ADVERTISEMENT

ലണ്ടൻ ∙ മൂവായിരത്തിലധികം ഗാനങ്ങളുടെ  രചനയും സംഗീതവും നിർവഹിച്ച് ക്രിസ്തീയ ഭക്തിഗാനരംഗത്ത് അഗ്രഗണ്യനായി മാറിയ ഫാ. ഷാജി തുമ്പേച്ചിറയും ഗായകൻ ഷൈമോനും ചേർന്ന് ക്രിസ്മസിനായി ഒരുക്കിയത് വ്യത്യസ്തമായ ഒരു കുടുംബഗീതം. മാതൃകാപരമായ കുടുംബജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന ഈ ഗാനം അയൽക്കാരോടും ബന്ധുക്കളോടും സ്നേഹിതരോടുമുള്ള സമീപനം എങ്ങനെയാകണമെന്ന വ്യക്തമായ സന്ദേശവും നൽകുന്നു.  കുടുംബങ്ങളിലെ സ്നേഹരാഹിത്യവും ഭക്തിക്കുറവും ദൈവത്തെയും സഹജീവികളെയും  മറന്നുള്ള ജീവിതവുമെല്ലാം അർഥഗർഭമായ വരികളാക്കി അച്ചൻ കുറിച്ചിട്ടപ്പോൾ അത് ഷൈമോന്റെ ശബ്ദത്തിൽ ശ്രുതിമധുരമായ കുടുംബഗീതമായി.‘എന്റെ വീടെന്റെ സ്വർഗം’ എന്ന മനോഹരമായ വരികളിൽ തുടങ്ങുന്ന അർഥസമ്പർണമായ ഗാനം കഴിഞ്ഞദിവസമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. മണിക്കൂറുകൾക്കുള്ളിൽതന്നെ പാട്ട് യു.കെ മലയാളികൾക്കിടയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.  

മലയാളികൾക്കിടയിൽ അനുദിനം പെരുകുന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ഞെട്ടിപ്പിക്കുന്ന വാർത്തകളെക്കുറിച്ചുള്ള ചിന്തയാണ് ഷാജി അച്ചനുമായി ചേർന്ന് കുടുംബങ്ങൾക്കായി ഒരു പാട്ടൊരുക്കാൻ പ്രേരിപ്പിച്ചതെന്ന് ഷൈമോൻ പറയുന്നു. അടുത്തിടെ ‘ഈശോയുടെ പുഞ്ചിരി’ എന്നപേരിൽ പത്ത് ഹിറ്റുഗാനങ്ങളൊരുക്കിയ ടീം തന്നെയാണ് ഈ കുടുംബഗീതത്തിന്റെയും അണിയറ ശിൽപികൾ.  

‘പളുങ്ക്’ എന്ന പേരിൽ ഇതിനു മുമ്പും ഷൈമോനും ഷാജി അച്ചനും ചേർന്ന് സംഗീത ആൽബം പുറത്തിറക്കിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് ‘മഞ്ഞ്’ എന്നപേരിൽ ക്രിസ്മസ് കാലത്ത് തുമ്പേച്ചിറ അച്ചൻ തയാറാക്കിയ സംഗീത ആൽബം യു.കെ. മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുടുംബൾക്കായുള്ള ഈ ഗാനോപഹാരം. വിശ്വാസ പ്രഘോഷണം കുടുംബമെന്ന ഗാർഹിക സഭയിൽനിന്നും ആരംഭിക്കണമെന്നതാണ് ഈ സുന്ദരമായ ഗാനം നൽകുന്ന ആത്യന്തിക സന്ദേശം. 

മാതാപിതാക്കളെ ആദരിക്കുന്നത് ദൈവാരാധനയുടെ ഭാഗമാണെന്നും മറ്റുള്ളവരെ മാനിക്കുന്നത് മദ്ബഹ ശുശ്രൂഷപോലെ പുണ്യമാണെന്നും  ഗാനം നമ്മെ ഓർമിപ്പിക്കുന്നു. മനസു മടുക്കാതെ മാനവനന്മയ്ക്കായി അണിചേരണമെന്നും ജാതിമതചിന്തകൾക്കതീതമായി ഉയർന്ന ചിന്താഗതിയോടെ  പ്രവർത്തിക്കാൻ പഠിക്കണെന്നുമുള്ള സന്ദേശവും ഗാനത്തിലുണ്ട്. ദാനധർമത്തിന്റെ മാഹാത്മ്യവും മനോഹരമായ ഈണങ്ങൾക്കൊപ്പം അച്ചൻ പറഞ്ഞുതരുന്നു.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com