ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടീഷ് തിരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യ ഘടകമായ ബിബിസി സംവാദത്തിൽ കൊണ്ടും കൊടുത്തും നേതാക്കളുടെ വാക്പോര്. ഇന്നലെ നടന്ന രണ്ടാമത്തെതും അവസാനത്തേതുമായ ടെലിവിഷൻ സംവാദത്തിൽ ബ്രെക്സിറ്റിലൂടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കത്തിക്കയറിയപ്പോൾ എല്ലാ ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന എൻ.എച്ച്.എസിൽ പിടിച്ചായിരുന്നു പ്രിതിപക്ഷനേതാവ് ജെറമി കോർബിന്റെ മുന്നേറ്റം. 

നിക്ക് റോബിൻൺ അവതാരകനായെത്തിയ ഒന്നര മണിക്കൂർ ഷോയിൽ ടോറി- ലേബർ നേതാക്കൾ തങ്ങളുടെ നിലപാടുകളും നയപരിപാടികളും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായി ബി.ബി.സി.യിലൂടെ ജനങ്ങളോടു സംവദിച്ചു. 

സംവാദത്തിനു ശേഷം നടന്ന യൂഗവ് സംഘടിപ്പിച്ച സർവേയിൽ പ്രധാമന്ത്രി സ്ഥാനത്തേക്ക് 52 ശതമാനം പേരും ബോറിസ് ജോൺസണെയാണ് പിന്തുണച്ചത്. 48 ശതമാനം ജെറമി കോർബിനെ പിന്തുണച്ചു. 2016ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാൻ നടത്തിയ റഫറണ്ടത്തിലും ഇതിനു സമാനമായ ഫലമായിരുന്നു (52-48).

കൂടുതൽ വിശ്വസിക്കാവുന്ന പ്രധാനമന്ത്രി ജെറമി കോർബിനാണെന്ന് 48 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 38 ശതമാനം മാത്രമാണ് ബോറിസിനെ പിന്തുണച്ചത്. എന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ 62 ശതമാനം പേരും ബോറിസിന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണ്. 29 ശതമാനം മാത്രമാണ് കോർബിന്റ മൃതു സമീപനത്തെ പിന്തുണയ്ക്കുന്നത്.

പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുടെ കാര്യത്തിൽ 54 ശതമാനം ബോറിസിനെ പിന്തുണച്ചപ്പോൾ 30 ശതമാനമേ കോർബിന് പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് കരുതുന്നുള്ളൂ. തിരഞ്ഞെടുപ്പിന് ഇനി ആറു ദിവസം മാത്രം ശേഷിക്കെ ഏറ്റവും ഒടുവിൽ പുറത്തുവന്ന സർവേയനുസരിച്ച് ലേബറിനേക്കാൾ കൺസർവേറ്റീവുകൾ 12 പോയിന്റ് മുന്നിലാണ്. ഓരോ ദിവസവും ലേബറിന് പിന്തുണ കൂടിവരുന്നുണ്ടെങ്കിലും ചുരുങ്ങിയ ദിവസങ്ങളിൽ ജനവികാരം അനുകൂലമാക്കാൻ കൂടുതൽ മാന്ത്രികവിദ്യകൾ കണ്ടെത്തേണ്ടിവരും. 

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ സർവേകളിൽ ബഹുദൂരം മുന്നിലായിരുന്ന ടോറി പാർട്ടി, നേതാക്കളുടെ ആദ്യ ബിബിസി സംവാദത്തിനു ശേഷം സർവേകളിൽ പിറകോട്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. ജനപ്രിയമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കയറിത്തുടങ്ങിയ ലേബറിന് ബ്രെക്സിറ്റ് നിലപാടിലെ  വ്യക്തതക്കുറവാണ് മുന്നേറ്റത്തിന് തടസമായി നിൽക്കുന്നത്. 

ഇന്നലെ നടന്ന സംവാദത്തിലും കോർബിൻ ബോറിസിനു മുന്നിൽ പതറിയത് ബ്രzക്സിറ്റിൽ മാത്രമാണ്. ബ്രzക്സിറ്റ് നടപ്പാക്കി രാജ്യത്തിന് മുന്നോട്ടു പോകണമെന്നുണ്ടെങ്കിൽ തന്നെ പിന്തുണയ്ക്കണമെന്നായിരുന്നു ബോറിസിന്റെ അഭ്യർഥന. നിഷ്പക്ഷനായി നിന്നുകൊണ്ട് യൂറോപ്യൻ യൂണിയനുമായി കൂടുതൽ ചർച്ചകൾ നടത്തുകയും മറ്റൊരു ഹിതപരിശോധനയുടെ സാധ്യത പരശോധിക്കുകയും വേണമെന്നായിരുന്നു കോർബിന്റെ ബ്രzക്സിറ്റ് നിലപാട്. എന്നാൽ നിഷ്പക്ഷനായി നിന്ന് നിങ്ങൾക്ക് ചർച്ചയേ നടത്താനാകില്ല എന്ന് തിരിച്ചടിച്ച് ബോറിസ് ജോൺസൺ കോർബിന്റെ വാദങ്ങളെ തകർത്തെറിഞ്ഞു. ‘രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശനത്തിൽ നിഷ്പക്ഷനായി നിന്നിട്ട് എന്ത് കാര്യം. ഈ നിലപാട് നേതൃത്വത്തിന്റെ പരാജമായി മാറും’- ബ്രക്സിറ്റിൽ ബോറിസിന്റെ മറുപടി ജനങ്ങൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. 

എൻഎച്ച്എസിലെ പ്രവർത്തിദിനങ്ങൾ നാലാക്കി കുറയ്ക്കുമെന്നും പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാതാക്കുമെന്നും ഉൾപ്പെടെ വിവിധ വാഗ്ദാനങ്ങൾ കോർബിൻ സംവാദത്തിൽ ആവർത്തിച്ചു. ഇതിന് ഏറെ സ്വീകാര്യത ലഭിച്ചെങ്കിലും ബ്രെക്സിറ്റിനെക്കുറിച്ചുള്ള ചർച്ചയില്‍ ബോറിസിന്റെ ആധിപത്യം തടയാൻ കോർബിന് ആയില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com