sections
MORE

ബ്രിട്ടനിലെ യഥാർഥ മരണം 44,000 കടന്നെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്, ഇന്നലെ മരിച്ചത് 545 പേർ

covid-19-uk
SHARE

ലണ്ടൻ∙ കോവിഡ് മരണനിരക്കിൽ ബ്രിട്ടനിലെ വാരാന്ത്യങ്ങളിലെ കണക്കിലെ കുറവ് താൽകാലികം മാത്രമാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ശനിയാഴ്ച മുന്നൂറിൽ താഴെയും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇരുന്നൂറിൽ താഴെയുമായിരുന്ന മരണനിരക്ക് ഇന്നലെ 545ൽ എത്തി. ഇതോടെ രാജ്യത്തെ മരണസംഖ്യ ഔദ്യോഗികമായി 35,341ൽ എത്തി. എന്നാൽ ഇതിലും പതിനായിരത്തോളം മരണങ്ങൾ നഴ്സിങ് ഹോമുകളിലും കമ്മ്യൂണിറ്റിയിലുമായി കൂടുതലായി സംഭവിച്ചിട്ടുണ്ടെന്നും ഇതുകൂടി ചേർത്താൽ രാജ്യത്തെ കോവിഡ് മരണങ്ങൾ 44,000നു മുകളിലാണെന്നുമാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

എന്നാൽ മരണനിരക്കിലും രോഗികളാകുന്നവരുടെ എണ്ണത്തിലും ആശുപത്രികളിൽ ചികിൽസ തേടിയെത്തുന്നവരുടെ എണ്ണത്തിലുമെല്ലാം സ്ഥായിയായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് സർക്കാർ ആവർത്തിക്കുന്നത്.

ഇതുവരെ 248,818 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റിങ്ങുകളുടെ കാര്യത്തിൽ സർക്കാർ ലക്ഷ്യമായ പ്രതിദിനം ഒരുലക്ഷം എന്നത് ഏതാനും ദിവസങ്ങളിൽ കൈവരിക്കാനായെങ്കിലും ഈ ടാർജറ്റ് സ്ഥിരമായി നിലനിർത്താൻ കഴിയുന്നില്ല. ഇന്നലെ 89,784 പേരെയാണ് ടെസ്റ്റിങ്ങിന് വിധേയരാക്കിയത്. ഈ സ്ഥിതി തുടർന്നാൽ ദിവസേന രണ്ടു ലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യം മാസാവസാനം കൈവരിക്കുക എളുപ്പമാകില്ല. 

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ചാൻസിലർ ഋഷി സുനാക് മുന്നറിിപ്പു നൽകി. രാജ്യത്ത് ഇതിനോടകം തന്നെ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ സംഖ്യ 21 ലക്ഷം കഴിഞ്ഞു.  

വേനൽക്കാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും പഴം, പച്ചക്കറി വിളവെടുപ്പു  ജോലികൾക്കായി എത്താറുള്ളവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ഈ സാഹചര്യത്തിൽ 80 ശതമാനം ശമ്പളം എന്ന സർക്കാർ ആനുകൂല്യം കൈപ്പറ്റി വീട്ടിലിരിക്കുന്നവർ ഈ തൊഴിലിന് തയാറാകണമെന്ന് സർക്കാർ അഭ്യർഥിച്ചു. 

രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം റദ്ദാക്കി. സെപ്റ്റംബർ 19 മുതൽ 23 വരെ ലിവർപൂളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഒക്ടോബറിൽ ഒരു ബാങ്ക് ഹോളിഡേ പുതുതായി അനുവദിച്ചേക്കും. സ്കൂൾ ഹാഫ് ടേമിനോട് അനുബന്ധിച്ചാണ് ഇത് പരിഗണിക്കുന്നത്. രാജ്യത്ത് ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. നിലവിൽ രണ്ട് ബാങ്ക് ഹോളിഡേയുടെ ഫലം ടൂറിസം വ്യവസായത്തിന് നഷ്ടമായ സാഹചര്യത്തിലാണ് ഇക്കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നത്. 

ലോക്ക്ഡൗണിന്റെ ഈ ദുരിതകാലത്ത് ബജറ്റ് എയർലൈനായ ഈസി ജെറ്റിന്റെ വെബ്സൈറ്റ് ഹാക്ക്ചെയ്ത് ദശലക്ഷക്കണക്കിന് കസ്റ്റമർമാരുടെ രഹസ്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി കമ്പനി സ്ഥിരീകരിച്ചു. 2,208 കസ്റ്റമർമാരുടെ ഇ-മെയിൽ വിലാസവും ക്രഡിറ്റ് കാർഡ് വിവരങ്ങളും  ഉൾപ്പെടെയാണ് ഹാക്കർമാർ ചോർത്തിയെടുത്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA