ADVERTISEMENT

ബര്‍ലിന്‍ ∙ പാര്‍ട്ടി നേതൃത്വത്തിലേക്ക് അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവരെ കൈപിടിച്ചു കയറ്റുമ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് തന്റെ പിന്‍ഗാമി എന്ന നിലയില്‍ തന്നെയാണ് അംഗല മെര്‍ക്കലും പാര്‍ട്ടി അനുഭാവികളും അവരെ കണ്ടിരുന്നത്. രീതികളിലും നിലപാടുകളിലുമുള്ള സമാനതകള്‍ മിനി മെര്‍ക്കല്‍ എന്ന വിളിപ്പേരും അന്നഗ്രെറ്റിനു നേടിക്കൊടുത്തു.

എന്നാല്‍, മെര്‍ക്കലിന്റെ കഴിഞ്ഞ ടേം മുതല്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടികള്‍ക്ക് അന്നഗ്രെറ്റിലൂടെ പ്രതിവിധി പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധികളിലേക്കു നീങ്ങിയപ്പോള്‍ തീവ്ര വലതുപക്ഷം രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന പ്രവണത തുടരുകയും ചെയ്തു. ഒടുവില്‍, തുരിംഗനില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് എഎഫ്ഡിക്കാര്‍ നിശ്ചയിക്കുന്ന അവസ്ഥ വരെ വന്നു. അന്നഗ്രെറ്റിന്റെ കസേരയിലെ അവസാനത്തെ ആണിയും ഇളകിയത് ഇതോടെയാണെന്നു വേണം കരുതാന്‍.

പടിയിറക്കി വിടും മുന്‍പേ സ്വയം പടിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു അന്നഗ്രെറ്റ്. പാര്‍ട്ടി നേതൃത്വം രാജിവച്ച അവര്‍, ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കാനുമില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

തുരിംഗനിലെ രാഷ്ട്രീയ അട്ടിമറി തടയാന്‍ അന്നഗ്രെറ്റിനു സാധിച്ചില്ലെന്നു മാത്രമല്ല, ഇടക്കാല തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കാന്‍ തന്റെ പാര്‍ട്ടിയുടെ എംപിമാരെ പ്രേരിപ്പിക്കാന്‍ പോലും കഴിഞ്ഞില്ല.തുരിംഗന്‍ നാടകത്തിനു മുന്‍പു തന്നെ എകെകെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ പാളിപ്പോയ തീരുമാനങ്ങളും പറ്റിപ്പോയ രാഷ്ട്രീയ അബദ്ധങ്ങളും ജര്‍മനിയിലെ അടുത്ത വനിതാ ചാന്‍സലര്‍ എന്ന സാധ്യത കൂടിയാണ് ഇല്ലാതാക്കിയത്.  

തുരിംഗനിലെ  വോട്ട് പരാജയത്തെത്തുടർന്ന് സിഡിയു നേതാവിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിനുശേഷം, മെർക്കലിന്റെ സിഡിയു പാർട്ടി ആകപ്പാടെ സ്തംഭിച്ചിരിക്കയാണ്.

ജർമ്മൻ രാഷ്ട്രീയം ഇപ്പോൾ മന്ദതയിലുമാണ്, കാരണം ഭരണപ്പാർട്ടിയുടെ അനഭിമത കൂട്ടുകെട്ടിൽ രാജ്യത്തെ രാഷ്ട്രീയ മൂല്യശോഷണം കൈവന്ന അവസ്ഥയും മാത്രമല്ല ഏറ്റവും പുതിയ അധ്യായം അടുത്തത് എന്ത് എങ്ങനെ സംഭവിക്കും എന്നതിന്റെ അനിശ്ചിതത്വം വർധിപ്പിക്കുന്നു. 

