ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇനി ബോറീസ് ജോൺസന്റെ യുഗമാണ്. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്നും അടർത്തിമാറ്റുന്ന ബ്രെക്സിറ്റുമായി ചേർത്താവും ഈ യുഗം എക്കാലവും ചരിത്രത്തിൽ രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ബോറീസിന് ബ്രെക്സിറ്റുമായി ചേർന്നുള്ള ബ്രട്ടീഷ് ചരിത്രത്തിൽ ഈ തിളക്കം നിലനിർത്താനാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. 

ബ്രെക്സിറ്റ് ഒട്ടും കാലതാമസമില്ലാതെ നടപ്പാക്കുമെന്നും അതുവഴി ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കുമെന്നുമായിരുന്നു തിരഞ്ഞെടുപ്പു വിജയത്തിൽ ബോറിസിന്റെ ആദ്യ പ്രതികരണം. ജനങ്ങളുടെ മനസിൽ ഉണ്ടായിട്ടുള്ള മുറിവുണക്കാനുള്ള സമയം ആരംഭിച്ചതായും ചരിത്രത്തിലാദ്യമായി കൺസർവേറ്റീവിന് വോട്ടുചെയ്ത ലേബർ അനുഭാവികളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന സമീപനമുണ്ടാകുമെന്നും ബോറിസ് പറയുന്നു. ബ്രെക്സിറ്റ് വിരുദ്ധരെ അവഗണിക്കുന്ന സമീപനം ഉണ്ടാകില്ലെന്ന ഉറപ്പോടുകൂടിയാണ് ബോറിസിന്റെ പുതിയ സ്ഥാനാരോഹണം. 

BRITAIN-EU

ബ്രെക്സിറ്റ് ഉടൻ, തടസപ്പെടുത്താൻ ആരുമില്ല

ജനുവരി 31നു മുമ്പുതന്നെ ബ്രെക്സിറ്റ് നടപ്പാക്കാനാകും പുതിയ സർക്കാരിന്റെ നീക്കം. ഇതിന് സ്വന്തം പാളയത്തിൽനിന്നോ പ്രതിപക്ഷത്തുനിന്നോ ഒരെതിർപ്പും ബോറിസിന് ഉണ്ടാകില്ല. ബ്രെക്സിറ്റിന്റെ പേരിൽ വിമത സ്വരമുയർത്തിയ എല്ലാവരെയും ഒഴിവാക്കിയാണ് ബോറിസ് സ്ഥാനാർഥിപ്പട്ടിക തന്നെ തയാറാക്കിയത്. 80 സീറ്റിന്റെ ഭൂരിപക്ഷവുമായി മൂന്നര പതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയത്തോടെ അധികാരത്തിലെത്തിയ ബോറീസിന് ബ്രെക്സിറ്റിൽ മാത്രമല്ല മറ്റൊരു വിഷയത്തിലും മുന്നിൽ കടമ്പകളില്ല. 1987ൽ മാർഗരറ്റ് താച്ചർ നേടിയ തുടർച്ചയായ മൂന്നാം വിജയത്തിനു തുല്യമായ വിജയമാണ് ഇക്കുറി ടോറികൾ ആവർത്തിച്ചിരിക്കുന്നത്. 

jeremy-corbyn

ലേബറിനെ നയിക്കാൻ ഇനി കോർബിനില്ല

ടോറിയിൽ ബോറീസിന്റെ യുഗപ്പിറവിയോടൊപ്പം ലേബർ പാർട്ടയിൽ ജെറമി കോർബിന്റെ യുഗാന്ത്യം കൂടിയായി ഈ പൊതു തിരഞ്ഞെടുപ്പ്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് മുഖമായും കമ്മ്യൂണിസ്റ്റ് മുഖമായും ഒക്കെ വിശേഷിപ്പിക്കപ്പെട്ട  കോർബിൻ ഇനിയൊരു തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഉടൻ ഒളിച്ചോടാനില്ലെങ്കിലും പാർട്ടി തന്റെ പിൻഗാമിയെ കണ്ടെത്തിയാലുടൻ സ്ഥാനൊഴിയുമെന്നാണ് മൂന്ന് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ധീരമായി നയിച്ച കോർബിന്റെ നിലപാട്. ഇത് എപ്പോൾ വേണമെന്ന് പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് തീരുമാനിക്കും. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ തനിക്ക് കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലുമുണ്ടായ തിരിച്ചടിക്ക് കാരണം ബ്രെക്സിറ്റ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മുന്നോട്ടുവച്ച നയപരിപാടികളിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോർബിന്റെ നേതൃത്വ പരാജയം മാത്രമാണ് പാർട്ടിയുടെ 80 വർഷത്തെ ഏറ്റവും വലിയ പരാജയത്തിനു കാരണമെന്ന അഭിപ്രായക്കാരും ലേബറിലുണ്ട്. 

