ADVERTISEMENT

അങ്കാറ ∙ അഭയാര്‍ഥികളെ തടയുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച കരാറില്‍ നിന്ന് തുര്‍ക്കി പിന്‍മാറിയ സാഹചര്യത്തില്‍ മനുഷ്യക്കടത്തുകാര്‍ മുതലെടുപ്പ് തുടങ്ങി. ആളൊന്നിന് 11 പൗണ്ട് ഈടാക്കി അഭയാര്‍ഥികളെ ഗ്രീസ് വഴി യൂറോപ്യന്‍  രാജ്യങ്ങളിലെത്തിക്കുന്ന സംഘം വ്യാപകമായി.

യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തെ തന്നെ ഇതു ബാധിച്ചു തുടങ്ങി. തുര്‍ക്കി പ്രസിഡന്റ്  എര്‍ദേഗനെതിരേ ഗ്രീസ് പ്രധാനമന്ത്രി പരസ്യ വിമര്‍ശനം ഉന്നയിച്ചു. അഭയാര്‍ഥികൾ ഗ്രീസിന്റെ സമുദ്ര, കര അതിര്‍ത്തികളിലേക്ക് വന്നു ചേരുന്നത് തുര്‍ക്കിയുടെ അനുമതിയോടെയാണെന്ന് ഗ്രീസ് പ്രധാനമന്ത്രി ആരോപിച്ചു. മനുഷ്യക്കടത്തുകാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുര്‍ക്കി അധികൃതര്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്നും ആരോപണം ഉയർന്നു.

ദശലക്ഷക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരും വൈകാതെ യൂറോപ്യന്‍ യൂണിയനെ ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങുമെന്ന് തുര്‍ക്കി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി .

അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കുന്നതു തടയുന്നതിന് 2016ല്‍ ഒപ്പുവച്ച കരാര്‍ ഇനി പാലിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. സിറിയന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അഭയാര്‍ഥികളുടെ പുതിയ പ്രവാഹം ഉണ്ടായിരിക്കുകയാണെന്നും, ഇതു നേരിടാന്‍ തുര്‍ക്കിക്കു സാധിക്കില്ലെന്നും എർദേഗൻ വ്യക്തമാക്കി.

സിറിയയില്‍ ആക്രമണം നടത്താനെത്തിയ തുര്‍ക്കി വിമാനങ്ങള്‍ സിറിയന്‍ വിമതര്‍ വെടിവച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് തുര്‍ക്കി യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ നിന്നു പിന്‍മാറിയിരിക്കുന്നത്. സ്വന്തം നിലയ്ക്ക് നടത്തിയ സൈനിക നീക്കമായിരുന്നതിനാല്‍ തുര്‍ക്കിക്ക് ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണ ലഭിച്ചിരുന്നില്ല.

നിലവില്‍ 3.7 മില്യന്‍ സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ കഴിയുന്നു. അഫ്ഗാനിസ്ഥാന്‍കാരും കൂട്ടത്തിലുണ്ട്. ഇവരെയൊന്നും ഇനി യൂറോപ്യന്‍ യൂണിയനിലേക്കു പോകുന്നതില്‍ നിന്നു തടയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഗ്രീക്ക് അതിര്‍ത്തിയിലൂടെ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാനാണ് ഇവര്‍ ശ്രമിക്കുക. അവിടെ നിന്ന് ജര്‍മനി അടക്കമുള്ള രാജ്യങ്ങളേക്കു കടക്കാന്‍ മാര്‍ഗം തേടും. 

2015ലേതു പോലെയുള്ള അഭയാര്‍ഥി പ്രവാഹം ഇനി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജര്‍മനി. അന്നത്തെ അഭയാര്‍ഥി പ്രവാഹം രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി വരയ്ക്കാന്‍ കാരണമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com