ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ തുടർച്ചയായ രണ്ടാംദിവസവും കോവിഡ് ബാധിച്ച് അഞ്ഞൂറിലേറെപ്പേർ മരിച്ചു. 569 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2921 ആയി.  33718 പേർക്കാണ് ഇതിനോടകം രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരിൽ 25 വയസുള്ള യുവാവും ഉൾപ്പെടുന്നു. പ്രശസ്ത ടെലിവിഷൻ അവതാരകനും കൊമേഡിയനുമായ എഡ്ഡി ലാർജും ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു. 

 

കോവിഡിനെതിരേ പൊരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ ബ്രിട്ടനിൽ ഇന്നലെ രാത്രി എട്ടിനും ജനങ്ങൾ വീടിനു പുറത്തിറങ്ങി കരഘോഷം മുഴക്കി. കോവിനെതിരായ പോരാട്ടം തുടരുന്നിടത്തോളം കാലം എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടിന് ഈ ആദരം തുടരും. 

 

കഴിഞ്ഞയാഴ്ച രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പ്രധാനമന്ത്രിയോടൊപ്പം രോഗബാധിതനായ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ പൂർൺ ആരോഗ്യവാനായി വാർത്താസമ്മേളനത്തിനെത്തി. രാജ്യത്താകമാനം ടെസ്റ്റിംങ് നടപടികൾ ഊർജിതപ്പെടുത്താനുള്ള നടപടികൾ അദ്ദേഹം വിശദീകരിച്ചു. ഈ മാസം അവസാനത്തോടെ പ്രതിദിനം 25,000 പേരെ വീതം പരിശോധനയ്ക്കു വിധേയരാക്കാൻ സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. 

 

90 മിനിറ്റുകൊണ്ട് ഫലമറിയുന്ന പുതിയൊരു പരിശോധനാ സംവിധാനത്തിന് ബ്രിട്ടൺ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചു. ‘’സാംബാ - രണ്ട്’’ എന്നറിയപ്പെടുന്ന ഈ ടെസ്റ്റിംങ് സംവിധാനം കേംബ്രിഡ്ജിലെ ഒരു ആശുപത്രിയിലാണ് പരീക്ഷിക്കുന്നത്. 

 

വിമാനങ്ങളെല്ലാം നിലത്തിറക്കിയ സാഹചര്യത്തിൽ ബ്രിട്ടീഷ് എയർവേസ് 36,000 ജീവനക്കാരെ തൽകാലത്തേക്ക് സസ്പെൻഡ് ചെയ്തു നിർത്താൻ തീരുമാനിച്ചു. പിന്നീട് ആവശ്യമുള്ള സമയത്ത് ഇവരെ തിരികെ വിളിക്കും. രോഗബാധ അതിരൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകളും പുറത്തുവന്നുതുടങ്ങി. 950,000 പേരാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് ബനഫിറ്റിനായി അപേക്ഷ സമർപ്പിച്ചത്. ഓവർഡ്രാഫ്റ്റ് ചാർജുകൾ മോർഗേജ് അടവുകൾ ഉൾപ്പെടെയുള്ള പലതിനും ബാങ്കുകൾ ഇളവ് പ്രഖ്യാപിച്ചു. 

 

സോഷ്യൽ ഡിസ്റ്റൻസിങ്ങിനുള്ള നിർദേശങ്ങൾ ലംഘിച്ച് കറങ്ങി നടക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പിഴ ഈടാക്കാൻ പൊലീസ് ആരംഭിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com