ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ഏറ്റവും വലിയ പോസ്റ്റൽ ശൃംഖലയായ റോയൽ മെയിൽ കമ്പനിയിലെ തൊഴിലാളികൾ നടത്താനിരുന്ന സമരത്തിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. ആളുകൾ ഏറ്റവും കൂടുതലായി പോസ്റ്റൽ സർവീസിനെ ആശ്രയിക്കുന്ന ക്രിസ്മസ് കാലത്ത് സമരം ചെയ്ത് മാനേജ്മെന്റിനെ സമ്മർദത്തിലാക്കി ആനുകൂല്യങ്ങളും മികച്ച തൊഴിൽ കരാറുകളും നേടാനുള്ള കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയന്റെ നീക്കത്തിനാണ് കോടതി വിധി തിരിച്ചടിയായിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യൂണിയൻ സമര തീരുമാനവുമായി മുന്നോട്ടുപോകുന്നത് വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങൾക്കും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുമെതിരായ വെല്ലുവിളിയാകുമെന്ന മാനേജ്മെന്റിന്റെ വാദമാണ് കോടതി അംഗീകരിച്ച് സമരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. 

ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ 140,000 ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് റോയൽ മെയിൽ. ലേബർ പാർട്ടിയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയനാണ് റോയൽ മെയിലിലെ ഔദ്യോഗിക തൊഴിലാളി യൂണിയൻ. മുൻകാലങ്ങളിലെ വിവിധ കരാർ വ്യവസ്ഥകളിൽനിന്നും മാനേജ്മെന്റ് പിന്നോക്കം പോകുന്നതിനെതിരേയും പുതിയ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾക്കെതിരെയും പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് യൂണിയൻ സമരം ചെയ്യാനുള്ള തീരുമാനമെടുത്തത്.

നിരവധി വട്ടം ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞ മാസം യൂണിയൻ സമരത്തിനായി ജോലിക്കാർക്കിടയിൽ ബാലറ്റ് നടത്തിയത്. ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ പങ്കെടുത്ത ബാലറ്റിൽ 97 ശതമാനം പേരും സമരത്തെ അനുകൂലിച്ചു. ഈ സാഹചരര്യത്തിൽ ബ്ലാക്ക് ഫ്രൈഡെ, സൈബർ മൺഡെ തുടങ്ങിയ തിരക്കേറിയ ദിവസങ്ങളോടനുബന്ധിച്ച്  സമരം നടത്താനുള്ള തീരുമാനവുമായി യൂണിയൻ മുന്നോട്ടു പോകുന്നതിനിടെയാണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. 

യൂണിയൻ സമരം തീരുമാനിച്ചതിനു പിന്നാലെയെത്തിയ പൊതു തിരഞ്ഞെടുപ്പാണ് ഇപ്പോൾ മാനേജ്മെന്റിന് തുണയായത്. ഒരു കോടിയോളം വോട്ടർമാർ പോസ്റ്റൽ ബാലറ്റുവഴി വോട്ടചെയ്യുന്ന ബ്രിട്ടണിൽ പ്രധാന പോസ്റ്റൽ ശൃംഖലയായ റോയൽ മെയിൽ ജീവനക്കാർ സമരത്തിനിറങ്ങുന്നത്  വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബോധിക്കുമെന്ന നിലപാട് കോടതി അംഗീകരിച്ചു. ഹൈക്കോടതി തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച യൂണിയൻ നേതൃത്വം  അപ്പീൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.

English Summary: High court injunction for Royal mail strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com