ADVERTISEMENT

ലണ്ടൻ ∙ അഞ്ചുപതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ചു ബ്രിട്ടൻ യൂറോപ്യൻ യൂണിയനോടു വിടപറഞ്ഞത് സന്തോഷവും ദു:ഖവും ഒരുപോലെ പങ്കുവച്ച്. ബ്രെക്സിറ്റ് അനുകൂലികൾ വിടവാങ്ങൽ ആഘോഷമാക്കിയപ്പോൾ എന്നും ബ്രെക്സിറ്റിനെ എതിർത്ത സ്കോട്ടീഷ് ജനത ഈ ദു:ഖം മറയ്ക്കാൻ നന്നേ പാടുപെടുന്ന കാഴ്ചയാണ് ലോകം കണ്ടത്. തിരിതെളിച്ചും ദു:ഖം ഉള്ളിലൊതുക്കിയും അവർ നിസംഗതയോടെ എല്ലാത്തിനും സാക്ഷിയായി. രാജ്യത്താകെയുള്ള ബ്രെക്സിറ്റ് വിരുദ്ധരും ഇന്നലെ കാര്യമായ പരസ്യപ്രതികരണത്തിനു മുതിരാകെ മൗനത്തിലായിരുന്നു. 

യൂറോപ്യൻ യൂണിയനിൽനിന്നും ബ്രിട്ടൻ ഔദ്യോഗികമായി പുറത്തുവന്ന രാത്രി പതിനൊന്നുമണി മുഹൂർത്തത്തിൽ ബ്രിട്ടനിലെ പ്രധാന ഇടങ്ങളിൽനിന്നെല്ലാം യൂറോപ്യൻ പതാക ഒഴിഞ്ഞു. ആഘോഷകേന്ദ്രങ്ങളിലെല്ലാം പാറിക്കളിച്ചത് ബ്രിട്ടിഷ് ദേശീയ പതാക മാത്രം. ദേശീയ പതാകയുമായി നിരത്തിലിറങ്ങിയ ബ്രെക്സിറ്റ് അനുകൂലികൾ നാടെങ്ങും ആടിത്തിമിർത്തു. രാത്രിയോടെ പാർലമെന്റ് സ്ക്വയറിനു മുന്നിൽ സമ്മേളിച്ച പ്രകടനക്കാർ ബോറിസ് ജോൺസന്റെ വിടവാങ്ങൾ സന്ദേശം കേട്ടയുടൻ സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളെ ആഘോഷവേളയാക്കി. ബ്രെക്സിറ്റ് പാർട്ടി നേതാവും  മുഖ്യ പ്രചാരകനുമായിരുന്നു നൈജൽ ഫെറാജിന്റെ നേതൃത്വത്തിലായിരുന്നു പാർലമെന്റ് സ്ക്വയറിലെ ആഘോഷങ്ങൾ. മുൻകൂട്ടി തയാറാക്കിയ തന്റെ വിഡിയോ സന്ദേശം രാജ്യമൊട്ടാകെ പ്രചരിക്കുമ്പോൾ കുടുംബാംഗങ്ങൾക്കും ഓഫിസ് സ്റ്റാഫിനുമായി പാർട്ടി നടത്തിയാണ് ബോറിസ് ജോൺസൺ ബ്രെക്സിറ്റ് ആഘോഷിച്ചത്. 

രാജ്യം പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വിടവാങ്ങൾ സന്ദേശത്തിൽ ബോറിസ് പറഞ്ഞു. ഒരിക്കലും സംഭവിക്കില്ലെന്ന് അവർ കരുതിയ കാര്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇനി സർക്കാർ ശ്രമിക്കുകയെന്നും ബ്രെക്സിറ്റ് നടപ്പാക്കുന്നതിലൂടെ കുടിയേറ്റത്തിനു മേൽ സർക്കാരിന് നിയന്ത്രണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടാൻ ബ്രിട്ടന് സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. മീൻപിടുത്ത വ്യവസായത്തെ ഉൾപ്പെടെ സ്വതന്ത്രമാക്കാൻ നമുക്ക് സാധിച്ചു. എങ്കിലും യഥാർഥ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും ഒട്ടേറെ തടസങ്ങളെ മറികടക്കേണ്ടതുണ്ടെന്നും ബോറിസ് വ്യക്തമാക്കി. ബ്രസൽസുമായി കാര്യക്ഷമമായ വ്യാപാര കരാറുകളിൽ ഏർപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ലണ്ടനിലും മറ്റു വൻ നഗരങ്ങളിലും ആഘോഷം മുറുകിയപ്പോൾ എക്കാലവും ബ്രെക്സിറ്റിനെ എതിർത്ത സ്കോട്ട്ലൻഡിലെ സിറ്റി സെന്ററുകളിൽ  ഇതിനെതിരെ പ്രകടനങ്ങൾ ഉണ്ടായി. ബ്രെക്സിറ്റിൽ നിരാശരായവർ തിരിതെളിച്ച് വേർപാടിന്റെ വേദന മറച്ചു. മൗനമായ ഈ സ്കോട്ടീഷ് സമ്മർദം വരും ദിവസങ്ങളിൽ ബ്രിട്ടനിൽ വലിയ രാഷ്ട്രീയ സമ്മർദമാകുമെന്ന് ഉറപ്പാണ്. സ്വതന്ത്ര സ്കോട്ട്ലൻഡിനായുള്ള വാദം വീണ്ടും തലയുയർത്തിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com