ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതയായ അസാമാന്യ മെയ് വഴക്കവും അനിതര സാധാരണമായ കുതിപ്പും കൂട്ടിനെത്തിയതോടെ ടാറ്റയുടെ പഞ്ചിന് ശരിയായ ‘പഞ്ച്’ കിട്ടി. ടാറ്റയുടെ പുതിയ പഞ്ച് ഇവി സൗമ്യവും ഹൃദ്യവും അതേസമയം വന്യവുമാകുന്നു... സൂപ്പർ ആഡംബര കാറിനൊത്ത സൗകര്യങ്ങളും അതീവ ഗുണമേന്മയുള്ള ഉൾവശവും വല്ലാത്ത ഡ്രൈവിങ് അനുഭൂതിയുമാണ് പഞ്ച്. നെക്സോണിനു തൊട്ടു താഴെ വലുപ്പത്തിലും വിലയിലും മാത്രം ചെറുതാകുന്ന, എന്നാൽ സാങ്കേതികതയിൽ ഒരു പടി മുകളിൽ നിൽക്കുന്ന പഞ്ച് ഇവിയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

tata-punch-ev

എന്തുകൊണ്ട് സാങ്കേതികതയിൽ മുകളിൽ?

ടാറ്റയുടെ ആദ്യ യഥാർത്ഥ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ആക്ടി.ഇവി ആദ്യമായി ഉപയോഗിക്കുന്ന വാഹനമാണ് പഞ്ച്. ടിയാഗോ, ടിഗോർ, നെക്സോൺ വാഹനങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് വിപണി അടക്കി വാഴുമ്പോഴും അവയുടെ അടിസ്ഥാനം ആന്തരദഹന യന്ത്ര (ഐസ്) പ്ലാറ്റ്ഫോമുകളാണ്. ലോകത്ത് ഇന്ന് അംഗീകരിക്കപ്പെട്ട മൗലിക ഇലക്ട്രിക് പ്ലാറ്റ്ഫോമുകളുടെ മാതൃകയിൽ രൂപകൽപന ചെയ്ത ആക്ടി.ഇവി പ്ലാറ്റ്ഫോം പഞ്ചിലൂടെ വരുമ്പോൾ ഇന്ത്യയിലെ വാഹനവിപണിയിലെ നവ ഇലക്ട്രിക് വിപ്ലവത്തിനു തുടക്കമാകുന്നു. വരും നാളുകളിൽ കൂടുതൽ വലുപ്പവും റേഞ്ചുമുള്ള കർവ്,സിയേറ, ഹാരിയർ തുടങ്ങിയ വാഹനങ്ങളും ആക്ടി.ഇവി പ്ലാറ്റ് ഫോമിൽ ജനിക്കും.

tata-punch-ev-7

എന്താണ് ഇലക്ട്രിക് പ്ലാറ്റ്ഫോം?

വാഹന രൂപകൽപനയുടെ അടിത്തറയാണ് പ്ലാറ്റ്ഫോം. പേരു സൂചിപ്പിക്കുന്നതുപോലെ പ്ലാറ്റ്ഫോമിലാണ് ബോഡിയും ടയറുകളും എൻജിനുമൊക്കെ ഉറപ്പിച്ച് വാഹനരൂപം പൂണ്ട് പുറത്തിറങ്ങുന്നത്. പ്യുർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്നു ടാറ്റ വിളിക്കുന്ന ആക്ടി.ഇവി പ്ലാറ്റ്ഫോമിന്റെ മുഖ്യ സവിശേഷത പാസഞ്ചർ ക്യാബിനടിയിലാണ് ബാറ്ററിയുടെ സ്ഥാനം എന്നതാണ്. ടാറ്റയുടെ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ പെട്രോൾ ടാങ്ക്, സ്പെയർ വീൽ, പിൻ സീറ്റിനടിവശം എന്നിവിടങ്ങളിലാണ് ബാറ്ററി. അതു കൊണ്ടു തന്നെ വലിയ ബാറ്ററിപാക്കുകൾ വയ്ക്കാൻ സ്ഥലപരിമിതിയുണ്ട്. സ്പെയർ വീൽ ഇല്ലാതെയാകും. എല്ലാത്തിനും പുറമെ ഭാരം പിന്നിൽ കൂടുതലായി വരുന്നതിന്റെ ദോഷവശങ്ങളും നേരിടേണ്ടി വരുന്നു. 

പഞ്ചിന് പുതിയ ‘പഞ്ച്’എങ്ങനെ കിട്ടി? –  പ്ലാറ്റ്ഫോമിനെപ്പറ്റി കൂടുതൽ അറിയാം 

tata-punch-ev-6

നെക്സോണോ പഞ്ചോ സുന്ദരി?

