ADVERTISEMENT

ലണ്ടൻ ∙ നോ ഡീൽ ബ്രക്സിറ്റ് നടപ്പാക്കും മുമ്പ് ബോറിസ് ജോൺസണെ അട്ടിമറിച്ച്  ബ്രിട്ടനിൽ ഇടക്കാല പ്രധാനമന്ത്രിയാകാൻ പ്രതിപക്ഷനേതാവ് ജെറമി കോർബിന്റെ നാടകീയ നീക്കം. ടോറികളിലെ ബ്രക്സിറ്റ് വിരോധികളെയും സ്കോട്ടീഷ് നാഷണൽ പാർട്ടി അംഗങ്ങളെയും കൂട്ടുപിടിച്ച് ഇടക്കാല പ്രധാനമന്ത്രിയാകുക എന്ന തന്ത്രമാണ് കോർബിൻ പയറ്റുന്നത്. ഇതിനായി ഇന്നലെ അദ്ദേഹം ടോറിയിലെ ബ്രക്സിറ്റ് വിരുദ്ധർക്കും മറ്റു പ്രമുഖ പ്രതിപക്ഷ എംപിമാർക്കും പ്രത്യേക കത്തെഴുതി. തന്നെ ഇടക്കാല പ്രധാനമന്ത്രിയാക്കിയാൽ നോ ഡീൽ ബ്രക്സിറ്റ് ഒഴിവാക്കി പൊതുതിരഞ്ഞെടുപ്പിനും രണ്ടാം റഫറണ്ടത്തിനും വഴിയൊരുക്കുമെന്നാണ് കോർബിന്റെ വാഗ്ദാനം. 

പ്രായോഗികമല്ലെന്നു വിലയിരുത്തി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി എംപിമാർ ഈ നിർദേശം ഉടനെ തള്ളിയെങ്കിലും ടോറിയിലെ വിമതരുടെ പിന്തുണ തനിക്കു ലഭിക്കുമെന്നാണ് കോർബിന്റെ പ്രതീക്ഷ. സ്കോട്ടീഷ് നാഷണൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും എക്കാലത്തും അവർ ബ്രക്സിറ്റിന് എതിരാണ്. 

ടോറി വിമതരെയും മറ്റു പാർട്ടി നേതാക്കളെയും അഭിസംബോധന ചെയ്യുന്ന കത്തിലൂടെ ചടുലമായ രാഷ്ട്രീയ നീക്കത്തിനാണ് ഇന്നലെ കോർബിൻ വഴിമരുന്നിട്ടത്. ബ്രക്സിറ്റിനുള്ള ആർട്ടിക്കിൾ 50 വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പാക്കുന്നത് നീട്ടിവയ്ക്കുമെന്നും ഇതിലൂടെ നോ ഡീൽ ബ്രക്സിറ്റ് എന്ന ദുരന്തം ഒഴിവാക്കുമെന്നുമാണ് കോർബിന്റെ വാഗ്ദാനം. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബോറിസ് ജോൺസണെ താഴെയിറക്കണം. അങ്ങനെ വന്നാൽ ഇടക്കാല പ്രധാനമന്ത്രിയായി താൻ സ്ഥാനമേൽക്കുമെന്നും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പ് ബ്രക്സിറ്റ് തീരുമാനം നീട്ടിവച്ച് മറ്റൊരു ഹിതപരിശോധനയ്ക്കു തയാറാകുമെന്നുമാണ് കോർബിൻ കത്തിൽ  വിശദീകരിക്കുന്നത്. 

ഒക്ടോബർ 31നകം കരാറുണ്ടാക്കാനായില്ലെങ്കിൽ നോ ഡീൽ ബ്രക്സിറ്റ് നടപ്പാക്കുമെന്ന കടുംപിടുത്തവുമായി മുന്നോട്ടുപോകുന്ന ബോറിസ് ജോൺസണെതിരേ  ഓരോ ദിവസവും പാർട്ടിക്കുള്ളിലെ എതിർപ്പ് ശക്തമായി വരികയാണ്. പല മുതിർന്ന നേതാക്കളും പരസ്യമായി പ്രധാനമന്ത്രിക്കെതിരേ രംഗത്തു വന്നുകഴിഞ്ഞു. ഇതു മുതലെടുത്ത് പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് കോർബിൻ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com