ADVERTISEMENT

ലണ്ടൻ ∙ തിരഞ്ഞെടുപ്പു പ്രചാരണം മുറുകുന്ന ബ്രിട്ടനിൽ ഭരണകക്ഷിയായ ടോറികൾക്ക് മുൻതൂക്കം പ്രവചിച്ച് വീണ്ടും സർവേ ഫലം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഉടൻ പുറത്തുവന്ന സർവേയിൽ ടോറികൾക്ക് നേരിയ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നതെങ്കിൽ ഇന്നലെ പുറത്തുവന്ന സർവേ റിപ്പോർട്ടു പറയുന്നത് ടോറികൾ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ്. പ്രധാനമന്ത്രിസ്ഥാനത്തേക്ക്  ബോറിസ് ജോൺസൺ ലേബർ നേതാവ് ജെറമി കോർബിനേക്കാൾ ബഹുദൂരം മുന്നിലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 

ഇലക്ട്രറൽസ് കാൽകുലസ് നടത്തിയ സർവേയിലാണ് 96 സീറ്റിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ ടോറികൾ വീണ്ടും അധികാരത്തിൽ വരുമെന്നും ലേബർ അവരുടെ ശക്തികേന്ദ്രങ്ങളിൽ പോലും തകർന്നടിയുമെന്നും പ്രവചിക്കുന്നത്. ശക്തവും വ്യക്തവുമായ ബ്രെക്സിറ്റ് നിലപാടുകൾ തന്നെയാണ് ടോറികൾക്ക് വ്യക്തമായ മുൻതൂക്കം നേടിക്കൊടുക്കുന്ന പ്രധാന ഘടകം. 650 അംഗ പാർലമെന്റിൽ 373 സീറ്റുകളാണ് ഇലക്ടറൽ കാൽകുലസ് സർവേയിൽ ടോറികൾക്ക് ലഭിക്കുന്നത്. ലേബറിന്റെ ശക്തികേന്ദ്രമായ ലണ്ടനിലും മിഡ്‌ലാൻഡ‌ിലെ മറ്റു മേഖലകളിൽനിന്നുമായി ഇരുപതിലേറെ സീറ്റുകൾ ടോറികൾ ലേബറിൽനിന്നും പിടിച്ചെടുക്കുമെന്നാണ് സർവേയുടെ കണ്ടെത്തൽ.

600 സീറ്റുകളിൽ മൽസരിക്കുന്ന ബ്രെക്സിറ്റ് പാർട്ടി പത്തു ശതമാനത്തിലേറെ വോട്ടു നേടുമെങ്കിലും ഇവർക്ക് സീറ്റൊന്നും ലഭിക്കില്ല. ഇവരുടെ സാന്നിധ്യമില്ലായിരുന്നെങ്കിൽ ടോറികൾ 400 സീറ്റിലേക്ക് അനായാസം എത്തുമായിരുന്നു എന്നാണ് സർവേയിലെ മറ്റൊരു കണ്ടെത്തൽ. 

സ്കോട്ട്ലൻഡിൽ ലേബർ പാർട്ടി നേട്ടമുണ്ടാക്കുമെന്ന് സർവേ പറയുന്നു. ബ്രെക്സിറ്റ് വിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നേരിടുന്ന ലിബറൽ ഡമോക്രാറ്റുകൾ കഴിഞ്ഞതവണത്തേക്കാൾ നേട്ടം കൊയ്യും. ഇവരുടെ നേട്ടവും ലേബറിന്റെ ചെലവിലാകുമെന്നതാണ് രസകരമായ കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com