കാഴ്ചയിൽ പഴയ പഞ്ച് തന്നെ. ആകെ വ്യത്യാസം മുന്നിലെ ഗ്രില്ലിനു മധ്യേ, ടാറ്റ ലോഗോയ്ക്കൊപ്പം ഉറപ്പിച്ചിട്ടുള്ള ചാർജിങ് പോർട്ട്. പുതിയ 16 ഇഞ്ച് അലോയ് രൂപകൽപനകളും അലോയ് എന്നു സംശയിച്ചേക്കാവുന്ന 15 ഇഞ്ച് വീൽ ക്യാപ്പുകളും ഇലക്ട്രിക് സ്വഭാവത്തിനു ചേരുന്നു. പുതിയ ടാറ്റ ഇ വികളിലെല്ലാം കണ്ടുവരുന്ന എൽ ഇ ഡി ലൈറ്റ് സ്ട്രിപ്പുകളും ഹെഡ് ലാംപ് ക്ലസ്റ്ററും മാത്രമാണ് പിന്നീട് കണ്ടെത്താനാവുന്ന മറ്റൊരു മാറ്റം. നെക്സോൺ ഇവിയുമായി രൂപസാദൃശ്യം കണ്ടെത്താനായാൽ അതു തികച്ചും സ്വാഭാവികം. വശങ്ങളിലും പിന്നിലും നിന്നുള്ള കാഴ്ചകളിൽ ഉയരം കൂടുതൽ തോന്നിക്കാൻ കാരണം വലിയ 16 ഇഞ്ച് വീലുകൾ തന്നെ.

tata-punch-ev-8

ആഡംബര പൂരിതം

ലക്ഷുറി കാറുകളെ ലജ്ജിപ്പിക്കുന്ന ഉൾവശത്ത് ഫിനിഷിങ് ഒന്നാന്തരം, സൗകര്യങ്ങൾ ആധുനികം. വലിയ 10.2 ഇഞ്ച് സ്ക്രീനും അത്ര തന്നെ വലുപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും മനോഹരമായ ഗ്രാഫിക്സുകളിലൂടെ മുന്തിയ അനുഭവം തരുന്നു. കറുപ്പിനൊപ്പം ഐവറി നിറവും കൂടി കലരുന്ന ഡാഷ് ബോർഡും വ്യത്യസ്തമായ എ സി വെന്റുകളും ടച്ച് നിയന്ത്രണങ്ങളും ഗംഭീരം. ഉയർന്ന മോഡലുകളിൽ മാത്രമുള്ള 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോനിറ്ററിങ്, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക് പാർക്ക് ബ്രേക്ക്, ഓട്ടോ ഹോൾഡ്, എയർ പ്യൂരിഫയർ, ഓട്ടോ വൈപ്പർ, ഓട്ടോ ഡിമ്മിങ് റിയർ വ്യൂ, അലക്സയ്ക്കു സമാനമായ ‘ഹേ ടാറ്റ’ വോയിസ് കമാൻഡ് എന്നിവയും നെക്സോണിൽ നിന്നെത്തിയ എൽ ഇ ഡി ടാറ്റ ലോഗോയുള്ള സ്റ്റീയറിങ്ങും ‘സ്പേസ് ഏജ്’ സൗകര്യങ്ങളത്രെ. റോട്ടറി ഗിയർ സംവിധാനത്തിൽ പി, ആർ, എൻ, ഡി നിയന്ത്രണങ്ങൾ. സിറ്റി, ഇക്കോ, സ്പോർട്ട് മോഡുകളുണ്ട്. പിൻ സീറ്റിൽ ലെഗ് റൂം തെല്ലു കുറവ് എന്നൊരു ദോഷം കണ്ടെത്താം. എന്നാൽ ട്രാൻസ് മിഷൻ ടണൽ ഇല്ലാത്ത പരന്ന ഫ്ലോറിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലസൗകര്യം ലഭിക്കും. ബൂട്ട് 366 ലീറ്ററുണ്ട്. സ്പെയർ ടയർ വയ്ക്കാൻ സ്ഥലമുണ്ടെങ്കിലും വച്ചിട്ടില്ല. പകരം ആ സ്ഥലത്താണ് ചാർജിങ് കേബിൾ. മുന്നിൽ ബോണറ്റ് തുറന്നാൽ എൻജിൻ കവറിനു മുകളിലായുള്ള സ്റ്റോറേജ് വേറൊരു കാറിലും കണ്ടിട്ടില്ല. ചാർജിങ് ലിഡ് എന്തെങ്കിലും കാരണവശാൽ ഉള്ളിൽ നിന്നു നിയന്ത്രിക്കാനായില്ലെങ്കിൽ തുറക്കാനായി ഒരു നോബും ഇവിടെയുണ്ട്.

tata-punch-ev-3

ഡ്രൈവിങ് എങ്ങനുണ്ട്?

