ എല്ലാമുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഡിക്കി ഇടം എലിവേറ്റിൽ കണ്ടെത്താം; 458 ലീറ്റർ.

honda-elevate-4

എല്ലാം സെൻസു ചെയ്യും...

ഡ്രൈവിങ്ങിലേക്ക് കടക്കും മുമ്പ് ഹോണ്ട സെൻസിങ് എന്ന ഓട്ടമേറ്റഡ് ലെവൽ ടു സംവിധാനത്തെപ്പറ്റി അൽപം. ഈ ഏർപ്പാടുകളൊക്കെ എലിവേറ്റിലുണ്ട്. 1. മുന്നിലുള്ള വാഹനം ഇടിക്കാതിരിക്കനായി വേഗം കുറയ്ക്കുകയും വേണ്ടി വന്നാൽ നിർത്തുകയും ചെയ്യുന്ന സംവിധാനം. 2. ലൈൻ വിട്ടു പോകാതെ സുക്ഷിക്കുന്ന ഏർപ്പാട് 3. ഓട്ടോ ഹൈ ബീം 4. റോഡ് വിട്ടു പുറത്തു പോകാതെ സൂക്ഷിക്കുന്ന മിറ്റിഗേഷൻ സിസ്റ്റം. 5. മുന്നിലെ വാഹനത്തിനൊപ്പിച്ചു വേഗം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ. 6. മുന്നിലെ കാറിന്റെ നീക്കം നിരീക്ഷിക്കുന്ന ലീഡ് കാർ ഡിപാർച്ചർ സിസ്റ്റം.

honda-elevate-5

ഡ്രൈവിങ് എങ്ങനെ?

സിറ്റിയിലുള്ള അതേ ഐ വിടെക് 1.5 പെട്രോൾ എൻജിൻ മാത്രമേയുള്ളൂ. പരമാവധി ശക്തി 121 പി എസ്. 145 എൻ എം ടോർക്ക്. ആറു സ്പീഡ് മാനുവൽ, സി വി ടി ഗിയർബോക്സുകൾ. ഓട്ടമാറ്റിക്കിനാണ് മൈലേജ് കൂടുതൽ, ലീറ്ററിന് 16.92. മാനുവലിന് 15.31. സിറ്റി ഓടിക്കുന്നവർക്കറിയാം എൻജിൻ മോശക്കാരനല്ല. സിറ്റിയെക്കാൾ 100 കിലോയോളം ഭാരം കൂടുതലുണ്ടെങ്കിലും എൻജിൻ കരുത്തിൽ അത് അപ്രസക്തമാകുന്നു. തലവേദനകളില്ലാത്ത ഡ്രൈവിങ്ങിന് സി വി ടി. അദ്ഭുതപ്പെടുത്തുന്ന കുതിപ്പില്ല. പകരം മാന്യമായി റോഡുകൾ താണ്ടുന്ന പ്രകടനം. സ്പോർട്സ് മോഡിൽ തെല്ലു കരുത്തു കൂടുമെങ്കിലും വലിയ കുതിപ്പ് പ്രതീക്ഷിക്കേണ്ട. മാനുവൽ ഗിയര്‍ബോക്സിലാണ് കൂടുതൽ പിക്കപ്പ് അനുഭവവേദ്യമാക്കുന്നത്. പൊതുവെ നഗരറോഡുകളിലും ഹൈവേകളിലും സുഖകരമായ, മര്യാദയുള്ള ഡ്രൈവിങ്. മികച്ച സസ്പെൻഷൻ സംവിധാനം വലിയ കുഴികള്‍പ്പോലും സുഖകരമാക്കുന്നുണ്ട്.

എന്താണ് ഹോണ്ട എലിവേറ്റിന്റെ പ്രസക്തി?

അന്തസ്സുള്ള ഒരു എസ് യു വി തേടുന്നവർക്കാണ് എലിവേറ്റ്.  ഹോണ്ടയുടെ ബ്രാൻഡിങ് ബലത്തിൽ മാന്യമായ സഞ്ചാരം. വില പ്രഖ്യാപനം വരുന്നതേയുള്ളൂ. എതിരാളികളെ നേരിടാനാവുന്നത്ര മികച്ച വിലയായിരിക്കുമെന്ന് ഹോണ്ട ഉദ്യോഗസ്ഥർ പറയുന്നു. സെപ്റ്റംബറിൽ വിപണിയിലെത്തും.

English Summary: Honda Elevate Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com