ADVERTISEMENT

ലണ്ടൻ ∙ കെഎസ്എഫ്ഇ പ്രവാസി ചിട്ടി യൂറോപ്പിലും എത്തി. പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്എഫ്ഇ  പ്രവാസി ചിട്ടി യൂറോപ്പിലെ മലയാളി സമൂഹത്തിനു തുറന്നു നൽകി. ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങിൽ കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമൻ, ഇംഗ്ലണ്ടിലെ വിവിധമേഖലകളിലെ മലയാളികൾ, മലയാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രവാസികളായ ഓരോ മലയാളിയും പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തവും ഊട്ടിഉറപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ആവേശഭരിതമായ സ്വീകരണമാണ് പ്രവാസി ചിട്ടിക്ക് യൂറോപ്പിലെ മലയാളികളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റജിസ്‌ട്രേഷൻ ആരംഭിച്ച് ഉടനെതന്നെ യുകെ, ഫ്രാൻസ്, സ്പെയിൻ, നോർവേ, നെതർലൻഡ്, ജർമ്മനി, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് നിരവധിപേർ റജിസ്‌ട്രേഷനും കെവൈസി ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിക്കഴിഞ്ഞു. റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്  പാസ്പോർട്ട്/ഒസിഐ കാർഡ്/ പിഐഒ, റസിഡൻസ് ഐഡി എന്നിവ ഉപയോഗിക്കാവുന്നതാണ്. 

ഇതാദ്യമായി ആണ് പ്രവാസി ചിട്ടി ഇത്രയധികം രാജ്യങ്ങളിലേക്ക് ഒരുമിച്ച് ആരംഭിക്കുന്നത്. 2018 നവംബർ 23ന്  ലേലനടപടികൾ തുടങ്ങിയ പ്രവാസി ചിട്ടി 2019 ഏപ്രിലോടുകൂടി എല്ലാ ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ലോകമാകമാനമുള്ള മലയാളികൾക്ക് പ്രവാസി ചിട്ടിയിൽ ചേരുവാൻ കഴിയും. നാളിതുവരെ  27000ൽ പരം പേർ  പ്രവാസി ചിട്ടിയിൽ ചേരുന്നതിനു റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഓൺലൈൻ ലേലം, ചിട്ടി പ്രൈസ് മണി പെയ്മെന്റ് എന്നിവ വളരെ സുഗമമായി നടന്നുവരുന്നു. 

പ്രവാസികൾക്ക് 10ലക്ഷം വരെയുള്ള ചിട്ടി ബാധ്യതയ്കക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, പൂർണ്ണമായും ഓൺലൈനിൽ ഉള്ള പ്രവർത്തനം, 24 മണിക്കൂറും പ്രവർത്തനസജ്ജമായ കോൾ സെന്റർ എന്നിവ പ്രവാസിചിട്ടിയെ വ്യത്യസ്തമാക്കുന്നു. ചിട്ടിയിലൂടെ സമാഹരിക്കുന്ന തുക  കിഫ്‌ബി വഴി  കേരളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ വിനിയോഗിക്കാനും കഴിയുന്നു. ഏതു വികസനപദ്ധതിക്ക് ആണ് തങ്ങളുടെ തുക വിനിയോഗിക്കേണ്ടത് എന്ന് ചിട്ടിയിൽ ചേരുമ്പോൾ തന്നെ വരിക്കാരന് തെരഞ്ഞെടുക്കാൻ കഴിയും. നിലവിൽ ഏറ്റവും കൂടുതൽ വരിക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്  തീരദേശ ഹൈവേ ആണ് തൊട്ടുപിന്നിലായി ഹൈടെക് സ്കൂളുകൾ, ആശുപത്രികളുടെ നവീകരണം, ഐടി പാർക്കുകൾ എന്നിവയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com