പഞ്ച് പെട്രോളിനു കരുത്തില്ലെന്നു പറയുന്നവരുടെ വായടപ്പിക്കുന്ന പെർഫോമൻസ്. മാത്രമല്ല, സ്പോർട്ട് മോഡിലേക്കിട്ട് ആക്സിലറേറ്റർ കൊടുത്താൽ ഈ നിരൂപകരുടെ വായ തുറന്നു പോകും. ത്രസിപ്പിക്കുന്ന പിക്കപ്പ്. തെല്ലു ശക്തി കൂടുതലോ എന്നു സംശയം, വാഹനം കയ്യിൽ നിൽക്കുമോ എന്ന ഭയം... 122 എച്ച് പിക്കു തുല്യമായ, നിശബ്ദവും തടസ്സമില്ലാത്തതുമായ ശക്തി. 82 ബി എച്ച് പിയുള്ള സ്റ്റാൻഡേർഡ് വേരിയന്റും മോശക്കാരനല്ല. നിയന്ത്രണവും ബ്രേക്കിങ്ങും കിറു കൃത്യം. നാലു വീലുകൾക്കും ഡിസ്ക് ബ്രേക്കാണ്. മൂന്നു ലെവലുകളിലുള്ള എൻജിൻ റീ ജെൻ പാഡിൽ ഷിഫ്റ്റുകളിൽ പ്രവർത്തിപ്പിക്കാം. പരിചയമായാൽ ബ്രേക്കിങ് ഇല്ലാതെ ഡ്രൈവിങ് സാധിക്കും, വാഹനം ചാർജ് ചെയ്യപ്പെടുകയും ചെയ്യും.

tata-punch-ev-2

സുരക്ഷയിൽ വിട്ടു വീഴ്ചയില്ല

ആറ് എയർബാഗ് സ്റ്റാൻഡേർഡ്. ബാറ്ററി പാക്കിനു സംരക്ഷണം നൽകുന്ന അതീവ ശക്തമായ ബോഡി പാനലുകൾക്ക് ആഗോള ജിഎൻക്യാപ്, ബി എൻ ക്യാപ് തലത്തിലുള്ള സുരക്ഷയുണ്ട്.

tata-punch-ev-price

ഏതൊക്കെ മോഡലുകൾ, റേഞ്ച് എത്ര, വിലയെത്ര?

പഞ്ച്.ഇവി, പഞ്ച്.ഇവി ലോങ് റേഞ്ച് എന്നീ രണ്ടു മോഡലുകൾ. പഞ്ച് ഇവിയിൽ 25 കിലോവാട്ട് ബാറ്ററി, 315 കി.മീ റേഞ്ച്. പഞ്ച്.ഇവി ലോങ് റേഞ്ചിന് 35 കിലോവാട്ട് ബാറ്ററി, 421 കി.മീ റേഞ്ച്. റേഞ്ച് കുറഞ്ഞ മോഡലിന് കുറഞ്ഞത് 215 കിലോമീറ്ററും എൽആറിന് 320 കി.മീ റേഞ്ചും പ്രയോഗികമായി ലഭിക്കും. പഞ്ച്.ഇവിക്ക് അഞ്ച് മോഡലുകൾ, വില 10.99 ലക്ഷം രൂപ മുതൽ 13.29 ലക്ഷം രൂപ വരെ. ലോങ് റേഞ്ചിന് മൂന്നു മോഡലുകൾ. വില 12.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപവരെ. 3.2 കിലോവാട്ട് എസി ഹോം ചാർജർ. 50000 രൂപ അധികം നൽകിയാൽ ലോങ് റേഞ്ച് മോഡലുകളുടെ കൂടെ 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാർജറും ലഭിക്കും. അഡ്വഞ്ചർ, എംപവർ, എംപവർ പ്ലസ് മോഡലുകളിൽ 50000 രൂപ അധികം നൽകിയാൽ സണ്‍റൂഫും ലഭിക്കും. 

tata-punch-ev-7

പഞ്ച് വാങ്ങണോ?

മൈക്രോ ഇലക്ട്രിക് എസ് യു വി തേടുന്നവർക്ക് ആധുനികവും സുരക്ഷിതവും ഡ്രൈവിങ് സുഖവുമുള്ള വാഹനം. പിൻ സീറ്റിലെ സ്ഥലക്കുറവ് വലിയൊരു ന്യൂനതയായി കാണേണ്ടതില്ല. ഈ വിഭാഗത്തിൽ വേറെ എതിരാളികളില്ലാത്തതും പഞ്ചിന് ഗുണകരമാകും. വില കൊണ്ട് സിട്രോൺ ഇ സി 3 എതിരാളിയാണെന്നു പറയുന്നവരുണ്ട്; എന്നാൽ വലുപ്പം കൊണ്ട് സിട്രോൺ പഞ്ചിനെ പിന്നിലാക്കുമ്പോൾ ആഡംബരം കൊണ്ട് പഞ്ച് ഇ സി 3 യെ ചെറുതാക്കും.

English Summary:

Tata Punch EV Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com