Boris-Johnson-Jeremy-Corbyn

തലകുനിച്ച് ജോ. സ്വിൻസൺ 

തിരഞ്ഞെടുപ്പിൽ തലകുനിച്ച് രംഗം വിടേണ്ടിവന്നത് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ. സ്വിൻസണാണ്. ചരിത്രത്തിൽ ആദ്യമായി പാർട്ടിയെ നയിക്കാൻ നിയോഗം ലഭിച്ച വനിതാ നേതാവ്, സ്വന്തം മണ്ഡലത്തിലെ 149 വോട്ടിന്റെ തോൽവിയോടെ പാർട്ടി നേതൃസ്ഥാനത്തുനിന്നും ഒഴിയാൻ തയാറായിക്കഴിഞ്ഞു. സ്കോട്ടീഷ് നാഷണൽ പാർട്ടിയുടെ തേരോട്ടത്തിലാണ് ജോ. സ്വിൻസൺ കടപുഴകിയത്. ദേശീയ തലത്തിലും പാർട്ടിയുടെ പ്രകടനം നിരാശാജനകമായി കഴിഞ്ഞതവണത്തേക്കാൾ  ഒരു സീറ്റ്  കുറവാണ് പാർട്ടിക്ക്. ബ്രെക്സിറ്റ് റദ്ദാക്കുമെന്ന ശക്തമായ നിലപാടോടെ രംഗത്തുണ്ടായിരുന്നവരാണ് ലിബറൽ ഡെമോക്രാറ്റുകൾ. താൻ പ്രധാനമന്ത്രിയാകുമെന്നുപോലും പറഞ്ഞായിരുന്നു ജോ സ്വിൻസന്റെ പ്രചാരണങ്ങൾ. 

കഴിഞ്ഞതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ നയിച്ച മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗിനും സമാനമായ പരാജയമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്. പാർട്ടി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചപ്പോൾ നേതാവ് ഷെഫീൽഡ് മണ്ഡലത്തിൽ ദയനീയമായി പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് ജോ സ്വീൻസൺ നേതൃത്വം ഏറ്റെടുത്തത്. ഇപ്പോൾ അതേ വിധിതന്നെ അവർക്കും സംഭവിച്ചു. 

BRITAIN-ELECTION

ടോറികൾക്ക് ലഭിച്ചത് 365 സീറ്റ്

ആകെയുള്ള 650 സീറ്റിലെയും ഫലം പ്രഖ്യാപിച്ചപ്പോൾ 365 സീറ്റുകളാണ് ഭരണകക്ഷിയായ ടോറികൾക്ക് ലഭിച്ചത്. നിലവിലുണ്ടായിരുന്നതിനേക്കാൾ 47 സീറ്റുകൾ കൂടുതൽ. ലേബറിന് 203 സീറ്റുകൾ മാത്രമേ ലഭിച്ചൂള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ 59 സീറ്റുകൾ കുറവാണിത്. സ്കോട്ടീഷ് നാഷണൽ പാർട്ടി വൻ കുതിപ്പോടെ 48 സീറ്റുകൾ നേടി. കഴിഞ്ഞതിരഞ്ഞെടുപ്പിനേക്കാൾ 13 സീറ്റുകൾ കൂടുതൽ. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി-11, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി -2, മറ്റുള്ളവർ 15 എന്നിങ്ങനെയാണ് കക്ഷിനില. 

220 വനിതാ എംപിമാർ 

ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 650 അംഗങ്ങളിൽ 220 പേർ വനിതകളാണ്. 2017ൽ ഇത് 208 ആയിരുന്നു. ലേബറിന്റെ 203 എംപിമാരിൽ 104 പേരും വനിതകളാണ്. ആകെയുള്ള 4.8 കോടി വോട്ടർമാരിൽ 67.3 ശതമാനം പേരാണ് ഇക്കുറി പൊതു തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്. കഴിഞ്ഞതിരഞ്ഞെടുപ്പിലേതിനേക്കാൾ അൽപം കുറവാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com