ADVERTISEMENT

ലണ്ടൻ∙ വന്ദേഭാരത് പദ്ധതിയിൽ പെടുത്തി കേരളത്തിലേക്ക് ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂ വിമാനത്താവളത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര തിരിച്ചു.  333 യാത്രക്കാരുമായി ലണ്ടനിൽ നിന്നുള്ള (എ1-130) എന്ന വിമാനം   മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തുക. കൊച്ചിയിൽ നിന്നും വിജയവാഡയിൽ  എത്തുന്നതോടെയാണ് ഈ വിമാനത്തിന്റെ സർവീസ് പൂർത്തിയാകുന്നത്.  ഇന്നു പുലർച്ചെ 2.45ന് മുംബൈയിൽ എത്തുന്ന വിമാനം അവിടെനിന്നും 4.45ന് പുറപ്പെട്ട് രാവിലെ 6.45നാണ് കൊച്ചിയിൽ എത്തുക. 596 പൗണ്ടാണ് ഓരോ യാത്രക്കാരനിൽ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കുന്നത്. ഇന്നലത്തെ വിനിമയനിരക്കിൽ 55,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്. ബിസിനസ് ക്ലാസിന് 1493 പൌണ്ടാണ് ടിക്കറ്റ് ചാർജ്. 

ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെ തിരികെ പോകാൻ താൽപര്യമറിയിച്ച് പേരു രജിസ്റ്റർ ചെയ്തവരിൽനിന്നും മുതിർന്നവർ, ഗർഭിണികൾ, രോഗികൾ, ഉറ്റവരുടെ ചികിത്സക്കും മരണാനന്തര ചടങ്ങുകൾക്കും എത്തേണ്ടവർ, വീസാ കാലാവധി അവസാനിച്ചവർ തുടങ്ങി വിദ്യാർഥികൾ വരെയുള്ള അത്യാവശ്യം നാട്ടിലെത്തേണ്ടവരെ, എംബസി തന്നെയാണ് തിരഞ്ഞെടുത്തത്. ഇവരെ പിന്നീട് എയർ ഇന്ത്യയിൽ നിന്നും ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു. 

എബസിയിൽ നിന്നും ബന്ധപ്പെടുകയും എന്നാൽ ഇന്നലെ രാവിലെ വരെ എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത 30 പേർ തങ്ങൾക്കു ലഭിച്ച ഇ-മെയിൽ അറിയിപ്പും അതോറിറ്റി ലെറ്ററുമായി എയർപോർട്ടിലെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച എയർഇന്ത്യ അധികൃതർ ഒടുവിൽ ഒഴിവുണ്ടായിരുന്ന ഏതാാനും ടിക്കറ്റുകൾ ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള വനിതകൾക്കു നൽകി ബാക്കി  25 പേരെ തിരിച്ചയച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലോക്ക്ഡൗൺ നിബന്ധനകൾക്കിടയിലും ഒട്ടേറ ദൂരം, മണിക്കൂറുകൾ കാറോടിച്ചും വൻതുക ടാക്സിക്കൂലി നൽകിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകൾ കാത്തുനിന്നശേഷം ഒടുവിൽ നിരാശരായി മടങ്ങേണ്ടിവന്നത്. 

ഹൈക്കമ്മിഷന്റെ പിടിപ്പുകേടാണ് ഇതിനു പിന്നിലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈഘട്ടത്തിൽ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നത് നറുക്കു വീണിട്ടും യാത്ര മുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കുന്നു. 

ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള ഒമ്പതാമത്തെ സ്പെഷൽ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനോടകം 2500ലധികം ഇന്ത്യക്കാർക്കാണ് പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്താൻ അവസരം ലഭിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com