ADVERTISEMENT

ലണ്ടൻ∙  നോ ഡീൽ ബ്രക്സിറ്റായാൽ ബ്രിട്ടൻ നേരിടേണ്ടിവരുന്നത് കടുത്ത ഭക്ഷ്യക്ഷാമവും മരുന്നു ക്ഷാമവുമെന്ന് സർക്കാരിന്റെ രഹസ്യ രേഖ. ഇതിനു പുറമേ കനത്ത ഇന്ധന ക്ഷാമവും വിലക്കയറ്റവും നോ ഡീൽ ബ്രിക്സിറ്റ് കൊണ്ടുവരുമെന്നാണ് സർക്കാർ രേഖകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.  പുറത്തായ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ വൃത്തങ്ങൾ നിഷേധിക്കുമ്പോഴും അനിവാര്യമായ ദുരിതപർവങ്ങളുടെ ഭീതിയിലാണ് ബ്രിട്ടീഷ് ജനത. റിപ്പോർട്ടിനെ മുൻനിർത്തി ഏതു വിധേനെയും നോ ഡീൽ ബ്രക്സിറ്റ് തടയണമെന്ന ആഹ്വാനവുമായി പ്രതിപക്ഷവും രംഗത്തെത്തി. 

ഒക്ടോബർ 31ന് നോ ഡീൽ ബ്രക്സിറ്റ് വഴി ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തായാൽ ആദ്യം ക്ഷാമം നേരിടുക പച്ചക്കറികൾക്കും മൽസ്യം ഇറച്ചി, മുട്ട, പാൽ  എന്നിവയ്ക്കുമാകും. ഇവയ്ക്കായി പ്രധാനമായും മറ്റു യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്ന ബ്രിട്ടൻ അന്നന്നുവേണ്ട ആഹാരത്തിനായി നട്ടം തിരിയും. 

ഇന്ധന പ്രതിസന്ധിയാണ് മറ്റൊരു പ്രധാന വെല്ലുവിളിയാകുക. ഇന്ധന ലഭ്യതയിലെ കുറവും താരിഫിലെ മാറ്റങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും ക്ഷണിച്ചുവരുത്തും. ചുരുങ്ങിയത് 2000 പേർക്കെങ്കിലും ഈ മേഖലയിൽ തൊഴിൽ നഷ്ടമാകുമെന്നാണ് സർക്കാർ രേഖ പറയുന്നത്. 

രോഗികളുടെ കാര്യമാകും ഏറ്റവും കഷ്ടത്തിലാകുക. മരുന്നുക്ഷാമം അതിരൂക്ഷമാകും. ഇൻസുലിൻ, ഫ്ലൂ വാക്സിൻ തുടങ്ങിയവയ്ക്കായി ഏറെ കാത്തിരിക്കേണ്ട സ്ഥിതി രോഗികൾക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്. 

യൂറോപ്പിലെ എയർപോർട്ടുകളിലും സീപോർട്ടുകളിലും ഗതാഗതത്തിനും ചരക്കു നീക്കത്തിനുമുള്ള പരിശോധനകൾ കടുത്തതാകും ഇത് ഏറെ കാലതാമസത്തിനും അതുവഴി ഒട്ടേറെ ബുദ്ധിമുട്ടുകൾക്കും വഴിവയ്ക്കും. ചരക്കുനീക്കത്തിന് മൂന്നു മാസം വരെ നീളുന്ന കാലതാമസമാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് പരിശോധനയ്ക്കും മറ്റുമായി എടുക്കുന്ന നീണ്ട സമയം ട്രക്ക് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ഉറക്കം കെടുത്തും. 50 മുതൽ 70 വരെ ശതമാനം കസ്റ്റംസ് തീരുവ ചുമത്തിയെത്തുന്ന ഉൽപന്നങ്ങൾക്ക് തീവില നൽകിയാലെ മാർക്കറ്റിൽനിന്നും വാങ്ങാനാകൂ. 

പൗണ്ടിന്റെ മൂല്യത്തിലും വൻ ഇടിവുണ്ടാകുമെന്ന് രേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ഒത്തുചേരുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയിൽ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഒട്ടേറെ സാമൂഹ്യ പ്രതിസന്ധികളിലേക്കു വഴിതെളിക്കുമെന്നാണ് ആശങ്ക. മരുന്നിന്റയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധിയോടുള്ള ജനങ്ങളുടെ പ്രതികരണം മറികടക്കാൻ സർക്കാർ ഏറെ കഷ്ടപ്പെടേണ്ടി വരും. ചുരുക്കത്തിൽ ദുരിതങ്ങളുടെ ഘോഷയാത്രയാകും നോ ഡീൽ ബ്രക്സിറ്റ് കൊണ്ടുവരികയെന്നാണ് സർക്കാർ രേഖ തന്നെ ആശങ്കപ്പെടുന്നത്. 

ഐറിഷ് അതിർത്തി അടയുമ്പോഴുണ്ടാകുന്ന വൻ മനുഷ്യാവകാശ പ്രശ്നങ്ങളും സർക്കാർ മുൻകൂട്ടി കാണുന്നു. ഇതെല്ലാം അറിയുമ്പോഴും നോ ഡീൽ ബ്രെക്സിറ്റുമായി മുന്നോട്ടുപോകുമെന്ന ബോറിസ് ജോൺസന്റെ പ്രഖ്യാപനമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com