sections
MORE

യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ ഉണ്ണി ശിവപാല്‍  അതിഥി

unni-uukma
SHARE

ബർമിങ്ങാം∙ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച തുടക്കം കുറിക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്. 

ഫോര്‍ ദി പീപ്പില്‍ എന്ന ഹിറ്റ് സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ ശ്രീ. ഉണ്ണി ശിവപാല്‍ നിരവധി സിനിമകളില്‍ അഭിനേതാവായും അതിലേറെ മലയാള സിനിമ നിര്‍മ്മാണ-വിതരണ രംഗത്തെ പ്രശസ്തമായ ക്ലാപ്പ് ബോര്‍ഡ്‌ സിനിമാസ്, ഫ്രീഡ് റിലീസ്  എന്നീ കമ്പനികളുടെ ഉടമ എന്ന നിലയിലും സജീവമാണ്. 

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ കലാമേള ഉദ്ഘാടനം ചെയ്യാനെത്തുന്നത് അങ്കമാലിയുടെ  ജനപ്രതിനിധി  റോജി. എം.ജോണ്‍ എം.എല്‍.എയാണ്.  2010ല്‍ യുക്മ കലാമേള ആരംഭിച്ചപ്പോള്‍ ബ്രിസ്റ്റോളില്‍ നടന്ന ദേശീയ കലാമേളയ്ക്ക്  മുന്നോടിയായി നടന്ന റീജണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ടത് സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ റെഡ്ഡിങിലാണ്. പത്താം വര്‍ഷത്തില്‍ വീണ്ടും റീജണല്‍ കലാമേള റെഡ്ഡിങിലെത്തുമ്പോള്‍ അതിനെ ഒരു വന്‍വിജയമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹത്തിന്റെ നേതൃത്വത്തിലുള്ള റീജണല്‍ കമ്മറ്റിയും ദേശീയ നേതൃത്വവും. 

കേരളത്തിന് പുറത്ത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ ദേശീയ കലാമേള. നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന പത്താമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഇതിനോടകം തന്നെ ആറ് റീജണുകളില്‍ കലാമേള പ്രഖ്യാപിച്ച് കഴിഞ്ഞു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ്ലാന്റ്സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷെയര്‍, എന്നീ റീജണുകളിലാണ് ഇതിനോടകം തന്നെ കലാമേള പ്രഖ്യാപിച്ചിട്ടുള്ളത്. സ്ക്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജണുകളിലെ കലാമേള ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.  വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജനുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇത്തവണ ദേശീയ കമ്മറ്റി ഒരുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പത്താമത് ദേശീയ കലാമേളയില്‍ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുകയെന്നുള്ള ലക്ഷ്യമിട്ടാണ് ദേശീയ ഭരണസമിതി മുന്നോട്ട് നീങ്ങുന്നതെന്ന് സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു. 

സൗത്ത് ഈസ്റ്റ് റീജിയണില്‍ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ "കലാമേള 2019" ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് എന്നിവര്‍  അതിഥികളായി പങ്കെടുക്കും.  

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും  തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളം വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. 

പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍  കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു ഒക്ടോബര്‍ 12 ശനിയാഴ്ച്ച റെഡ്ഡിങില്‍ നടത്തപ്പെടുമ്പോള്‍ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA