ADVERTISEMENT

ലണ്ടൻ∙ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ ബ്രക്സിറ്റ് ഡീലിന് പാർലമെന്റിന്റെ അനുമതി നേടി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്നലെ ഡീലിന്റെ രണ്ടാം വായനയെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ വിജയിച്ച് പ്രധാന കടമ്പ കടന്ന ബോറിസിന് പക്ഷേ, തന്റെ ആവശ്യങ്ങൾ മുഴുവനും  പാർലമെന്റിൽ നേടിയെടുക്കാനായില്ല. മൂന്നുദിവസത്തിനകം ബില്ല് പൂർണമായും പാസാക്കണമെന്ന നിർദേശം ഹൗസ് ഓഫ് കോമൺസ് തള്ളി. ബില്ലിന് പാർലമെന്റിൽ അനുകൂല പ്രതികരണമാണെന്ന് അറിഞ്ഞതോടെ യൂറോപ്യൻ യൂണിയനും കടുംപിടുത്തം ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. എംപിമാരുടെ ആവശ്യപ്രകാരം മറ്റ് നിയമനടപടികൾ പൂർത്തിയാകും വരെ ഒരിക്കൽകൂടി കാലാവധി നീട്ടിനൽകാൻ യൂറോപ്യൻ യൂണിയൻ തയാറായേക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്. 

ശനിയാഴ്ചത്തെ പ്രത്യേക സമ്മേളനത്തിൽ ഭേദഗതി ബില്ലിലൂടെ എംപിമാർ തള്ളിക്കളഞ്ഞ ബ്രക്സിറ്റ് ഡീലിന് ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഹൌസ് ഓഫ് കോമൺസ് ഇന്നലെ അംഗീകാരം നൽകിയത്. എന്നാൽ മൂന്നുദിവസത്തിനകം ഇതുസംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബില്ല് പാസാക്കണമെന്ന ബോറിസ് ജോൺസന്റെ നിർദേശം പാർലമെന്റ് തള്ളുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ ശനിയാഴ്ച എംപിമാർ തീരുമാനിച്ചപോലെ യൂറോപ്യൻ യൂണിയനിൽനിന്നും കാലാവധി നീട്ടിവാങ്ങി ആ സമയം തുടർ നിയമനിർമാണങ്ങൾ പൂർത്തിയാക്കിയാൽ പുതിയ പിന്മാറ്റക്കരാറിലൂടെ ബ്രിട്ടനു സുഗമമായി യൂറോപ്യൻ യൂണിയന് പുറത്തുവരാം. എന്നാൽ ഇപ്പോഴും ഒക്ടോബർ 31 എന്ന തീയതിയിൽ ഉറച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി ബോറിസ്. എല്ലാ നിയമനിർമാണവും പൂർത്തിയാക്കി സാവകാശം പിരിയണമെന്ന് എംപിമാരും ശാഠ്യം തുടരുന്നു. 

ഇതിനിടെ ബോറിസ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയാറാകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 

299നെതിരേ 329 വോട്ടിനാണ് ഹൌസ് ഓഫ് കോമൺസ് ഇന്നലെ ബോറിസിന്റെ പുതിയ പിന്മാറ്റക്കരാർ തത്വത്തിൽ അംഗീകരിച്ചത്. ഒക്ടോബർ 31ന് യൂണിയൻ വിടണമെന്ന ബോറിസിന്റെ കർശന നിലപാടിനെ 308നെതിരേ 322 വോട്ടുകൾക്ക് എംപിമാർ തള്ളുകയും ചെയ്തു. തിരക്കുപിടിച്ച് ബ്രക്സിറ്റ് നടപ്പാക്കുന്നതിനെതിരേ പ്രതിപൾ കക്ഷികളായ ലേബർ, ലിബറൽ ഡെമോക്രാറ്റ്, എസ്എൻപി കക്ഷികളും മുൻ ടോറി വിമതരും ഒന്നിക്കുകയായിരുന്നു.  ഇതോടെ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ പിടിവാശി പരാജയപ്പെട്ടു. എങ്കിലും തന്റെ ഡീലിന് പാർലമെന്റ് അംഗീകാരം നൽകിയതിൽ സന്തോഷമുണ്ടെന്നായിരുന്നു ബോറിസിന്റെ പ്രതികരണം. ഇതുസംബന്ധിച്ച മറ്റു നിയമനിർമാണങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ബ്രിട്ടനിൽ നിന്നുള്ള ഈ സമ്മിശ്ര പ്രതികരണത്തോട് യൂറോപ്യൻ യൂണിയൻ എന്തു നിലപാട് എടുക്കുമെന്ന ആകാഷയിലാണ് ലോകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com