ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്∙ കഴിഞ്ഞദിവസം ജര്‍മനിയില്‍ നിര്യാതയായ മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി അനില അച്ചന്‍കുഞ്ഞിന്‍റെ ആത്മശാന്തിക്കു വേണ്ടി അര്‍പ്പിക്കുന്ന ദിവ്യബലി ഡിസം. 13 ന് വൈകിട്ട് ആറിനു ഫ്രാങ്ക്ഫര്‍ട്ടിലെ തിരുഹൃദയ ദേവാലയത്തില്‍ നടക്കും .ദിവ്യബലിയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കാന്‍ ജര്‍മനിയിലെ സിറോ മലങ്കര സഭ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് ഏവരേയും സ്വാഗതം ചെയ്തു. സിറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര പുന്നമൂട് സെന്‍റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമാണ് അനില.

മാവേലിക്കര പുന്നമൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കേതില്‍ അച്ചന്‍കുഞ്ഞിന്‍റെ ഏകമകളാണ് അനില .അനിലയുടെ മാതാവ് മൂന്നു വര്‍ഷം മുൻപു മരിച്ചിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ശനിയാഴ്ച സൗഹൃദം പങ്കിട്ടതിനു ശേഷം ഞായറാഴ്ചത്തെ ഒത്തുകൂടലില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കള്‍ അനിലയെ തേടി താമസിക്കുന്ന സ്റ്റുഡന്‍റ് ഹോസ്റ്റലില്‍ എത്തുകയും മുറി പൂട്ടിക്കിടന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം ധരിപ്പിയ്ക്കുകയും പൊലീസെത്തി ഞായറാഴ്ച വൈകുന്നേരം മുറി ബലമായി തുറന്നപ്പോള്‍ മരിച്ചനിലയില്‍ അനിലയെ കണ്ടെത്തുകയുമായിരുന്നു.  മരണകാരണം ഇപ്പോഴും വ്യക്തമല്ല.

മൃതദേഹം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാവുകയുള്ളു. ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാവും. പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ കഴിയു. നടപടികള്‍ക്ക് സഹായകമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. 

ഈ മാസം ഏഴിന് രാത്രിയിലാണ് അനില വീട്ടുകാരുമായി അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ എട്ടിനു രാത്രി അനിലയുടെ പിതാവ് അനിലയുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുപത്തിയേഴുകാരിയായ അനില ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ അപ്ളെയിഡ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. കൂസാറ്റില്‍ ജോലി ചെയ്യവേ ഉന്നതപഠനത്തിനായി 2017 ലാണ് അനില ജര്‍മനിയിലെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com