ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ കിരീടാവകാശിയായ ചാൾസ് രാജകുമാരൻ ഇത് ഇന്ത്യയിൽ നടത്തുന്നത് പത്താമത്തെ ഔദ്യോഗിക സന്ദർശനം. രാജകുമാരന്റെ എഴുപത്തൊന്നാം ജന്മദിനാഘോഷവും ഇന്ത്യാ സന്ദർശനത്തിനിടെയാണ്. ഇന്ന് 71 വയസ് തികയുന്ന ചാൾസിന് ഭാര്യ കാമില കൂടെയില്ലാതെയാണ് ജന്മദിനാഘോഷം. 

തിരക്കിട്ട പരിപാടികളാണ് ചാൾസിന് ഇന്ത്യയിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ സുദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമേ, സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ തന്ത്രപ്രധാനമായ പല വിഷയങ്ങളിലും ഔദ്യോഗിക ചർച്ചകളും കരാറുകളുമുണ്ട്.

ഇന്ത്യൻ സന്ദർശനത്തിനിടെ പതിവായി സിഖ് ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള ചാൾസ് ഇക്കുറിയും അതിനു മുടക്കം വരുത്തുന്നില്ല. ഗുരുനാനാക്കിന്റെ അഞ്ഞൂറ്റിഅമ്പതാമത് ജന്മദിനാഘാഷങ്ങളുടെ ഭാഗമായാണ് ക്ഷേത്ര സന്ദർശനം. ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ജീവൻ ത്യജിക്കേണ്ടിവന്ന ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കുന്ന മിലിട്ടറി സർവീസിൽ അദ്ദേഹം പങ്കെടുക്കും. 

വില്യം രാജകുമാരനും പത്നി കെയ്റ്റും ഈയിടെ പാക്കിസ്ഥാനിൽ നടത്തിയ വിശദമായ സന്ദർശനം ഏതെങ്കിലും വിധത്തിൽ ഇന്ത്യയ്ക്ക് നീരസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിക്കുന്ന നയതന്ത്രപരമായ സമീപനമായിരിക്കും ചാൾസ് സന്ദർശനത്തിൽ ഉടനീളം സ്വീകരിക്കുക. 

2017ലാണ് ഇതിനു മുമ്പ് ചാൾസ് ഇന്ത്യയിലെത്തിയത്. ഏഴുവർഷം മുമ്പ് പത്നി കാമിലയോടൊപ്പം കേരളത്തിലെത്തിയ ചാൾസ് അവിടെവച്ച് പിറന്നാൾ ആഘോഷിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് ബ്രിട്ടീഷ് മാധ്യമങ്ങളിൽ കേരളത്തെക്കുറിച്ചും ജന്മദിനാഘോങ്ങളെക്കുറിച്ചും നൽകിയ വാർത്തകൾ ടൂറിസം രംഗത്ത് കേരളത്തിന് ബ്രിട്ടനിൽ നേടിക്കൊടുത്ത പബ്ലിസിറ്റി വളരെ ഏറെയാണ്. മനോഹരമായ ചിത്രങ്ങൾ സഹിതം കേരളം മിക്ക ബ്രിട്ടീഷ് മാധ്യമങ്ങളുടെയും ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടു. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കുറിയും ചാൾസിന്റെ ഇന്ത്യാ സന്ദർശനത്തിന് വലിയ വാർത്താ പ്രാധാന്യമാണ് നൽകുന്നത്.

English Summary: British Prince Charles reaches India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com