ADVERTISEMENT

ലണ്ടൻ ∙ വിവാദമായ പൗരത്വ നിയമത്തെ എതിർത്തും പിന്തുണച്ചുമുള്ള പ്രകടനങ്ങളോടെ ഇന്ത്യൻ രാഷ്ട്രീയം ബ്രിട്ടനിലും ചൂടേറിയ ചർച്ചയാകുകയാണ്. ബില്ലിനെ എതിർത്ത് ഒഐസിസിയുടെയും മറ്റു പ്രതിപക്ഷ സംഘടനകളുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം വെസ്റ്റ് മിനിസ്റ്ററിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു. ഇതിനു മറുപടിയെന്നോണം ശനിയാഴ്ച അതേ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ മറ്റൊരു പ്രകടനവും അരങ്ങേറി. പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നവരുടെ ഊഴമായിരുന്നു ഇത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രതിനിധികൾ അടക്കമുള്ളവരും അണിചേർന്ന ഈ പ്രകടനത്തിന് ജനപങ്കാളിത്തം ഏറെയായിരുന്നു. പാക് അധിനിവേശ കശ്മീരിൽനിന്നുള്ള ഇന്ത്യാ അനുകൂലികളായ പ്രകടനക്കാരും ഇവർക്ക് ഐക്യദാർഢ്യവുമായെത്തി. ഇരുപതോളം പ്രവാസി സംഘടനകളുടെ ബാനറിലായിരുന്നു ഇവരുടെ പ്രകടനം. പൗരത്വ നിയമത്തെ കോൺഗ്രസും ഇടതു പാർട്ടികളും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം. 

അടുത്ത ശനിയാഴ്ച ബർമിങ്ങാമിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ഇടതു സംഘടനയായ സമീക്ഷയുടെ ആഭിമുഖ്യത്തിൽ നിയമത്തിനെതിരെ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങലയ്ക്ക് രൂപം നൽകും. ഇതിനെ പ്രതിരോധിക്കാനും നിയമത്തെ അനുകൂലിക്കുന്നവർ പദ്ധതി തയാറാക്കുന്നുണ്ട്. 

നിരവധി മലയാളികൾ ഇരുപക്ഷത്തും അണിനിരന്ന് പ്രകടനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പലരും സംഘാടകരായി തന്നെ മുന്നിട്ടിറങ്ങുന്നു. ഇന്ത്യൻ പാസ്പോർട്ട് തിരിച്ചു നൽകി, സ്വന്തം പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചശേഷമാണ്  കപട ദേശസ്നേഹത്തിന്റെ പേരിൽ ഇവരെല്ലാം തെരുവിൽ പടവെട്ടുന്നത് എന്നതാണു രസകരമായ വസ്തുത.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com