ADVERTISEMENT

ലണ്ടന്‍∙ ക്രിസ്തീയ ഭക്തിഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടായി ഹൃദയം നിറക്കുന്ന ഗാനവുമായി ജോസ് കുമ്പിളുവേലിയും ഫാ. മാത്യൂസ് പയ്യപ്പള്ളിയും ആദ്യമായി ഒന്നിച്ച മരിയ ഭക്തിഗാന സിംഗിള്‍ ആല്‍ബം 'അമ്മയെന്ന സത്യം' ജനഹൃദയങ്ങളില്‍ ചേക്കേറുക മാത്രമല്ല വന്‍ ഹിറ്റിലേയ്ക്ക്.

പേറ്റുനോവറിയും വരെ പ്രാണന്‍റെ പ്രാണനായി ആറ്റുനോറ്റു നോമ്പിരിക്കും എന്‍റെ അമ്മേ  നീ ഭാഗ്യവതി അമ്മേ  നിന്‍ പ്രാര്‍ത്ഥനയില്‍ മാതൃഭക്തി നിറഞ്ഞിരിക്കും ٹ. ഈ വരികള്‍ കേട്ടാല്‍ ആരുടെ മനസ്സാണ് ആര്‍ദ്രമാവാത്തത്.. അമ്മയുടെ സാമീപ്യം കൊതിക്കാത്തത് ... അമ്മയെ ഓര്‍ക്കാത്തത് .. അമ്മയെ ധ്യാനിയ്ക്കാത്തത്. മനസ്സില്‍ എന്നും ജ്വലിക്കുന്ന സ്നേഹത്തിന്‍റെ മുഖം... 'അമ്മ... 'സ്വന്തം അമ്മ .. അതേ .. അമ്മയെന്ന സത്യം .... ആ രണ്ടക്ഷത്തിന്‍റെ മാധുര്യത്തില്‍ സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി .. എക്കാലവും മനസ്സില്‍ ചേര്‍ത്തുവയ്ക്കാന്‍ ... ഒരു മഹോന്നത സൃഷ്ടി ..

marian-songs-2

ജര്‍മനിയിലെ മാദ്ധ്യമപ്രവര്‍ത്തകനും കലാസാംസ്കാരിക, സംഘടന, സമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ മുഖ്യധാരാവാഹകനുമായ  ജോസ് കുമ്പിളുവേലിയുടെ ഹൃദയത്തില്‍ വിരിഞ്ഞ മാസ്മര വരികള്‍ക്ക് മാതൃസ്നേഹത്തിന്‍റെ സംഗീതം ശ്രവണസുധയുടെ പാലാഴിയാക്കി തിരുവനന്തപുരം കലാഗ്രാമത്തിന്‍റെ ഡയറക്ടര്‍ ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബി എസ്  സന്നിവേശിപ്പിച്ച് യുകെയിലെ പതിമൂന്നു വയസ്സുകാരി  കൊച്ചുവാനമ്പാടി ടെസ്സാ സൂസന്‍ ജോണ്‍ സ്വര തംബുരുവില്‍ ചേര്‍ത്തുവച്ച്  സ്വര്‍ഗീയ ആലാപനത്തിലൂടെ അതിമനോഹരമാക്കിയ അലൗകികമായ,  അഭൗമമായ   ചേതന നിറയ്ക്കുന്ന തേനൂറും ഗാനം മാതൃഭക്തിയുടെ, ജപമാലയുടെ മാസമായ ഒക്ടോബറിനെ സാക്ഷിയാക്കി സംഗീതപ്രേമികള്‍ക്കായി കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ  സമര്‍പ്പിച്ചത്.  മനസിന്‍റെ മണിച്ചെപ്പില്‍ എന്നും  മിഴിവുണര്‍ത്തുന്ന ഈ മരിയഗീതം, മനസിന്‍റെ തന്ത്രിയില്‍ എന്നും ഉരുക്കഴിക്കാന്‍ ഒരു മാതൃസ്തുതിയായി സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സതീഷ് ബാബു, ആലീസ് എന്നിവര്‍ ആലപിച്ച 10 ഗാനങ്ങളടങ്ങിയ സ്നേഹാമൃതം എന്ന ക്രിസ്തീയ ഭക്തിഗാന കാസറ്റിലൂടെ 1988 മുതല്‍ ഭക്തിഗാനരംഗത്തുവന്ന ജോസ് കുമ്പിളുവേലില്‍ കുമ്പിള്‍ ക്രിയേഷന്‍സ് പുറത്തിറക്കിയ സ്വര്‍ഗ്ഗീയാരാമം(1999), പാരിജാതമലര്‍(2003,സ്വര്‍ഗ്ഗീയാരാമം രണ്ടാംഭാഗം), നീണ്ട ഇടവേളയ്ക്കുശേഷം 2015 ല്‍ പുറത്തിറക്കിയ അനുപമസ്നേഹം (സ്വര്‍ഗ്ഗീയാരാമം മൂന്നാംഭാഗം), 2011 ല്‍ റീലീസ് ചെയ്ത ദ ഫെയിത്ത് തുടങ്ങിയ ആല്‍ബങ്ങളില്‍ കാവ്യഭംഗിയുള്ള ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. കെസ്റ്റര്‍, എം.ജി ശ്രീകുമാര്‍, സുജാത, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, വില്‍സന്‍ പിറവം, സിസിലി, ശ്രേയക്കുട്ടി, മണ്‍ മറഞ്ഞുപോയ രാധിക തിലക് തുടങ്ങിയവര്‍ ജോസ് കുമ്പിളുവേലിയുടെ വരികള്‍ പാടി അനശ്വമാക്കിയിട്ടുണ്ട്.  

