ADVERTISEMENT

ലണ്ടൻ ∙ നോ ഡീൽ ബ്രക്സിറ്റിനുള്ള തയാറെടുപ്പുമായി പുതിയ സർക്കാർ മുന്നോട്ടു പോകുമ്പോൾ എൻഎച്ച്എസും ഇതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ഒക്ടോബർ 31ന് നോ ഡീൽ ബ്രക്സിറ്റ് നടപ്പായാൽ പിറ്റേന്നു മുതൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് എൻഎച്ച്എസിൽ സൗജന്യ ചികിൽസ ലഭ്യമാക്കേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം. നിലവിൽ യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പ്രകാരം അംഗരാജ്യങ്ങളിലെ എല്ലാ പൗരന്മാർക്കും യൂറോപ്പിലെ ഏതു രാജ്യത്തും സൗജന്യ ചികിൽസ ലഭ്യമാണ്. ബ്രക്സിറ്റിനു ശേഷവും ഈ സൗകര്യം മറ്റു രാജ്യങ്ങളിലുള്ള ബ്രട്ടീഷ് പൗരന്മാർക്ക് ലഭ്യമാക്കാൻ ബ്രിട്ടൻ ശ്രമം നടത്തുന്നുണ്ട്. ഇതു വിജയിക്കാനിടയില്ലെന്ന സൂചന ലഭിച്ചതോടെയാണ് എൻഎച്ച്എസിലും യൂറോപ്യൻ പൗരന്മാർക്ക് സൗജന്യ ചികിൽസ വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. 

നിലവിൽ ബ്രിട്ടനിൽ താമസിക്കുകയും നിയമാനുസൃതമായി ജോലി ചെയ്യുകയും ചെയ്യുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് സൗജന്യ ചികിൽസ തുടർന്നും ലഭിക്കും. എന്നാൽ ബ്രക്സിറ്റിനു ശേഷം ബ്രിട്ടനിൽ എത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കും നികുതിയടക്കാതെ കൈയിൽ പണം വാങ്ങി അനധികൃതമായി ജോലിചെയ്തു ജീവിക്കുന്നവർക്കും ചികിൽസ വേണ്ടിവന്നാൽ പണം നൽകേണ്ടിവരും. ഇതിനുള്ള നിർദേശം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു.  

ഇതനുസരിച്ച് നവംബർ ഒന്നുമുതൽ ആരു ചികിൽസയ്ക്ക് എത്തിയാലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ റസിഡന്റ് രേഖകൾ പരിശോധിച്ച് സൗജന്യ ചികിൽസയ്ക്ക് അർഹരാണോ എന്ന് ഉറപ്പുവരുത്തണം. അല്ലാത്തവരിൽനിന്നും ചികിൽസ്ക്ക് പണം ഈടാക്കണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്. ചികിൽസാ ഇളവുകൾക്ക് അർഹരല്ലെങ്കിൽ എൻഎച്ച്എസിന്റെ താരിഫ് അനുസരിച്ചുള്ള തുകയാകും ഇവരിൽനിന്നും ഈടാക്കുക. ട്രാവൽ, മെഡിക്കൽ ഇൻഷുറൻസ് വഴിയും നേരിട്ട് പണമടച്ചും ഇത്തരത്തിൽ അവർക്ക് ചികിൽസ ഉറപ്പുവരുത്താം. എന്നാൽ ആർക്കെങ്കിലും അടിയന്തര ചികിൽസ ആവശ്യമായി വന്നാൽ അത് നിരസിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും മന്ത്രാലയം ഉറപ്പു നൽകുന്നുണ്ട്.

ബ്രിട്ടണിൽ നിലവിലുള്ള 36 ലക്ഷത്തോളം വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരിൽ നല്ലൊരു ശതമാനത്തിനും ഇരുട്ടടിയാകുന്ന തീരുമാനമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com