ADVERTISEMENT

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രക്സിറ്റ് ബില്ല് ഇന്നു യൂറോപ്യൻ പാർലമെന്റ് ചർച്ചചെയ്യും. ഉടമ്പടി വ്യവസ്ഥകൾക്ക് പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകുന്നതോടെ ബ്രക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. ഈ മാസം 31ന് രാത്രി 11നാണ്  ബ്രക്സിറ്റ് നടപ്പാകുന്നത്. 

ബില്ലിന്മേൽ വിഷദമായ ചർച്ചകൾക്കു ശേഷം രാത്രിയോടെ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 751 അംഗ പാർലമെന്റിൽ ബില്ലിനെ എതിർക്കുന്നവർ കുറവാണ്. ഈ സാഹചര്യത്തിൽ കേവലം ചരിത്രപരമായ ഒരു നിയോഗം പൂർത്തിയാക്കുക മാത്രമാണു പാർലമെന്റ് സമ്മേളനത്തിൽ ചെയ്യുന്നത്.  പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബില്ല് അംഗീകരിച്ച് ഒപ്പിട്ടിരുന്നു. 

ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബില്ല് കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി. 

യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയാകും ഇത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ ഇന്നു യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങും. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പതാക സ്ഥാപിക്കുക. 

31ന് അർധരാത്രി ബ്രക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രാധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com