എംസിബിഎസ് സഭാംഗമായ ഫാ.മാത്യൂസ് പയ്യപ്പിള്ളി സംഗീതം നല്‍കിയ നിരവധി ഭക്തിഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങളിലൊന്നായ 'വാ..വാ..യേശു നാഥാ വാ..വാ.. എന്‍  സ്നേഹനാഥാ....' എന്ന ഗാനം വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തിയ മറിയം ത്രേസ്യ പുണ്യവതിയെക്കുറിച്ചും ഫാ.മാത്യൂസ് ഗാനങ്ങള്‍ ഒരുക്കിയത് ശ്രദ്ധേയമായി. 

യുകെയിലെ ടെസ സൂസന്‍ ജോണ്‍ എന്ന പതിമൂന്ന് വയസ്സുകാരിയുടെ സ്വതസിദ്ധമായ ആലാപനം ഈ ഗാനത്തെ അനശ്വരമാക്കുന്നു. യുകെയിലെ പരിപാടികളില്‍  വിവിധ സ്റ്റേജുകളില്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിച്ച് യുകെ മലയാളികളുടെ പൊന്നോമനയായി മാറിയ ടെസമോള്‍  കെഎസ് ചിത്ര, സംഗീത സംവിധായകന്‍ ശരത്ത് എന്നിവര്‍ കഴിഞ്ഞദിവസം യൂകെയില്‍ നടത്തിയ ഗാനമേളകളില്‍ രണ്ടു സ്റ്റേജുകളില്‍ ഇവരോടൊപ്പം ഗാനം ആലപിക്കാന്‍ ടെസയ്ക്ക് അവസരം ലഭിച്ചത് ഈ കൊച്ചു ഗായികയുടെ ആലാപനമികവിനു ലഭിച്ച അംഗീകാരം കൂടിയാണ്. 2017 ല്‍ ജിനോ കുന്നുംപുറത്ത് പുറത്തിറക്കിയ കുരിശിന്‍ ചുവട്ടില്‍ കണ്ണീരുമായി എന്ന ഗാനം ആലപിച്ച ടെസ, 2018 ല്‍ ഇറങ്ങിയ അലവൂറും സ്നേഹം എന്ന ക്രിസ്തീയ ഭക്തിഗാനവും, ഓലനാറന്‍ കിളിയേ എന്നു തുടങ്ങുന്ന തിരുവോണ ഗാനവും ബിജു നാരായണനൊപ്പം ടെസ പാടി മികവു തെളിയിച്ചിട്ടുണ്ട്. കുരുന്ന പ്രായത്തില്‍തന്നെ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ച്  അമ്മയെന്ന സത്യമേ എന്ന ഗാനം ആലപിച്ച് യുകെയിലെ കൊച്ചുവാനമ്പാടിയായി, യൂറോപ്പിലെ പൂങ്കുയിലായി ടെസ സൂസന്‍ ജോണ്‍ മാറിക്കഴിഞ്ഞു.

marian-songs-tessa

സിംഗിള്‍ ആല്‍ബം റിലീസ് ചെയ്ത അന്നുതന്നെ മികച്ച പ്രതികരണമാണ് ഈ ഗാനത്തിനു ലഭിച്ചത്. അമിഗോസ് കമ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ കുമ്പിള്‍ ക്രിയേഷന്‍സിനുവേണ്ടി ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ആല്‍ബത്തിന്‍റെ നിര്‍മാണം. മിതത്വം പാലിച്ച് ഭക്തിരസം തുളുമ്പുന്ന ഓര്‍ക്കസ്ട്രേഷന്‍ പ്രദീപ് ടോമും, കൊച്ചിയിലെ ഗീതം സ്റ്റുഡിയോയില്‍ റെക്കോഡിങ് നടത്തിയ ഗാനത്തിന്‍റെ മിക്സിംഗ് ജിന്‍റോ ജോണും വിഡിയോ എഡിറ്റിംഗ് എറണാകുളം രൂപതാംഗമായ ഫാ. സാജോ പടയാട്ടിലും നിര്‍വഹിച്ചിരിക്കുന്നു.

മനോഹരമായ പ്രകൃതിഭംഗി കോര്‍ത്തിണക്കിയാണ് ഗാനത്തിന്‍റെ ദൃശ്യവല്‍ക്കരണം ആരംഭിക്കുന്നത്. സംഗീതം മുഴക്കുന്ന മാലാഖാമാര്‍ക്കു നടുവില്‍  അംബരറാണിയായ മറിയം, കര്‍ത്താവിന്‍റെ ദാസിയായി വാനമേഘങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചാരുത നിറഞ്ഞ ദൃശ്യമാണ് ഇന്‍റര്‍ലൂഡില്‍ ചേര്‍ത്തിരിയ്ക്കുന്നത്.ഹൃദ്യമായ സംഗീതവും സ്വര്‍ഗ്ഗീയ ആലാപനവും കൊണ്ട് ആദ്യ കേള്‍വിയില്‍ത്തന്നെ ഹൃദയത്തില്‍ അലിഞ്ഞിറങ്ങുന്ന അമ്മയെന്ന സത്യം എന്ന ഗാനം കേള്‍ക്കും തോറും വീണ്ടും ആവര്‍ത്തിച്ചു കേള്‍ക്കാന്‍ പ്രേരകമാവുമെന്നാണ്  റിലീസായി രണ്ടുദിവസത്തിനുള്ളില്‍ തന്നെ വൈറലായ ഗാനത്തിന്‍റെ ശ്രോതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ലിങ്ക്:https://youtu.be/gFmfoJEyu3o

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com