ADVERTISEMENT

ലണ്ടൻ∙ കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏതൊരു സാധാരണക്കാരനും ലഭ്യമാക്കുന്ന ഒരു നവകേരളം കെട്ടിപ്പടുക്കുവാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രയത്നത്തില്‍ പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്ന് കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.

yukma-meeting

നവകേരള നിര്‍മ്മാണത്തില്‍ പ്രവാസി മലയാളികളുടെ ദൗത്യത്തെപ്പറ്റിയും ഐക്യകേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ യുക്മ ഉൾപ്പെടെയുള്ള പ്രവാസി മലയാളി ദേശീയ സംഘടനകളുടെ നിസ്തുലമായ സംഭാവനകളെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന വിപണി തുറക്കൽ ചടങ്ങിലും അതോടൊപ്പം കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നതായിരുന്നു ധനമന്ത്രി. 

യുക്മയുടെ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിനു ശേഷം നടത്തിയ ആദ്യ ബഹുജന പരിപാടിയില്‍ തന്നെ സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കുന്നതിന് സാധിച്ചത് സംഘടനയുടെ ചരിത്രത്തിലെ നേട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തിരക്കിട്ട പരിപാടികള്‍ക്കിടയിലും യുക്മയുടെ സ്വീകരണ ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ യുക്മയുടെ സഹകരണത്തോടെ ബ്രിട്ടണിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കി. 

യുക്മ ദേശീയ പ്രസിഡന്റ് നോജ്‌കുമാർ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് ധനമന്ത്രിയുമായുള്ള സദസ്സിന്റെ ചോദ്യോത്തരവേള നിയന്ത്രിച്ചു. എ.ഐ.സി. സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതവും മിഡ്‌ലാൻഡ്‌സ് റീജിയണൽ സെക്രട്ടറി നോബി ജോസ് നന്ദിയും പറഞ്ഞു. 

ജോയ് തോമസ്, ബിജോ ടോം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യുക്മ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, ജയകുമാര്‍ നായര്‍, ഡിക്സ് ജോര്‍ജ്, വീണ പ്രശാന്ത്, ജോര്‍ജ് മാത്യു,  വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ നേതാക്കളായ അനില്‍ തോമസ്, റെജി ചാക്കോ, ഷോണി ജോസ്, ടിറ്റു സിറിയക്ക് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com