ADVERTISEMENT

ബർലിൻ∙ കഴിഞ്ഞ അഞ്ച് ദിവസമായി ജർമനിയിലെ ഹേർണെ നഗരത്തിലെ നൂറു കണക്കിനു പേരുടെ ഉറക്കം കെടുത്തിയ മൂർഖന്റെ മേൽ പിടിവീണു. ഒരു വീടിന്റെ നിലവറയോട് ചേർന്ന കോൺക്രീറ്റ് അടിത്തറയിലെ ഇഷ്ടികകൾക്കിടയിൽ നിന്നാണ് താരമായിമാറിയ വിവാദനായകനെ ജീവനോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസും അഗ്നിശമന സേനാഗംങ്ങളും പാമ്പ് പിടുത്ത വിദഗ്ധരും അരമണിക്കൂറിലധികം കിണഞ്ഞ് പരിശ്രമിച്ചാണ് മൂർഖനെ പ്രത്യേകം കൂട്ടിലാക്കിയത്. ഉടനടി  വാഹനത്തിൽ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. സംഭവത്തിന് നൂറുകണക്കിന് നാട്ടുകാരും മാധ്യമപ്രവർത്തകരും സാക്ഷിയായി.

cobra-captured
മൂർഖനെ പെട്ടിയിലാക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

സംഭവം അറിഞ്ഞ് ആശ്വാസത്തോടെ മേയർ ഓടിയെത്തി. മൂർഖനെ ഭയന്ന് സർക്കാർ തന്നെ ഹോട്ടലുകളിലും മറ്റും മാറ്റി പാർപ്പിച്ച നാലു വീടുകളിലെ മുപ്പതിലധികം താമസക്കാർ തിരിച്ചെത്തി. ലോക വാർത്ത ഏജൻസികൾ മൂർഖനെ പിടിച്ചത് വാർത്തയാക്കി.

ഇരുപതിലധികം പാമ്പുകളെ വീട്ടിൽ വളർത്തി ഒടുവിൽ നാട്ടുകാർക്ക് പ്രശ്നക്കാരനായ പാട്രിക് എന്ന ഇരുപത്തിരണ്ടുകാരനായ പാമ്പിന്റെ ഉടമ മാത്രം വിവരം അറിഞ്ഞ് തിരിച്ചെത്തിയിട്ടില്ല. മുങ്ങിയ മൂർഖനെ പിടിക്കാം പിന്നെയാണോ പാട്രിക്ക് എന്ന മട്ടിലാണ് പൊലീസ്.

german-police
മൂർഖൻ ഒളിച്ചിരുന്ന സ്ഥലം ഉദ്യോഗസ്ഥൻ ചൂണ്ടി കാണിക്കുന്നു.

നാട്ടുകാർ കൈകാര്യം ചെയ്യും എന്ന ഭയവും പാട്രിക്കിനുണ്ട്. ഏതായാലും മുങ്ങിയ പാട്രിക് ഉടനടി പൊങ്ങില്ല. ഭാരിച്ച ചെലവ് തലയിൽ കെട്ടിവയ്ക്കുമോ എന്നത് തന്നെ കാരണം. ഇതിനകം പാമ്പിനെ പിടിക്കാൻ നഗരസഭയ്ക്ക് അരലക്ഷം യൂറോക്ക് താഴെ ചെലവുണ്ടായതായി മാധ്യമ പ്രവർത്തകർ പറയുന്നു.

house
മൂർഖൻ ഒളിച്ച സ്ഥലം.

ഇതിനിടയിൽ മുങ്ങിയ മൂർഖൻ ഏഷ്യയിൽ നിന്നുള്ളതാണ് അതുകൊണ്ടാണ് ഇത്രയും കുറുമ്പ് കാണിച്ചതെന്നുള്ള അടക്കം പറച്ചിലും പുറത്ത് വരുന്നുണ്ട്. എങ്കിലും ആശ്വസിക്കാം, മൂർഖൻ ആരെയും ഉപദ്രവിച്ചില്ല. ആർക്കും ജീവഹാനി ഉണ്ടാക്കിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com