ADVERTISEMENT

ലണ്ടൻ ∙ രാഷ്ടീയ എതിരാളികളെ പോലും മോഹിപ്പിക്കുന്ന സുന്ദര മോഹന വാഗ്ദാനങ്ങളുടെ പെരുമഴ തീർത്ത് ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ പ്രകടനപത്രിക. റെയിൽവേയും റോയൽമെയിലും ജല-വൈദ്യുതി വിതരണവും വീണ്ടും ദേശസാൽകരിക്കുന്നതടക്കം എളുപ്പത്തിൽ സാധ്യമല്ലാത്ത ഒട്ടെറെ വാഗ്ദാനങ്ങളാണ് ലേബർ വോട്ടർമാർക്കു മുന്നിൽ വയ്ക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന സമൂലമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രകടനപത്രിക ഇന്നലെ വൈകിട്ട് ബർമിങ്ങാമിൽ പാർട്ടി നേതാവ് ജെറമി കോർബിനാണ് പുറത്തിറക്കിയത്.

2030 ആകുമ്പോഴേയ്ക്കും ബ്രിട്ടനെ കാർബൺ എമിഷൻ ഭീഷണിയിൽനിന്നും സമ്പൂർണമായി മോചിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഗ്രീൻ ട്രാൻസ്ഫോർമേഷൻ ഓഫ് ഇക്കോണമി’യാണ് ലേബറിന്റെ ലക്ഷ്യമെന്ന് കോർബിൻ പ്രഖ്യാപിച്ചു. രാജ്യത്തെ ബാങ്കർമാരും കോടീശ്വരന്മാരും വൻകിട സ്ഥാപന ഉടമകളും തന്റെ പദ്ധതികളെയും ലക്ഷ്യങ്ങളെയും തകർക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, അവരുടേതല്ല ലേബർ പാർട്ടിയെന്നും ലേബർ സാധാരണ ജനങ്ങളുടെ പാർട്ടിയാണെന്നും കോർബിൻ പറഞ്ഞു. 

ബ്രെക്സിറ്റിൽ പുതിയ ഉടമ്പടിക്കായി ചർച്ചകൾ പുന:രാരംഭിക്കും. ചർച്ചയിൽ ഉരിത്തിരിയുന്ന കാര്യങ്ങൾ നടപ്പാക്കണമോ എന്നറിയാൽ ഇതിന്റ തുടർച്ചയെന്നോണം നിയമപരമായി നിലനിൽക്കുന്ന രണ്ടാം റഫറണ്ടം നടത്തും. സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള മറ്റൊരു റഫറണ്ടത്തെക്കുറിച്ച് ഉടൻ ആലോചനയില്ല. ഉയർന്ന വരുമാനക്കാരുടെ നികുതി നിരക്ക് ഇനിയും ഉയർത്തുമെന്നും ടോറി സർക്കാർ വെട്ടിക്കുറച്ച കോർപറേഷൻ നികുതികൾ പുന:സ്ഥാപിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. 

വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം 16 വയസ് ആക്കും. അഞ്ചുവർഷത്തിനുള്ളിൽ പുതിയതായി 150,000 കൗൺസിൽ വീടുകൾ നിർമിക്കും. 75 ബില്യൻ പൗണ്ടാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലയിൽ ജോലിചെയ്യുന്നവർക്ക് ഉടനടി അഞ്ചുശതമാനം ശമ്പള വർധന നടപ്പാക്കും. 

രാജ്യത്തെ തൊഴിലാളികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 10 പൗണ്ടാക്കും. ശാരീരിക അധ്വാനം ഏറെയുള്ള ജോലികളിൽ ഉൾപ്പെടുന്നവരുടെ പെൻഷൻ പ്രായം കുറയ്ക്കും. 

പ്രൈവറ്റ് സ്കൂൾ വിദ്യാഭ്യാസത്തിന് നികുതി ഏർപ്പെടുത്തും. രണ്ടാം വീടിന് അധിക നികുതി നൽകാൻ നടപടിയുണ്ടാകും. 

നിലവിൽ ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് സ്വാഭാവികമായും ഇവിടെത്തന്നെ തുടരാൻ സാഹചര്യമൊരുക്കും. ടോറികൾ നിർത്തലാക്കിയ 300 ബസ് സർവീസുകൾ പുന:സ്ഥാപിക്കും. ബ്രിട്ടീഷ് ടെലികോമിന്റെ ഭാഗിക ദേശസാൽകരണത്തിലൂടെ എല്ലാവർക്കും സൗജന്യ ബ്രോഡ്ബാൻഡ് കണക‌ഷൻ ഉറപ്പുവരുത്തും. 

പ്രായപൂർത്തിയായവർക്ക് ജോലി ലഭ്യത ഉറപ്പുവരുത്താൻ പ്രത്യേക ട്രെയിനിങ്ങിനായി 3 ബില്യൻ പൗണ്ടിന്റെ പദ്ധതി നടപ്പാക്കും. പ്രൈമറി സ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ എണ്ണം മുപ്പതിൽ താഴെയാക്കാൻ നടപടിയെടുക്കും. 65 വയസിനു മുകളിലുള്ള പൗരൻമാർക്ക് അവശ്യ സാഹചര്യങ്ങളിൽ ഹോം കെയർ സൌകര്യം ഉറപ്പുവരുത്തും. 

ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് പ്രത്യേക വായ്പാ സൗകര്യങ്ങൾ ഒരുക്കും. വമ്പൻ വ്യവസായങ്ങൾക്കും ബിസിനസുകൾക്കും അധിക നികുതി ഏർപ്പെടുത്തുമെന്നും ലേബർ പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com