ഡ്രെസ്‌ഡൻ ആസ്ഥാനമായുള്ള പൊളിറ്റിക്കൽ സയന്റിസ്റ്റ് വെർണർ പാറ്റ്‌സെൽറ്റ് പറയുന്നത്: ഒരു കാലത്ത് അഭിവൃദ്ധി പ്രാപിച്ച ജർമ്മനിയിലെ ഫോക്‌സ്‌പാർട്ടിയായ (പീപ്പിൾസ് പാർട്ടി) സിഡിയു, എന്നാൽ അടുത്ത കാലത്തായി പാർട്ടിയിലെ അന്തച്ഛിദ്രങ്ങൾ, കുറഞ്ഞു വരുന്ന ജനപിന്തുണ ഇതൊക്കെ കണക്കിലെടുത്താൽ  കടുത്ത പ്രതിസന്ധിയിലാണെന്ന് അംഗീകരിച്ചെ  മതിയാവു.സത്യത്തിൽ സിഡിയു പാർട്ടി പിളരാതെ നിൽക്കുന്നത് മെർക്കൽ എന്ന ഉരുക്കു വനിതയുടെ പ്രഭാവവും അവരുടെ കമ്മാണ്ടിങ് പൗവറിലുമാണ്. 

മെർക്കലിന് കീഴിൽ നടന്ന ഓപ്പൺ-ഡോർ ഇമിഗ്രേഷൻ നയം ഒരു പാർട്ടിയും രാജ്യവും വൻ പ്രതിസന്ധി സൃഷ്ടിച്ചു, അതാവട്ടെ കുടിയേറ്റ വിരുദ്ധത ഉയർത്തിക്കാട്ടി തീവ്ര വലതുപക്ഷ മൂവ്മെന്റായ അഫ്ഡിയുടെ ഉദയത്തിനു കാരണമായി. പിന്നീട് അവർക്കു പിന്തുണ ഗണ്യമായി വർധിക്കുകയും ചെയ്തു.

ഭാവിയിൽ സിഡിയുവിന് ഒരു പുതിയ നേതാവിനെയും ജർമ്മൻ ചാൻസലർഷിപ്പ് സ്ഥാനാർഥിയെയും കണ്ടെത്തേണ്ടതുണ്ട്. ചാൻസലർക്ക് ഇതുവരെ സാധ്യമായ നാലു പേരുകളുണ്ട് - മെർക്കലിന്റെ പഴയ എതിരാളിയായ ഫ്രീഡ്രിക്ക് മെർസ്, യുവ തുർക്കിയായ നിലവിലെ ആരോഗ്യമന്ത്രി യെൻസ് സ്പാൻ,   മെർക്കലിന്റെ പാർട്ടിക്കാരനും ജർമ്മനിയുടെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ നോർത്ത് റൈൻ-വെസ്റ്റ്ഫിയയുടെ മുഖ്യമന്ത്രിയുമായ അർമിൻ ലാഷെറ്റ്. ബവേറിയ മുഖ്യമന്ത്രിയും സിഡിയുവിന്റെ ബവേറിയൻ സഹോദരി പാർട്ടിയായ ക്രിസ്ത്യൻ സോഷ്യൽ യൂണിയന്റെ (സി‌എസ്‌യു) തലവനായ മാർക്കൂസ് സോഡർ എന്നിവർ ഇനി കൂടുതൽ പ്രചോദിതരാവും.

എന്നാൽ, ഇപ്പോൾ മെർക്കലിന്റെ നേതൃത്വം സജീവമാണ്, അടുത്ത വർഷം നാലാം കാലാവധി അവസാനിക്കുന്നതുവരെ ചാൻസലർ സീറ്റിൽ തുടരാനുള്ള അവരുടെ പദ്ധതികളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകാം.

പ്രാദേശിക തോൽവികളുടെ അടിസ്ഥാനത്തിൽ വലതുപക്ഷവും തീവ്ര വലതുപക്ഷത്തിന്റെ വളർച്ചയും സ്വന്തം റാങ്കിലുള്ള പ്രശസ്തിയെ ദുർബലപ്പെടുത്തിയതിനാൽ മെർക്കൽ പാർട്ടി നേതൃത്വം നേരത്തെ  ഉപേക്ഷിച്ചു. 2005 മുതൽ അധികാരത്തിലിരിക്കുന്ന മെർക്കൽ, താൻ വീണ്ടും ഉന്നത സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ജർമനിയിൽ ഇനിയെന്ത് എന്നുള്ള ചോദ്യം മാത്രം അവശേഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com